വർഗീയ വാദികൾക്കെതിരെ വാർത്തയെഴുതിയ പത്രാധിപർക്ക് സംഘ്പരിവാർ ഭീഷണി
text_fieldsദുബൈ: വെറുപ്പും വിദ്വേഷവും പരത്തുന്നതിനെതിരെ വാർത്തകളെഴുതിയ യു.എ.ഇയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകന് സംഘ്പരിവാർ ഭീഷണി. മനുഷ്യാവകാശ മാധ്യമ പ്രവർത്തന രംഗത്ത് ശ്രദ്ധേയനായ മസ്ഹർ ഫാറൂഖിക്കെതിരെയാണ് സമൂഹ മാധ്യമങ്ങളിലൂടെ സംഘടിത ആക്രമണം. വംശീയതയും വർഗീയതയും പരത്തുന്ന പ്രവണതയെ തുറന്നുകാണിച്ച് എഴുതിയ റിപ്പോർട്ടുക ളാണ് ഗൾഫ് ന്യൂസ് ഫീച്ചേഴ്സ് വിഭാഗം എഡിറ്ററായ മസ്ഹറിനെ സംഘ്പരിവാറിെൻറ നോട്ടപ്പുള്ളിയാക്കി മാറ്റിയത്. ഇന്ത്യയിൽ തിരിച്ചെത്തി നല്ലനിലയിൽ ജീവിക്കാമെന്ന് പ്രതീക്ഷിക്കേണ്ടെന്നും കുടുംബത്തിന് പ്രയാസങ്ങളുണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തുന്നവരിൽ പലതും നീല ടിക്ക് ലഭിച്ച ട്വിറ്റർ അക്കൗണ്ട് ഉള്ളവരാണ്. മസ്ഹറിെൻറ പാസ്പോർട്ട് കണ്ടു കെട്ടണമെന്നും പെൺമക്കളെ ഉപദ്രവിക്കുമെന്നും പോലും ചിലർ പറയുന്നു.
വിവേചനവും വർഗീയ പരാമർശങ്ങളും നിയമം മൂലം നിരോധിച്ചിരിക്കുന്ന യു.എ.ഇയിൽ ജോലി ചെയ്യുന്ന ചില ഇന്ത്യക്കാരും വ്യവസായികളും സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അശ്ലീലവും വർഗീയവുമായ അഭിപ്രായ പ്രകടനങ്ങൾ മൂലം ഇന്ത്യൻ സമൂഹത്തിന് ഒട്ടാകെ നാണക്കേട് സംഭവിച്ചിരുന്നു.
വ്യവസായികളും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെ നിരവധി അറബ് പ്രമുഖർ ഇൗ വിഷയത്തിൽ ഇന്ത്യൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെടുന്നതുവരെ കാര്യങ്ങളെത്തി.
യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂറും മൂൻ സ്ഥാനപതി നവ്ദീപി സിങ് സുരിയും വിവേചനവും വിദ്വേഷവും നമ്മുടെ സംസ്കാരമല്ലെന്നും അതിൽ നിന്ന് വിട്ടു നിൽക്കണമെന്നും ഇന്ത്യൻ സമൂഹത്തോട് ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇതിനു പിന്നാലെയാണ് വംശീയവാദികളെ തുറന്നു കാണിച്ച മാധ്യമ പ്രവർത്തകനെതിരെ ഭീഷണി ഉയരുന്നത്. മസ്ഹർ ഫാറൂഖി എഴുതിയ വാർത്തകളാണ് തങ്ങളുടെ ആളുകൾക്ക് ജോലി നഷ്ടപ്പെടുത്തിയതെന്നാണ് സംഘ് അനുകൂലികളുടെ ആരോപണം.
ഇ-മെയിൽ വഴിയും സമൂഹ മാധ്യമങ്ങൾ വഴിയും നിരന്തരമായി ഭീഷണി ഉയർത്തുന്നവർ ഇദ്ദേഹത്തിെൻറ പെൺമക്കളുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി േപാസ്റ്റ് ചെയ്യുന്നുണ്ട്.
ഉത്തർ പ്രദേശിലെ ലഖ്നോ സ്വദേശിയായ മസ്ഹർ യു.എ.ഇയിൽ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട നിരവധി മനുഷ്യപ്പറ്റുള്ള റിപ്പോർട്ടുകൾക്ക് പുറമെ ചില വമ്പൻ വ്യവസായികൾ നടത്തിയ തട്ടിപ്പുകളും പുറത്തുകൊണ്ടുവന്നിരുന്നു. പോയ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ അന്വേഷണാത്മക റിപ്പോർട്ടുകളുടെ പട്ടികയിലും ഇദ്ദേഹത്തിെൻറ വാർത്തകൾ ഇടംപിടിച്ചിരുന്നു. നേരത്തേ പയനിയർ, ഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഒാഫ് ഇന്ത്യ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ പത്രപ്രവർത്തകനായിരുന്ന ഇദ്ദേഹം നിർധന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ പിന്തുണ നൽകുന്ന ആഘാസ് ഫൗണ്ടേഷൻ എന്ന സന്നദ്ധ കൂട്ടായ്മയുടെ തുടക്കക്കാരനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
