സുരക്ഷാകവചമൊരുക്കി ഷാർജ സെൻട്രൽ സൂക്ക് വീണ്ടും തുറന്നു
text_fieldsഷാർജ: അതീവ സുരക്ഷാസംവിധാനങ്ങളൊരുക്കി ഷാർജ സെൻട്രൽ സൂക്കിൽ വാണിജ്യപ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി ഷാർജ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. പാലിക്കേണ്ട കർശനമായ പ്രതിരോധനടപടികളും ആരോഗ്യ ആവശ്യകതകളും വ്യക്തമാക്കിയതിനുശേഷമാണ് പ്രവർത്തനം തുടങ്ങിയത്. ഇടനാഴികളിലും കടകൾക്കു മുന്നിലും തറയിൽ അടയാളങ്ങൾ സ്ഥാപിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഷോപ്പർമാർക്കിടയിൽ മതിയായ സുരക്ഷിത ഇടം നിലനിർത്തുന്നതും ഉൾപ്പെടുന്ന നിർദേശങ്ങൾ കർശനമായി സെൻട്രൽ സൂക്ക് പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രവേശനകവാടങ്ങളിലും ഉപഭോക്താക്കളുടെ താപനില പരിശോധിക്കാനും അവർക്ക് സാനിറ്റൈസറുകൾ നൽകുന്നതിനും കർശന നിർദേശം നൽകിയിട്ടുണ്ട്.
പ്രതിരോധനടപടികൾ പാലിക്കുന്നത് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി മാർക്കറ്റിനുള്ളിലെ സുരക്ഷാഗാർഡുകളെയും ഇൻസ്പെക്ടർമാരെയും വർധിപ്പിച്ചിട്ടുണ്ടെന്ന് ഉപഭോക്തൃ സേവന മേഖല അസിസ്റ്റൻറ് ഡയറക്ടർ ജനറൽ ഖാലിദ് ബിൻ ഫലാഹ് അൽ സുവൈദി ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങൾ നിർദേശങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഷാർജ സാമ്പത്തിക വികസന വകുപ്പുമായി (എസ്.ഇ.ഡി.ഡി) സഹകരിച്ച് ദിവസേന പരിശോധന നടത്തും. ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാൻ ഷോപ്പർമാർക്കും ജീവനക്കാർക്കും ബോധവത്കരണ പോസ്റ്ററുകൾ വിതരണം ചെയ്തു. മാസ്ക്കുകളും ഗ്ലൗസുകൾ ധരിക്കേണ്ടതിെൻറ പ്രാധാന്യം, രണ്ടു മീറ്ററിൽ കുറയാതെ സുരക്ഷിത അകലം പാലിക്കൽ, പണമടക്കാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക തുടങ്ങിയവ കാര്യങ്ങളാണ് പോസ്റ്ററിൽ ഉള്ളടക്കം ചെയ്തിട്ടുള്ളത്.