കാറിൽ തനിച്ചാണ് യാത്രയെങ്കിൽ മാസ്ക് നിർബന്ധമില്ല
text_fieldsദുബൈ: പൊതുയിടങ്ങളിൽ നിർബന്ധമായും ഫേസ് മാസ്ക് ധരിക്കണമെന്ന നിർദേശത്തിന് പിന്നാലെ തനിച്ചു യാത്ര ചെയ്യുന്നവർക്ക് ഇളവുകളേർപെടുത്തുന്നു. കാറിൽ തനിച്ച് ഡ്രൈവ് ചെയ്താണ് യാത്രയെങ്കിൽ ഇൗ അവസരത്തിൽ ഫേസ് മാസ്ക് നിർബന്ധമല്ലെന്ന് ദുബൈ പൊലീസ് ട്രാഫിക് ഡിപ്പാർട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്റൂയി അറിയിച്ചു. എന്നാൽ വാഹനത്തിൽ മറ്റുള്ളവർ ഉള്ളപ്പോൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. അല്ലെങ്കിൽ പിഴശിക്ഷയിൽനിന്ന് ഒഴിവാകാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
യു.എ.ഇയിൽ ഫേസ് മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 1000 ദിർഹമാണ് പിഴ. സാമൂഹ്യ അകലം പാലിക്കുന്നത് ലംഘിച്ചാലും പിഴയൊടുക്കേണ്ടി വരും. മാർച്ച് 26 നും ഏപ്രിൽ 16 നും ഇടയിൽ മാസ്ക് ധരിക്കാത്തതിനും ശാരീരിക അകലം പാലിക്കാത്തതിനുമായി 10,286 പേർക്ക് പിഴ ചുമത്തിയതായി ദുബൈ പൊലീസ് പറഞ്ഞു. രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കിലും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതിന് എല്ലാവരും പ്രാധാന്യം നൽകണമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി ഉൗന്നിപ്പറഞ്ഞു.