നാടണയാൻ പ്രയാസപ്പെടുന്ന നൂറുപേർക്ക് പ്രവാസി ഇന്ത്യ വിമാന ടിക്കറ്റ് നൽകും
text_fieldsദുബൈ: കോവിഡ് 19 പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങുന്നവരിൽ വിമാന ടിക്കറ്റെടുക്കാൻ സാമ്പത്തിക പ്രയാസം നേരിടുന്ന നൂറുപേർക്ക് സൗജന്യമായി ടിക്കറ്റുകൾ നൽകുമെന്ന് പ്രവാസി ഇന്ത്യ. ജോലിയോ വരുമാനമോ ഇല്ലാതെ കഴിയുന്നവരിൽ തിരികെ യാത്രക്ക് അവസരമൊരുങ്ങിയവർക്കാണ് പ്രവാസി ഇന്ത്യ സഹായമൊരുക്കുന്നത്. ടിക്കറ്റെടുക്കാന്‍ പണമില്ലാതെ യാത്ര മുടങ്ങുന്ന നിരവധി പേരാണ് പ്രവാസലോകത്തുള്ളത്. ഇത്തരത്തിലുള്ള നൂറുപേർക്കാണ് സുമനസ്സുകളുടെ സഹായത്തോടെ ഒന്നാം ഘട്ടത്തില്‍ യാത്ര ടിക്കറ്റ് നല്കാന് ഉദ്ദേശിക്കുന്നതെന്ന് പ്രവാസി ഇന്ത്യ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ചെറിയ വരുമാനമുള്ളവർ, ലേബർ ക്യാമ്പിൽ കഴിയുന്നവർ, ലോക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടവർ, ഹ്രസ്വകാല വിസയിലെത്തി നാട്ടിലേക്ക് പോകാൻ സാമ്പത്തികമായി നിവൃത്തിയില്ലാത്തവർ, അടിയന്തരമായി നാട്ടിൽ ചികിത്സക്ക് പോകാൻ സാമ്പത്തിക ശേഷി ഇല്ലാത്തവർ തുടങ്ങിയവരിൽ നിന്ന് അർഹരായവരെ നേരിട്ട് കണ്ടെത്തിയാണ് ടിക്കറ്റുകൾ നൽകുക. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ 300 പേർക്ക് വിമാന ടിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് ഈ പദ്ധതി. പ്രവാസികളിൽ നിന്ന് വിവിധ സന്ദർഭങ്ങളിൽ ശേഖരിച്ച കോടിക്കണക്കിന് രൂപ എംബസികൾക്ക് കീഴിലുള്ള കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ കെട്ടിക്കിടക്കുകയാണ്. അത് ചെലവഴിച്ച് പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാർ തയാറാകാതെ ഇരട്ടി ചാർജ് ഈടാക്കുന്നത് കൊടും ക്രൂരതയാണ്. ഈ സാഹചര്യത്തിൽ പ്രയാസപ്പെടുന്നവർക്ക് കഴിയുന്നത്ര ആശ്വാസം നൽകാനാണ് പ്രവാസി ഇന്ത്യ ശ്രമിക്കുന്നത്.
രണ്ടു മാസത്തിലേറെയായി ജോലിയില്ലാതെ വരുമാനം നിലച്ച പ്രവാസികള്‍ക്ക് മടക്കയാത്രക്കുള്ള ടിക്കറ്റ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും ലഭ്യമാക്കുവാന്‍ ഇന്ത്യന്‍ എംബസി അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രവാസി ഇന്ത്യ ആവശ്യപ്പെട്ടു. ഭക്ഷണത്തിനു പോലും ബുദ്ധിമുട്ട് അനുഭവിക്കുന്നവരോട് ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നത് നീതീകരിക്കാനാവില്ല. നിലവിലെ ചട്ടമനുസരിച്ച് തന്നെ ഇത്തരത്തില്‍ ഫണ്ട് വിനിയോഗിക്കാവുന്നതാണെന്നും ഇതിനാവശ്യമായ അപേക്ഷാ ഫോറം എംബസിയുടെ വെബ് സൈറ്റില്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ഇതര സാമൂഹിക സംഘടനകളും ഇത്തരം ശ്രമങ്ങളുമായി മുന്നോട്ടു വരണമെന്നും പ്രവാസി ഇന്ത്യ അഭ്യർഥിച്ചു.