ഗംഗക്ക് നാട്ടിലെത്തണം; അച്ഛനെ സംസ്കരിക്കണം
text_fieldsദുബൈ: കോട്ടയം പുതുപ്പള്ളി പനക്കൽ പി.എസ്. മനോഹരെൻറ ചേതനയറ്റ ശരീരം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ വെള്ളപുതച്ച് കിടക്കാൻ തുടങ്ങിയിട്ട് ദിവസം മൂന്നായി. അന്ത്യകർമങ്ങൾ നിർവഹിക്കാൻ ഒരേയൊരു മകൾ കടൽകടന്നെത്തുമെന്ന പ്രതീക്ഷയിൽ ചിതയൊരുക്കി കാത്തിരിക്കുകയാണ് ബന്ധുക്കൾ. ഇന്ന് ഉച്ചക്ക് 2.15ന് ദുബൈ വിമാനത്താവളത്തിൽനിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനം പറന്നുയരുന്നതിനു മുമ്പ് ഇന്ത്യൻ എംബസിയിൽനിന്ന് വിളിയെത്തുമെന്ന പ്രതീക്ഷയിലാണ് ഗംഗയും ഭർത്താവ് അനൂപും രണ്ടു കുഞ്ഞുമക്കളും.
ഇന്നത്തെ വിമാനത്തിൽ നാട്ടിലെത്താനായില്ലെങ്കിൽ ഇൗ മകൾക്ക് നഷ്ടമാവുക പിതാവിനെ അവസാനമായി കാണാനുള്ള അവകാശവും ആഗ്രഹവുമായിരിക്കും. ഒരു മാസം മുമ്പുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മനോഹരൻ (72) വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. അച്ഛെൻറ വിയോഗവാർത്തയറിഞ്ഞ ഗംഗയും ഭർത്താവും ഇനിയും മുട്ടാത്ത വാതിലുകളില്ല. ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലും പലതവണ ബന്ധപ്പെെട്ടങ്കിലും പരിഗണിക്കാമെന്ന മറുപടിയാണ് ലഭിക്കുന്നത്. യു.എ.ഇയിലുള്ള സാമൂഹിക പ്രവർത്തകർ ഇടപെെട്ടങ്കിലും പട്ടിക തികഞ്ഞു എന്നാണ് മറുപടി. എന്നാൽ, അവസാന നിമിഷവും പ്രതീക്ഷയിലാണ് ഗംഗ.
ആരുടെയെങ്കിലും യാത്ര റദ്ദായാൽ പരിഗണിക്കാമെന്ന് ഇന്ത്യൻ എംബസി ഉറപ്പുനൽകിയിട്ടുണ്ട്.
ഇൗ ഉറപ്പിലാണ് ഗംഗയുടെ പ്രതീക്ഷ. മെഡിക്കൽ എമർജൻസി എന്ന വിഭാഗത്തിലാണ് ഇന്ത്യൻ എംബസിയിൽ യാത്രക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദുരന്തം വിട്ടുമാറാത്ത ജീവിതമാണ് ഗംഗയുടേത്. ആറു വർഷം മുമ്പ് കോട്ടയം ചന്തക്കവലയിലുണ്ടായ ബൈക്കപകടത്തിൽ രണ്ടു സഹോദരന്മാരെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് അച്ഛനും അമ്മയും വീട്ടിൽ തനിച്ചായിരുന്നു. ഏപ്രിൽ 16ന് രാവിലെ കോട്ടയം മഠത്തിൽപടിയിൽ മനോഹരൻ ഒാടിച്ചിരുന്ന ഒാേട്ടാറിക്ഷയിൽ ലോറിയിടിച്ചാണ് അപകടം. 21 ദിവസത്തെ ചികിത്സക്കൊടുവിൽ വെള്ളിയാഴ്ച ഉച്ചയോടെ മനോഹരൻ യാത്രയായി. നാട്ടിൽ മാതാവ് ശ്രീദേവി തനിച്ചാണ്.
ഇന്നുകൂടി കാത്തശേഷം സംസ്കാരവിഷയത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ബന്ധുക്കൾ. നാട്ടിലെത്തിയാലും ക്വാറൻറീനിൽ കഴിയേണ്ടി വന്നാൽ സംസ്കാരച്ചടങ്ങിൽ പെങ്കടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. എങ്കിലും, പിതാവിനെ അകലെ നിന്നെങ്കിലും അവസാനവട്ടം കാണണമെന്ന ആഗ്രഹം മാത്രമാണ് ഗംഗക്ക് ഇപ്പോഴുള്ളത്. ഷാർജ അൽദൈതിലാണ് ഗംഗയും കുടുംബവും താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
