യു.എ.ഇ ഗോൾഡൻ വിസ: നിക്ഷേപർക്ക് നൽകുന്നത് മികച്ച സംരക്ഷണം –അൽ മറി
text_fieldsദുബൈ: 10 വർഷത്തെ ഗോൾഡൻ വിസ സംവിധാനം പ്രവാസി നിക്ഷേപകർക്ക് മികച്ച സംരക്ഷണമാണ് നൽക ുന്നതെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി. ഈ വിസ സംവിധാനം ആഗോള നിക്ഷേപകർക്ക് നൽകുന്നത് ശുഭ സന്ദേശമാണ്. അവരുടെ സംരംഭങ്ങൾ ഈ രാജ്യത്ത് കൂടുതൽ വിപുലപ്പെടുത്താനുള്ള ആത്മവിശ്വാസം പകരുന്നതിനൊപ്പം കൂടുതൽ വ്യവസായികളെ യു.എ.ഇയിലേക്ക് ആകർഷിക്കാനും അവർക്ക് സുസ്ഥിര സംരക്ഷണം നൽകാനും ഈ സംവിധാനം വഴിയെരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുബൈയിൽ നടന്ന എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോൾഡൻ വിസ 10 വർഷത്തിൽ ഒരിക്കൽ പുതുക്കാവുന്നതാണ്. അതോടെ സ്ഥിര താമസത്തിന് അവസരം ലഭിക്കും. കഴിഞ്ഞവർഷം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് റാശിദ് ആൽ മക്തും പ്രഖ്യാപിച്ചതാണ് 10 വർഷത്തെ വിസ. നിക്ഷേപകർ, വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർ തുടങ്ങിയവർക്കാണ് ഈ വിസ അനുവദിക്കുന്നത്. മികച്ച വിദ്യാർഥികൾ, പ്രോപർട്ടി നിക്ഷേപകർ തുടങ്ങിയ വിഭാഗങ്ങൾക്കായി അഞ്ചു വർഷത്തിലൊരിക്കൽ പുതുക്കാവുന്ന വിസയും അനുവദിക്കുന്നുണ്ട്. ഇതുവരെ ദുബൈയിൽ 2,170ലധികം പേർക്ക് ഗോൾഡൻ വിസ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ‘ഭാവിയിലെ നിക്ഷേപം’ എന്ന സെഷനിലാണ് മേജർ ജനറൽ സംസാരിച്ചത്. 2019ൽ ദശലക്ഷക്കണക്കിന് ആളുകളാണ് ദുബൈ സന്ദർശിച്ചത്. പൗരന്മാർക്കും അന്യനാട്ടുകാർക്കും പ്രചോദനം നൽകുന്ന നഗരമാണ് ദുബൈ എന്നും അൽ മറി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
