നഴ്സസ് ദിനം, ഒരു ഓർമ ചിത്രം
text_fieldsഅന്താരാഷ്ട്ര നഴ്സസ് ദിന വേളയിൽ വർഷങ്ങൾക്ക് മുൻപ് നഴ്സായി സേവനം അനുഷ്ഠിച്ചിരുന്ന എഴുത്തുകാരി ഷെമി ആരോഗ്യ പ്രവർത്തകരായ കൂട്ടുകാർക്ക് സമർപ്പിച്ച് അക്കാലത്തെ ഒരു ദിവസം ഒാർത്തെഴുതുന്നു
പ്രിയപ്പെട്ട മഞ്ജൂ...
20 വർഷങ്ങൾക്കുശേഷം ചൂട് ഭരിക്കുന്ന മരുഭൂ പശ്ചാത്തലത്തിലിരുന്ന്, തണുപ്പിെൻറ ആനുകൂല്യം അനുഭവിച്ചു കഴിയുന്ന നിനക്ക് ഇങ്ങനൊരു കത്തെഴുതാൻ കാരണം എന്താണെന്ന് നീ അതിശയിക്കുന്നുണ്ടാകും.
എല്ലാ തരക്കാരുടെയും മുഴുവൻ സമയവും ശ്രദ്ധയും അപഹരിക്കാൻ വ്യഗ്രനായിക്കൊണ്ടിരിക്കുന്ന ഒരേയൊരു വൈറസിനെ പേടിച്ച് ഇന്ന് ലോകമൊട്ടാകെ വീട്ടുതടങ്കലിൽ ആയപ്പോൾ എണ്ണമറ്റ വൈറസിനും ബാക്ടീരിയക്കുമിടയിൽ നിത്യബന്ധം പുലർത്തുന്ന ഒരു വിഭാഗക്കാരുണ്ടല്ലോ.
സ്ഥിരം വേദനകൾ കണ്ട് വേദനിക്കാൻ വിധിക്കപ്പെട്ടവർ...
കുടുംബങ്ങളുടെ കറവക്കാലികളുമായ ഇക്കൂട്ടർക്ക് എല്ലാവർക്കുമെന്ന പോലെ അവകാശപ്പെടാൻ ഒരു ദിവസം നീക്കിവെച്ചിട്ടുള്ളതിനാൽ ആ ദിവസത്തിൽ 18 വർഷം മുമ്പ് സംഭവിച്ച ഒരു കാര്യത്തെ കുറിച്ച് നിന്നോടെങ്കിലും പറയണമെന്ന് എനിക്ക് തോന്നുന്നു. വിരൂപമായ ശരീരമാണെങ്കിലും അടുത്തുവരുമ്പോൾ ആരെയും ആകർഷിക്കാൻ പ്രേരിപ്പിക്കുന്ന ആർദ്രസ്വഭാവവും സുന്ദരഭാവവും എനിക്കുമുണ്ടായിരുന്നില്ലേ എന്ന വിശ്വാസ ദുഃശീലം ഇപ്പോഴുമുള്ളത്കൊണ്ടാവും ഇത്രയേറെ വർഷങ്ങൾ ജാള്യം കാരണം ഒളിപ്പിച്ചിരുന്ന ഒന്ന് ഇപ്പോൾ പറയാൻ ഒരുമ്പെടുന്നത്.
സംഭവ വർഷം 2003.
ഒരു വർഷത്തോളം എനിക്ക് പോസ്റ്റിങ് അൺനോൺ കേസുകൾ ഡംപ് ചെയ്തിരിക്കുന്ന ആ വാർഡിലായിരുന്നു... അന്ന് അതിസുന്ദരനായ ഒരു കണ്ണ്പൊട്ടെൻറ പ്രണയമേറ്റ് കഴിയുന്ന സാഹചര്യമായിരുന്നതിനാൽ ചിന്താസുരഭിലമായ ലളിതജീവിതമായിരുന്നു എേൻറത്. വൈകുന്നേരം കഴിഞ്ഞപ്പോൾ ഞാൻ സ്റ്റാഫ് ഹോസ്റ്റാലിലെ പരിമിതസൗകര്യത്തിൽനിന്ന് പാചകം ചെയ്ത വെള്ളം ഊറാത്ത ചോറും, വഴുതന മെഴുക്കുപുരട്ടിയതും ആമാശയത്തെക്കാൾ ചെറിയ ഒരു ടിഫിൻ പാത്രത്തിലാക്കി നൈറ്റ്ഡ്യൂട്ടിക്കായി പുറപ്പെട്ടു. വൃത്തികെട്ടതും അസുഖകരവുമായ സ്ഥലത്തു ചണ്ടികൾ ചൊരിയുംപോലെ സമൂഹവർത്തികളും നിയമപാലകരും കൊണ്ടു കളയുന്ന കുറെ ജീവനുള്ള ചവറുകളാണ് രോഗികളെന്ന പേരിൽ ആ വാർഡിലുണ്ടായിരുന്നവർ. അവരുടെ ശരീരങ്ങളിലൊന്നിലും രോഗാണുക്കളുടെ കൊടിയ ഉപദ്രവങ്ങളേ അല്ല. മറിച്ച് പ്രയോജന ശൂന്യ വസ്തുക്കളാക്കി വലിച്ചെറിഞ്ഞതിെൻറ ദുഃഖം ബാധിച്ച ക്ഷീണമായിരുന്നു. അതാണെങ്കിൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത, മരണത്തിൽ മാത്രം കലാശിക്കുന്ന രോഗവും. ജോലി തുടങ്ങാനുള്ള ഒരുക്കമായി ചെയ്തു പഴകിയ പതിവ്പ്രവൃത്തിക്കിടെയാണ് ആ നഴ്സിങ് സ്റ്റുഡൻറ് വന്നത്. കൗമാര കോമളമായ മുഖത്ത് വ്യക്തമാക്കി ഒരു ശുചിസ്മിതം നിലനിർത്തിയിരിക്കുന്നു. അതിസുന്ദരപദം അനുവദിക്കാൻ പറ്റില്ലെങ്കിലും അകക്കൂടി ഒരു അവയവപൊരുത്തമുണ്ട്. കൈകാലുകളും മുഖവും മെയ്യുമെല്ലാമായി വിവിധ ഭാഗങ്ങളുടെ ശരിയായ യോജിപ്പ് കൊണ്ടുണ്ടായ ഒരു പ്രത്യേക ഭംഗി. ‘‘ചേച്ചീ... എനിക്കീയാഴ്ച ഇവിടേണ് പോസ്റ്റിങ്. പക്ഷേ എെൻറ ഫ്രണ്ട് ജെറിയാട്രിക് വാർഡിലുണ്ട്. ഞാനും അവിടേക്ക് പൊയ്ക്കോട്ടേ’’ ശോച്യവും ഹീനവുമായ വാർഡിൽ ക്ലിനിക്കൽ പ്രാക്ടിസ് ചെയ്യാൻ മടിക്കുന്നതും സെൻസസ് കുറവുള്ള ജെറിയാട്രിക് വാർഡിൽ കൂട്ടുകാരിക്കൊപ്പം സൊറ പറഞ്ഞു നൈറ്റ് കഴിക്കാനുമുള്ള പ്രായപരതയ്ക്കും മുന്നിൽ എതിര് പറയാത്ത എെൻറ തലയാട്ടം നിലക്കും മുമ്പ് അവൾ ഇറങ്ങിയോടി.
വാർഡ് വരാന്തയിൽ വരിക്കിട്ടിരിക്കുന്ന ബെഡുകളിൽ പരസഹായം അർഹിക്കുന്നവരിൽനിന്ന് ഒന്നിന് പിമ്പേ മറ്റൊന്നെന്ന രീതിയിൽ ഉണ്ടാകുന്ന ഓളങ്ങളുടെ തുടർച്ച പോലെ പ്രായകാലഘട്ടത്തിേൻറതായ ഞരക്കങ്ങൾ ഉയർന്നു. ദയനീയത സാക്ഷ്യപ്പെടുത്തിക്കിടക്കുന്ന അവരുടെ തലഭാഗത്തു തണുത്ത അവസ്ഥയിൽ അത്താഴപാത്രമിരിപ്പുണ്ട്. ആ കിടപ്പ് രോഗികളെ ആഹാരം കപ്പിഴിക്കാൻ ചുമതലപ്പെട്ട നിയമനക്കാർ, ചോദിച്ചാൽ കൊടുത്തിട്ടുണ്ട് എന്ന് പറയാൻ വേണ്ടി മാത്രം വിളമ്പിവെച്ചിട്ടുപോയതാണ്. ഊട്ടുന്ന ജോലി എേൻറതല്ലാത്തതുകൊണ്ട് ഞാനവിടുന്നു നീങ്ങി. എന്നാൽ ഒസ്വാസ് ദീനമുള്ള ഹൃദയം ആ പ്രവൃത്തിക്കുപക്ഷം പിടിക്കാതെ പുച്ഛ പ്രകടനത്തിൽ നിൽക്കയുണ്ടായി. ആയതിനാൽ എെൻറ ഒഴിയാബാധതോന്നലിന് സ്വസ്ഥ നിവൃത്തി വരുത്താൻ അവർക്ക് വാരി കൊടുത്തേക്കാമെന്ന് വെച്ചു. ആദ്യ ബെഡിൽ അർധ തളർച്ചയിൽ കിടക്കുകയായിരുന്ന രോഗിയുടെ വായ്ക്കുള്ളിലേക്ക് നാലാമത്തെ ചോറുരുള എത്തിച്ചതും തരിപ്പിൽ കയറിയ പോലെ അയാൾ ആഞ്ഞുചുമച്ചു. ഊക്കിൽ തെരുതെരെ ആട്ടിപ്പുറത്താക്കുകയും ചെയ്തു. അയാളുടെ കുടലിൽ കൊള്ളിക്കാതെ ചന്നമേളം പോലെ തിരസ്കരിച്ച ആ ഛർദിൽ വസ്തുക്കൾ എെൻറ വെള്ള വസ്ത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
അതേസമയം, തന്നെ എൻറാമാശയത്തിൽ ഒരു രാസ പ്രവർത്തനം അരങ്ങേറിയതിെൻറ സ്വാധീനത്താൽ തത്തുല്യമായ ഒരു പുളിച്ച സാധനം പുറംവരാനുള്ള പ്രവണതയുണ്ടായതും നഴ്സസ് മുറിയിലേക്ക് ദ്രുതഗതിയിൽ നടന്നു. രൂക്ഷനാറ്റമുള്ള ഛർദിൽ കഴുകിക്കളയാൻ സെക്കൻഡ് ഗ്രേഡ് ചേച്ചി സഹായിച്ചെങ്കിലും അതിെൻറ സ്മാരക ചിഹ്നം കണക്ക് ഒരു വലിയ മഞ്ഞക്കറ ഒരു ഭൂപടം പോലെ എെൻറ യൂണിഫോമിൽ തമ്പടിച്ചു. തൽക്കാല ഇടവേളക്കുശേഷം ചെന്ന് തീറ്റിക്കൽ പണി പൂർത്തിയാക്കാൻ തുനിയുമ്പോഴാണ് നിറുത്താതെ ഞരങ്ങി മലിനമാക്കുന്ന മറ്റൊരാളെ നോക്കാൻ നിർബന്ധിതയായത്. മൂത്രത്തിൽ ശയിച്ചിരിക്കുകയാണ് ഡയബറ്റിക് വൂൺഡ് ഉള്ള മനുഷ്യൻ. ഈർപ്പ സഹവാസത്താൽ ഉണങ്ങാത്ത വ്രണത്തിൽ നിന്നുണ്ടാകുന്ന മണത്തെ അതിജീവിക്കണമെങ്കിൽ മൂക്കിന് അഗാധമായ അനുതാപ ഗുണം വേണമെന്നുള്ളത് നിനക്ക് അറിയാമല്ലോ...
ഭാഗികമായി വസ്ത്രം ധരിച്ചു കിടന്നവസ്ഥയിലുള്ള ആ രോഗാർത്തനെ ഉടുപ്പിക്കുകയും പുതപ്പിക്കുകയും ചെയ്യുന്നതിന് ഇടയിൽ അച്ചുതണ്ട് ഒടിഞ്ഞ പോലെ ഞാനയാൾക്ക് മേലെ തന്നെ ഇടിഞ്ഞുകെട്ടി വീഴുകയും ചെയ്തു. ഗുരുത്വാകർഷണമില്ലാത്ത തടിയും വെച്ചാ പണിക്കെല്ലാം മുതിർന്നത് എന്തിനായിരുന്നു എന്ന ഉൾശകാരവും അന്നേരത്തുണ്ടായി. എന്നിട്ടെന്തു പറയാനാ, മൂത്രവും ഛർദിലുമെല്ലാം തീണ്ടി ഞാൻ ആകപ്പാടെ അവതാളത്തിലായി ആ രാത്രി തീർന്നു. രാവിലെ രോഗികൾക്ക് ലഭിക്കേണ്ടതായ ഡ്യൂ മെഡിസിൻ കൊടുത്തുകൊണ്ടിരിക്കെയാണ് കറുത്ത കാമറാബാഗും തോളിൽ തൂക്കി ആ ചെറുപ്പക്കാരൻ കയറിവന്നത്.
എെൻറ സംശയ ചോദ്യഭാവത്തിന് വിധേയനായ ഉടൻ നയശീലശബ്ദത്തിൽ പറയുകയുണ്ടായി. ‘‘നാളെ നഴ്സസ് ഡേക്ക് പത്രത്തിൽ ഇടാൻ ഒരു ഫോട്ടോ വേണം.’’ കേട്ടുടൻ താൽപര്യക്കുറവ് കാണിച്ചെങ്കിലും അത് പൊള്ളയാണെന്ന് അയാൾക്കും കൃത്യമായി മനസ്സിലാകും. ബോധവും ബുദ്ധിയും ഇച്ഛാശക്തിയും പുറപ്പെടുവിക്കുന്ന ഒരവയവം ഒളിപ്പിക്കുന്ന മനുഷ്യവംശജയാണല്ലോ ഞാനും. പത്രവരിക്കാരായ കോടിക്കണക്കിന് ആളുകളിൽ എെൻറ ചിത്രം പതിക്കാൻ പോകുന്ന ഭാവിയിലേക്ക് ഞാൻ സങ്കൽപപ്രവേശനം ചെയ്തു. അതേ കുറിച്ചോർത്തപ്പോൾ സംഭവിക്കാൻ പോകുന്ന സുഖാനുഭവം ആ നിമിഷംതന്നെ ലഭിക്കുകയുമുണ്ടായി. എന്നാലും ഒരു കൃത്രിമ ഗാംഭീര്യം ഉപയോഗിച്ച് ഞാൻ നിന്നു. അയാൾ വാർഡ് മൊത്തം നടന്ന് കണ്ണോട്ടം നടത്തി അവശതയും അനുഭാവവും ഒരുപോലെ ഉളവാക്കുന്ന, എന്നാൽ പൂർണമായി കിടപ്പവസ്ഥ ബാധിച്ചിട്ടില്ലാത്തതുമായ ഒരു മോഡലിനെ തിരഞ്ഞെടുത്തു. രോഗിയെ അതീവസ്നേഹത്തോടെ പരിചരിക്കുന്ന പോസ് ആണ് വേണ്ടത്.
പല്ലുതേപ്പ് പോലും സ്വയം നിവർത്തിച്ച് ഇരിക്കുന്ന രോഗിയെ ഏത് ഡെമോ കാണിച്ചാണ് ഛായാഗ്രാഹകൻ നിർമിക്കാൻ ഉദ്ദേശിക്കുന്ന സംഗതിയെ സഫലീകരിച്ചു കൊടുക്കുക. ഒടുവിൽ ഞങ്ങൾ സഹകരിച്ചു ചിന്തിച്ച്, ഊഷ്മാവ് അളക്കുന്ന പോസ് ആക്കാമെന്ന് തീരുമാനിച്ചു.
ഒരാഴ്ച മുമ്പേ കലക്കിവെച്ച ഡിസ്ഇൻഫെക്ടൻറ് ലായനിയിൽനിന്നും തെർമോമീറ്റർ എടുത്തു കാലിച്ചായ പോലും കയറാത്ത വായിലേക്ക് വെച്ച് കൊടുത്തു പോസ് ചെയ്തു. സത്യമായിട്ടും അപ്പോഴാണാ രോഗിക്ക് നേരെ എനിക്ക് വ്യാജമല്ലാത്ത സഹതാപഭാവം ഉണ്ടായത്. അത് പകർത്തിയ ഫോട്ടോഗ്രാഫർ പേക്ഷ തൃപ്തനായില്ല.
ചിരി പ്രദർശിപ്പിച്ചുകൊണ്ട് ചെയ്യാൻ നിർദേശിക്കുകയുണ്ടായി. എന്നാൽ അങ്ങനെ ചെയ്തപ്പോഴാകട്ടെ ഒരുമ്പെട്ട് നിൽക്കുന്ന എെൻറ തുറിപ്പല്ലുകളെ അകത്തടക്കുക തന്നെയാണ് വൃത്തിയെന്ന് വാക്കില്ലാതെ പറഞ്ഞു.
ആ സമയത്താണ് എെൻറ ആഗ്രഹത്തെ ഉപദ്രവിക്കാനും അയാളുടെ ഉദ്ദേശ്യത്തെ നടപ്പിലാക്കി കൊടുക്കാനുമായി ആ വിദ്യാർഥിനി വീണ്ടും വന്നത്.‘‘ചേച്ചീ, ഡ്യൂട്ടി കഴിഞ്ഞു, പൊക്കോട്ടെ.’’ മുഖത്ത് ഉപകാരം മറന്നിട്ടില്ലാത്ത പ്രതീകമായി ചെറു മന്ദഹാസം നീട്ടിവെച്ചിട്ടുണ്ട്.
മറുപടിയായത് ഉത്സാഹിയായ ഫോട്ടോഗ്രാഫറിൽനിന്നാണ്. എെൻറ റോൾ അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. ആ സന്ദർഭത്തിൽ എെൻറ കൂട്ടുകാരീ... ഈർപ്പ പരിചയമില്ലാത്ത പോലായി എെൻറ ചുണ്ടുകൾ. ഒരു വർഷമായി ഞാൻ ഇടപഴകിക്കൊണ്ടിരുന്ന കീഴ്ജീവനക്കാരിക്കും അവശപീഡിതർക്കും മുന്നിൽ ഉണ്ടെന്ന് സ്വയം പറഞ്ഞാശ്വസിപ്പിക്കാറുണ്ടായിരുന്ന എെൻറ സൗന്ദര്യത്തിന് വില താഴ്ച ഉണ്ടായ അവസ്ഥ. ഫോട്ടോഗ്രാഫർ ആവേശത്തോടെ പോസ് പണിയുമ്പോൾ ആ പ്രവൃത്തിയോട് ഒരു മുഷിപ്പും എതിർപ്പും ഇല്ലായെന്ന് ഭാവിച്ചുനിന്നെങ്കിലും പ്രതിരൂപങ്ങൾ ശേഖരിക്കാൻ കഴിവുള്ള ആ കാമറയിൽ, എെൻറ ഉള്ളിൽ തങ്ങിനിൽക്കുന്ന അപമാനനോവ് പകർത്തപ്പെട്ടാലോ എന്ന് വിഡ്ഢിത്തമായി സങ്കോചിച്ചു.
പിന്നെ അവിടെ ഏൽപിച്ച സാന്നിധ്യം അർഹതയില്ലാത്തിടത്ത് ഇടപെടുംപോലെ ആയിത്തീർന്നപ്പോൾ കാഴ്ച നോക്കിനിൽപുപേക്ഷിച്ചു പിന്തിരിഞ്ഞു. പിറ്റേന്ന് ഹോസ്റ്റൽ മുഖത്ത് ശുദ്ധമായ പത്രം വന്നു വീണു. ഇന്ന് ലോക നഴ്സസ് ദിനം. ഫ്രണ്ട് പേജിൽ തന്നെയുണ്ട് ഭംഗി ചിത്രം.‘‘ഇത് നമ്മുടെ സെക്കൻഡ് ഇയർ കൊച്ചാണല്ലേ, ഇതേതാ വാർഡ്? ’’ ഹോസ്റ്റൽവാസികളായ സഹപ്രവർത്തകരുടെ ആത്മഗതം. തോൽവി പങ്കിടാൻ ഉദ്ദേശ്യമില്ലാത്തതിനാൽ, ഉണ്ടായ ഹൃദയപ്രയാസം കണ്ണ് പൊട്ടൻ കാമുകനോടും പറഞ്ഞില്ല. രോഗാലയത്തിലെ മറ്റുള്ളവർക്ക് മടുപ്പിക്കുന്ന മണത്തിൽനിന്നും നമ്മൾ ധൈര്യമായി ശ്വസിക്കാറില്ലേ, അത് പോലൊരു ധൈര്യത്തോടെ തന്നെ ആ കയ്പ്പിനെ ദീർഘമായി ശ്വസിച്ചു ആശ്വസിക്കാൻ ശ്രമിച്ചു. കണ്ണുകളെ തൃപ്തിപ്പെടുത്തേണ്ടവയെ സ്ക്രീനിൽ ഉൽപാദിപ്പിക്കാൻ കഴിവില്ലെങ്കിൽ അയാളാ വലിയ പത്രത്തിെൻറ ഫോട്ടോഗ്രാഫർ പദവിയിലിരിക്കില്ലല്ലോ.