സന്നദ്ധപ്രവർത്തകർക്കുള്ള മാർഗനിർദേശങ്ങളുമായി ആരോഗ്യ സുരക്ഷ ഗൈഡ്
text_fieldsദുബൈ: കോവിഡ് ദുരന്ത മേഖലകളിൽ സന്നദ്ധസേവനങ്ങൾ ചെയ്യുന്നവർക്ക് ദുബൈ പെർമനൻറ് ലേബർ കമ്മിറ്റി മാർഗനിർദേശങ്ങൾ അടങ്ങിയ ആരോഗ്യ സുരക്ഷ ഗൈഡ് പുറത്തിറക്കി. അറബി, ഹിന്ദി, ഇംഗ്ലീഷ്, ഉർദു ഭാഷകളിലാണ് മാർഗനിർദേശക ഗൈഡ് പുറത്തിറക്കിയത്. ലേബർ ക്യാമ്പുകളിലും മറ്റും മാനുഷിക സേവനങ്ങളും തൊഴിൽ കാര്യങ്ങളും ഏറ്റെടുക്കുന്ന വിവിധ സന്നദ്ധസേവകരുടെ ആരോഗ്യ-സുരക്ഷ സംരക്ഷിക്കാനുള്ളതാണ് ഗൈഡ്. ദുരന്തങ്ങളിലും പകർച്ചവ്യാധികളിലും ലേബർ ക്യാമ്പുകളിലെ ടീം വർക്ക് വളൻറിയർമാരുടെയും തൊഴിലാളികളുടെയും സുരക്ഷ നിലനിർത്തുന്നതിന് ആവശ്യമായ പ്രതിരോധ,
ആരോഗ്യ നടപടികൾ നിർവചിക്കാനുള്ള പി.സി.എൽ.എയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഗൈഡ് തയാറാക്കിയത്. കോവിഡ് -19 വ്യാപനം തടയാനുള്ള ഗവൺമെൻറിെൻറ ശ്രമങ്ങൾക്ക് അനുസൃതവുമാണ് മാർഗരേഖകൾ അടങ്ങിയ ഗൈഡ് വകുപ്പ് പുറത്തിറക്കിയത്. മൂന്ന് സന്നദ്ധ വിഭാഗങ്ങളെയാണ് മാർഗരേഖ ലക്ഷ്യംവെക്കുന്നത്. ലേബർ ക്യാമ്പുകൾക്കുള്ളിൽ തൊഴിൽ കാര്യങ്ങൾ ഏറ്റെടുക്കുന്ന സന്നദ്ധപ്രവർത്തകർ, മാനുഷിക ആശ്വാസങ്ങൾ നൽകുന്ന സന്നദ്ധസേവകർ, ദുരന്തങ്ങളിലും പകർച്ചവ്യാധികളിലും തൊഴിൽ അവബോധം വളർത്തുന്നതിൽ പ്രവർത്തിക്കുന്നവർ എന്നിവരെയാണ് ഇത് പ്രധാനമായും ലക്ഷ്യംവെക്കുന്നത്.
സന്നദ്ധപ്രവർത്തകരുടെ കൂട്ടായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനും സംഘടിപ്പിക്കാനും ചുമതലകൾ നിർവഹിക്കാനും വകുപ്പ് ഇതിലൂടെ നിർദേശം നൽകുന്നു. സന്നദ്ധപ്രവർത്തകർക്ക് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ നിർദേശങ്ങളും അത് പാലിക്കേണ്ടതിെൻറ ആവശ്യകതയും ഗൈഡ് വ്യക്തമാക്കുന്നുണ്ട്. ദുബൈ പൊലീസ് 999, ആംബുലൻസ് 998, ദുബൈ മുനിസിപ്പാലിറ്റി 993, ദുബൈ ഹെൽത്ത് അതോറിറ്റി എന്നിവയടക്കമുള്ള വകുപ്പുകളുടെ ടോൾ ഫ്രീ നമ്പറുകളും ബന്ധപ്പെട്ട അധികാരികളുടെ പട്ടികയും ഗൈഡിൽ ഉൾപ്പെടുത്തിട്ടുണ്ട്.
ദുബൈ എമിറേറ്റിലെ തൊഴിലാളികൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായാണ് ദുബൈ പെർമനൻറ് ലേബർ കമ്മിറ്റി പ്രവർത്തിക്കുന്നുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറലും പി.സി.എൽ.എ ചെയർമാനുമായ മേജർ ജനറൽ ഒബയ്ദ് മുഹൈർ ബിൻ സുറൂർ അറിയിച്ചു. വർഷം മുഴുവനും തൊഴിലാളികളുടെ സർവ പുരോഗതി പിന്തുടരാനും യു.എ.ഇയെക്കുറിച്ചും നിയമ ചട്ടങ്ങളെക്കുറിച്ചും അവരുടെ അവകാശങ്ങളും കടമകളും സംബന്ധിച്ചും തൊഴിലാളികളിൽ അവബോധം വളർത്തുന്നതിനും പി.എൽ.സി.എ കാര്യമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.