നിരോധിത വസ്തുക്കൾ ഉൾപ്പെടെ 3.5 ടൺ ഉൽപന്നങ്ങളുമായി ആറു വിദേശികൾ പിടിയിൽ
text_fieldsദുബൈ: അനധികൃതമായി വിൽപന നടത്തുന്നതിന് സൂക്ഷിച്ച പുകയില ഉൽപന്നങ്ങൾ ഉൾപ്പെടെ 3.5 ടൺ നിരോധിത വസ്തുക്കൾ സൂക്ഷിച്ചതിന് ആറ് ഏഷ്യക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധ വിൽപന ലക്ഷ്യമിട്ട് ഉൽപന്നങ്ങൾ വ്യാപകമായി സൂക്ഷിക്കുന്നതായുള്ള വിവരം ഓപറേഷൻ റൂമിന് ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ കണ്ടെത്തിയതെന്ന് ജബൽ അലി പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. അഡെൽ അൽ സുവൈദി പറഞ്ഞു.
വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്നു വാഹനങ്ങളിലായി പുകയില, വസ്ത്രങ്ങൾ, സമ്മാനങ്ങൾ എന്നിവ സംഭരിച്ചുവെച്ചതായി കണ്ടെത്തി. ദുബൈ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ നടത്തിയ നീക്കത്തിലാണ് ഉൽപന്നങ്ങൾ പിടിച്ചെടുത്ത് ആറുപേരെയും അറസ്റ്റ് ചെയ്തതെന്ന് ദുബൈ പൊലീസ് പറഞ്ഞു.
വാഹനങ്ങളുടെ ഡ്രൈവർമാരെ കണ്ടെത്തിയ പൊലീസ്, അവരിൽനിന്നുള്ള സൂചനകളെ തുടർന്ന് തൊഴിലാളികൾ താമസിക്കുന്നയിടങ്ങളിൽ ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതിന് നേതൃത്വം നൽകിയ മറ്റ് മൂന്നു പ്രതികളെയും പിടികൂടുകയായിരുന്നുവെന്ന് ബ്രിഗേഡിയർ അൽ സുവൈദി കൂട്ടിച്ചേർത്തു.