24 മണിക്കൂറിനകം യു.എ.ഇയിൽ സംഭവിക്കുന്നത്
text_fieldsദുബൈ: വൈറസ് വ്യാപനം ഇല്ലാതാക്കാൻ രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത കടുത്ത നിയന്ത്രണങ്ങളുമായി യു.എ.ഇ. ഇൗ ദിവസം കൂടി പിന്നിടുന്നതോടെ രാജ്യത്തെ ഷോപ്പിങ് മാളുകൾ ഉൾപ്പെടെയുള്ള എല്ലാ വാണിജ്യ-വ്യാപാര കേന്ദ്രങ്ങളും അടച്ചുപൂട്ടും. ഷോപ്പിങ് സെൻററുകളും മാളുകളും ഉൾപ്പെടെ കമേഴ്സ്യൽ സ്ഥാപനങ്ങളും പഴം, പച്ചക്കറി മാർക്കറ്റ്, മത്സ്യ, മാംസ മാർക്കറ്റുകളും പൂർണമായും അടച്ചിടും.
പൊതുജനസമ്പർക്കം ഇല്ലാതാക്കുന്നതിനുള്ള സത്വരമായ നടപടികളുടെ ഭാഗമായാണ് രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളേർപെടുത്തുന്നതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയവും നാഷനൽ എമർജൻസി ആൻഡ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിയും വ്യക്തമാക്കി. സാമൂഹികമായി അകലം പാലിച്ച് വൈറസ് വ്യാപനത്തെ സമ്പൂർണമായി ചെറുക്കുകയാണ് രണ്ടാഴ്ചക്കാലം നീണ്ടു നിൽക്കുന്ന സാർവത്രിക അടച്ചുപൂട്ടലിലൂടെ ലക്ഷ്യമിടുന്നത്.
ഫാർമസി, റീട്ടെയ് ൽ ഔട്ട് ലെറ്റ്, റസ്റ്റാറൻറ് എന്നിവക്ക് മാത്രമാണ് അധികൃതർ ഇളവ് നൽകിയിട്ടുള്ളത്. റസ്റ്റാറൻറുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും അവിടെ ഇരുന്ന് കഴിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പാഴ്സൽ, ഹോംഡെലിവറി സംവിധാനങ്ങളിലൂടെ മാത്രമേ ഭക്ഷണം നൽകാവൂ എന്നും നിർദേശമുണ്ട്. ഇൗ കാലയളവിൽ എല്ലാവരും പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയണമെന്നാണ് നിർദേശം. അടിയന്തര ഘട്ടങ്ങളിൽ പുറത്തിറങ്ങേണ്ടി വന്നാൽ സ്വന്തം വാഹനം ഉപയോഗിക്കണമെന്നും മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.
മാളുകൾ നിശ്ചലമാകും
ബുധനാഴ്ച പുലർച്ച മുതൽ രാജ്യത്തെ എല്ലാ ഷോപ്പിങ് മാളുകളും ഷോപ്പിങ് സെൻററുകളും പ്രവർത്തനം നിർത്തും. പൊതുജനങ്ങൾ തിങ്ങിക്കൂടുന്ന ഇടമെന്ന നിലയിൽ െപാതുജന സമ്പർക്കം ഗണ്യമായി കുറക്കുന്നതിനാണ് ഇൗ നടപടി. ഇതുവഴി വൈറസ് വ്യാപനം ഫലപ്രദമായി തടയാനാകുമെന്നാണ് കരുതുന്നത്. രണ്ടാഴ്ചത്തേക്കാണ് രാജ്യത്തെ എല്ലാ വാണിജ്യകേന്ദ്രങ്ങളും അടച്ചുപൂട്ടുന്നത്.
ആകാശവാതിലും അടക്കും
ബുധനാഴ്ച മുതൽ രാജ്യത്തിന് അകത്തേക്കും പുറത്തേക്കും യാത്രാ വിമാനങ്ങൾ രണ്ടാഴ്ച നിലക്കും. വിമാനങ്ങൾ രക്ഷാപ്രവർത്തനത്തിനും, ചരക്കുഗതാഗതത്തിനും മാത്രം. രണ്ടാഴ്ചകാലത്തേക്കാണ് വിമാനങ്ങൾ സർവിസ് നിർത്തിവെക്കുന്നത്. യു.എ. ഇയിൽ നിന്നുള്ള വിമാനങ്ങളും രാജ്യത്തേക്ക് വരുന്ന വിമാനങ്ങളും നിർത്തും. വിമാനത്താവളങ്ങളിൽ ട്രാൻസിറ്റും ഉണ്ടാവില്ല. എല്ലാ കവാടങ്ങളും കൊട്ടിയടച്ചുകൊണ്ടു യു.എ.ഇയുടെ ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള പ്രതിരോധ യജ്ഞത്തിനാണ് രാജ്യം തയാറെടുക്കുന്നത്.
കിംവദന്തികളെ കരുതിയിരിക്കുക
നിർദേശങ്ങളെല്ലാം പാലിച്ച് വീട്ടിലിരിക്കുമ്പോഴും വേണം കരുതൽ. സമയം കളയാൻ സമൂഹമാധ്യമങ്ങളിൽ മുഴുകുന്നതിനിടെ കിട്ടുന്ന വാർത്തകളെല്ലാം അതേപടി ഫോർവേർഡ് ചെയ്താൽ പണി കിട്ടും. വ്യാജവും അവാസ്തവുമായ വാർത്തകളും ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നതും പടച്ചുവിടുന്നതും വലിയ ശിക്ഷയാണ്.
അഞ്ചു വർഷം തടവും 5000 മുതൽ ലക്ഷം ദിർഹം വരെ പിഴയുമാണ് ഇത്തരത്തിൽ വ്യാജവാർത്തകൾ ഷെയർ ചെയ്താലുള്ള ശിക്ഷ. ആശങ്കകളുണ്ടാക്കുന്ന പോസ്്റ്റുകൾ ഒഴിവാക്കി, ആഹ്ലാദത്തോടെ വീട്ടുകാരോടൊപ്പം കഴിയാൻ ശ്രദ്ധിക്കാം.
നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷ
വളരെ ജാഗ്രതയോടെയുള്ള മുൻകരുതൽ നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും തീർത്ത് കോവിഡിനെ കുടഞ്ഞെറിയാനുള്ള ശ്രമത്തിലാണ് യു.എ.ഇ. ആരോഗ്യമന്ത്രാലയവും ബന്ധപ്പെട്ട അധികൃതരും നൽകുന്ന നിർദേശങ്ങളും അറിയിപ്പുകളും അതേപടി പാലിക്കുകയാണ് നമ്മുടെ ഉത്തരവാദിത്തം. മഹാമാരിയെ പിഴുതെറിയേണ്ടത് നാം ഓരോരുത്തരുടെയും ആവശ്യമാണ്. നിയമങ്ങൾ പാലിച്ചും നിർദേശങ്ങൾ അനുസരിച്ചും പുറത്തിറങ്ങാതെ വീടുകളിൽ കഴിയുകയെന്നത് നമ്മുടെ സാമൂഹിക ഉത്തരവാദിത്തം കൂടിയാണ്. നിയമലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും ഓർക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
