മുസഫ മുതൽ മസ്റകൾ വരെ നീളുന്ന സേവനങ്ങളൊരുക്കി പ്രവാസി ഇന്ത്യ
text_fieldsമുസഫ: പ്രവാസികളുടെ നിശ്വാസങ്ങൾക്കൊപ്പം നിലയുറപ്പിച്ച പ്രവാസി ഇന്ത്യ കോവിഡ് കാല ത്തും വിശ്രമമില്ലാത്ത കർമപാതയിലാണ്. അബൂദബി മുസഫ മേഖലയിലും പരിസരപ്രദേശങ്ങളി ലും പ്രവാസികളുടെ ഹൃദയ താളത്തിനൊപ്പം ദീർഘകാലമായി നിലകൊള്ളുന്ന ഇൗ കാരുണ്യകൂട്ടാ യ്മ മുസഫയിലെ നിസ്സഹായരായ ജനങ്ങൾക്ക് മാത്രമല്ല, മരുഭൂവിലെ മസ്റകളിൽ ഒറ്റപ്പെട്ടുപോയ മനുഷ്യർക്കും അന്നമൊരുക്കി കരുണയുടെ സാന്ത്വനസ്പർശം പകരുന്ന തിരക്കിലാണിപ്പോൾ.
കോവിഡ് എന്ന മഹാമാരിയിൽ പ്രവാസലോകം സ്തംഭിച്ചപ്പോൾ നിസ്സംഗത കൈവെടിഞ്ഞ് മികച്ച ആസൂത്രണത്തോടെ മുന്നേറിയാണ് കാരുണ്യപ്രവർത്തനങ്ങളുടെ വ്യാപ്തി കൂട്ടിയിരിക്കുന്നത്. വ്യത്യസ്തങ്ങളായ സേവനമുഖങ്ങൾ തുറന്ന് രോഗബാധിതരും ഒറ്റപ്പെട്ടുപോയവരുമായ മുസഫയിലെ പ്രവാസികൾക്കായി ഏറ്റവും വേഗത്തിൽ സേവനമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിശുദ്ധ റമദാനിലും ഇൗ സംഘം പ്രവർത്തനങ്ങൾ തുടരുന്നത്. കോവിഡ് ദുരന്തബാധിതർക്ക് സഹായമെത്തിക്കുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സുകൾ രൂപവത്കരിച്ചായിരുന്നു പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
വീടുകളിൽ വിലക്കിലായിപ്പോവർക്ക് ഒരുമാസത്തേക്കുള്ള ഭക്ഷണക്കിറ്റും ഭക്ഷണം പാകംചെയ്യാൻ സൗകര്യമില്ലാത്തവർക്ക് ഭക്ഷണപ്പൊതിയും മുറതെറ്റാതെ എത്തിക്കുന്നതോടൊപ്പം അവശ്യമരുന്നുകളും ആവശ്യക്കാർക്ക് ഒരു വിളിപ്പുറത്ത് എത്തിക്കാൻ തക്കത്തിലുള്ള വളൻറിയർ വിന്യാസമാണ് പ്രവാസി ഇന്ത്യ നടത്തിയിരിക്കുന്നത്. പ്രവാസലോകത്തെ നല്ലവരും മനുഷ്യസ്നേഹികളുമായ ആളുകളെ സഹകരിപ്പിച്ചുകൊണ്ട് തുടരുന്ന ഇൗ പ്രവർത്തനങ്ങളിൽ, കർമോത്സുകരായി മുന്നേറുന്ന വളൻറിയർമാരുടെ സമർപ്പണംതന്നെയാണ് കോവിഡ് കാലത്തും കാരുണ്യത്തിന് തടയിടാനാവാത്ത സേവനങ്ങൾ നിർബാധം തുടരുന്നതിനു പിന്നിൽ.
ഭക്ഷണവും മരുന്നും മാത്രമല്ല, മഹാമാരി തീർത്ത സ്തംഭനാവസ്ഥയിൽ മനസ്സിനു മുറിവേറ്റവർക്ക് സാന്ത്വനം പകരുന്നതിലും നിസ്തുലമായ പ്രവർത്തനങ്ങളാണ് പ്രവാസി ഇന്ത്യക്കു കീഴിൽ പ്രവർത്തിക്കുന്ന കൗൺസലിങ് സെൻററുകൾ നടത്തുന്നത്. പരിശോധനയിൽ പോസിറ്റിവ് ഫലം ലഭിച്ച് പകച്ചുപോയവർക്ക് ചികിത്സയെ സംബന്ധിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ നൽകി അവരെ ആശ്വസിപ്പിക്കുകയും അതിനുമപ്പുറം കുടുംബങ്ങൾക്ക് ആത്മവിശ്വാസം പകരാനും പ്രഗല്ഭരായ ഡോക്ടർമാരും സൈക്കോളജിസ്റ്റുകളും അടങ്ങിയ സംഘം നിയന്ത്രിക്കുന്ന കൗൺസലിങ് സെൻററുകൾ പ്രത്യേക ജാഗ്രതയാണ് തുടരുന്നത്. കോവിഡ് കാലത്തെ അതിജീവിച്ചുകഴിഞ്ഞാലും പ്രവാസസമൂഹത്തിന് ധൈര്യവും ആത്മവിശ്വാസവും ഉറപ്പുവരുത്താൻ പ്രവാസി മുസഫ കാമ്പയിനും തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
