‘യോഗ്യന്മാർ’ നാട്ടിലെത്തി; അർഹർ പടിക്കുപുറത്ത്
text_fieldsദുബൈ: കാത്തിരുന്ന് കാത്തിരുന്ന് നാട്ടിലേക്ക് വിമാനമെത്തിയപ്പോൾ കയറിപ്പറ്റിയതിലേറെയും അനർഹർ. നാട്ടിൽനിന്നുള്ള രാഷ്ട്രീയ ഇടപെടലും എംബസി ഉദ്യോഗസ്ഥരുടെയും ചില സംഘടനകളുടെയും താൽപര്യങ്ങളും മാനദണ്ഡം നിശ്ചയിച്ചതിലെ പാളിച്ചയുമാണ് വിദേശരാജ്യങ്ങളിൽനിന്നുള്ള ഇന്ത്യൻ വിമാനത്തിൽ അനർഹർ ഇടംപിടിക്കാൻ കാരണമായത്. ഗൾഫിലെ വൻകിട സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ഒരു രോഗവുമില്ലാത്തവരും നിലവിൽ ജോലിയുള്ളവരും കയറിപ്പറ്റിയപ്പോൾ ഗർഭിണികളും കടുത്ത രോഗബാധിതരും ജോലി നഷ്ടപ്പെട്ട് ലേബർ ക്യാമ്പുകളിൽ കഴിയുന്നവരും പടിക്കുപുറത്തായി. യാത്രയാകുന്നവരുടെ പട്ടിക നേരത്തേ പുറത്തുവിട്ടാൽ സുതാര്യത ഉറപ്പാക്കാമെന്നിരിക്കെ ഇത് മറച്ചുവെച്ചാണ് ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നത്.
ആദ്യ മൂന്നു ദിവസത്തിനിടെ മലയാളികൾ ഉൾപ്പെടെ 1373 പേരെയാണ് പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിച്ചത്. ഞായറാഴ്ച എട്ടു വിമാനത്തിലായി 1500ഒാളം പേർ കൂടി നാട്ടിലെത്തിയിട്ടുണ്ട്. ഇതിൽ 25 ശതമാനമെങ്കിലും അനർഹർ കയറിക്കൂടിയതായാണ് വിവരം. യു.എ.ഇയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിലെ ഉന്നതനും ആറംഗ കുടുംബവും വീട്ടു ജോലിക്കാരിയും ആദ്യ വിമാനത്തിൽ തന്നെ കേരളത്തിലെത്തി. 34 ആഴ്ച പിന്നിട്ട ഗർഭിണികളെയും അടിയന്തര ചികിത്സ ആവശ്യമുള്ള വയോധികരെയും അവഗണിച്ചാണ് ഇത്തരം കുടുംബ സമേത യാത്രകൾ നടമാടിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജോലിയും വിസയുമുള്ള പലരും സ്വാധീനമുപയോഗിച്ച് വിമാനത്തിൽ ഇടംപിടിച്ചു. കേന്ദ്ര മന്ത്രിസഭയിൽ പിടിപാടുള്ളവർ എംബസി ഉദ്യോഗസ്ഥർ വഴി നടത്തുന്ന ഇടപെടലിലാണ് കൂടുതൽ പേരും ലിസ്റ്റിൽ കയറിപ്പറ്റുന്നത്. ജോലി നഷ്ടമായവർ എന്ന ഗണത്തിൽപെടുത്തിയാണ് ഇവരെ നാട്ടിലേക്ക് കടത്തുന്നത്. എന്നാൽ, ജോലി നഷ്ടപ്പെട്ടതിെൻറ രേഖയൊന്നും ഇവരോട് ആവശ്യപ്പെടുന്നില്ല. പട്ടികയിൽ ഉൾപ്പെട്ടവർക്ക് കൃത്യമായ വിവരം നൽകാതെ ആളെത്തിയില്ലെന്നുപറഞ്ഞ് അവസാന നിമിഷം ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. നാട്ടിലേക്ക് പോകാൻ തയാറാകണമെന്ന നിർദേശം ലഭിച്ചിട്ട് പിന്നീട് ഒരു അറിയിപ്പും ലഭിക്കാത്തവരുമുണ്ട്. എംബസിയിലും കോൺസുലേറ്റിലും വിളിച്ചാൽ ഫോൺ കിട്ടുന്നത് അപൂർവമാണ്. യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലാണ് ഇത്തരം കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കോവിഡ് മൂലം ഭർത്താവ് മരിച്ച് സൗദിയിൽ ഒറ്റപ്പെട്ട ഖമറുന്നിസ, യു.എ.ഇയിൽ മരുന്നില്ലാതെ ബുദ്ധിമുട്ടുന്ന ഷൈനിയും ജമീലയും മെഹ്ദുന്നിസയും ഉമ്മുവുമ്മയും, ശസ്ത്രക്രിയ നിശ്ചയിച്ച-ഇൻഷുറൻസ് ഇല്ലാത്ത ഗർഭിണികൾ... ഇങ്ങനെയുള്ള അനേകം പേരെ കാഴ്ചക്കാരാക്കിയാണ് ‘യോഗ്യന്മാരായി’ ചിലർ നാട്ടിെലത്തിയത്.
പൊതുമാപ്പ് ലഭിച്ചവരും തൊഴിൽ നഷ്ടപ്പെട്ട് ലേബർ ക്യാമ്പിൽ കഴിയുന്നവരും കടുത്ത രോഗം ബാധിച്ചവരും എംബസിയിൽനിന്നുള്ള വിളിക്കായി കാത്തുനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
