കുടുംബങ്ങളെ മാടിവിളിച്ച് ഷാര്‍ജ മദര്‍ വിനോദ മേഖല
text_fieldsഷാര്‍ജ: മുവൈല ജില്ലയില്‍ പൂര്‍ത്തിയായ മദര്‍ വിനോദ മേഖലയുടെ ഉദ്ഘാടനം സുപ്രീം കൗണ്‍സ ില് അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍വഹിച്ചു. കെണ്ടയ്നറുകള്‍ കൊണ്ട് അലങ്കാരം തീര്‍ത്ത ഭക്ഷണ കേന്ദ്രങ്ങളും വിനോദ പാതകളും ഏറെ ആകര്‍ഷകമാണ്. ഷാര്‍ജയുടെ വന്‍ പദ്ധതിയായ അല്ജഡയുടെ ഹൃദയഭാഗത്താണ് മദര്‍. 600,000 ചതുരശ്രയടി വിസ്തീർണമുള്ള ഒരു പാര്ക്കിന് ചുറ്റും പരന്നുകിടക്കുന്ന കുടുംബ സൗഹൃദ ആകര്‍ഷണങ്ങളുടെ ഒരു കൂട്ടമാണിത്. ഷാര്‍ജയുടെ സാംസ്കാരിക വൈവിധ്യത്തെ പകിട്ടോടെ പകര്‍ത്തിയിരിക്കുന്ന മദര്‍, സുസ്ഥിരവും മികച്ചതുമായ ഒരു നഗരം കെട്ടിപ്പടുക്കുന്നതിനുള്ള ദൗത്യത്തിലെ സുപ്രധാന ഘട്ടമാണ്. പ്രദേശത്ത് മാത്രം 5000ത്തിലധികം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചതോടെ മേഖല ഹരിത കാന്തിയിലാണ്.
ഒരു പ്രദേശത്തെ എങ്ങനെയാണ് പ്രാണവായുവിെൻറ കേദാരമാക്കി മാറ്റുന്നതെന്നതിന് മദര്‍ വലിയ ഉദാഹരണമാണെന്ന് വൈസ് ചെയര്മാന് ഖാലിദ് ബിന്‍ അല്‍ വലീദ് ബിന്‍ തലാല്‍ പറഞ്ഞു. 11 സിനിമ തിയറ്ററുകളാണ് മദറിലുള്ളത്. ആംഫി തിയറ്റര്‍, സ്കേറ്റിങ് പാര്‍ക്ക്, ഡിസ്കവറി സെൻറര്‍ തുടങ്ങി ജീവിതം ആഘോഷമാക്കി മാറ്റാനുള്ളതെല്ലാം മദറിലുണ്ട്. സാധാരണ ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെയും അവധി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ അർധരാത്രി വരെയും മദര്‍ പ്രവര്‍ത്തിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള കലാപ്രകടനങ്ങള്‍ വരും ദിവസങ്ങളിലും നടക്കും. പ്രവേശനവും പാര്‍ക്കിങ്ങും സൗജന്യമാണ്.