അവർ പറഞ്ഞു, നിരാശപ്പെടരുത് ദൈവകാരുണ്യത്തെക്കുറിച്ച്
text_fieldsദുബൈ: സകലലോകവും സൃഷ്ടിച്ച ദൈവം നിശ്ചയിച്ച സമയം പൂർത്തിയാക്കിയാൽ ഇൗ ഭൂമിയിലെ ജീവജാലങ്ങളെല്ലാം അവങ്കലേക്ക് മടങ്ങുക തന്നെ ചെയ്യും. എന്നാൽ, അവൻ നിശ്ചയിച്ച സമയം വരെ നാം ഭൂമിയിൽ എങ്ങനെ ചെലവിടുന്നു എന്നത് സുപ്രധാനമാണ്. എന്തെങ്കിലുമൊരു ചെറുതോൽവിയുടെ പേരിൽ ജീവിതം ഇരുളടഞ്ഞുപോയെന്നു പറഞ്ഞ് പ്രതീക്ഷ കൈവിടുന്നവർ അതിജീവനത്തിെൻറ പ്രതീകമായ ഇൗ മനുഷ്യരെ അറിയണം. റോഡിൽ വീണുടഞ്ഞ ജീവിതത്തിൽനിന്ന് കുതിച്ചുയർന്ന മൂന്നുപേർ- കാട്ടുകണ്ടി കുഞ്ഞബ്ദുല്ല, മുസ്തഫ തോരപ്പ, ബഷീർ മമ്പുറം എന്നിവർക്ക് ലോകത്തോട് പറയാനുള്ളത് ഒന്നു മാത്രമായിരുന്നു- ഭയപ്പെടരുത്; നാഥെൻറ കാരുണ്യം നമുക്കൊപ്പമുണ്ട് എന്ന് സത്യം. വാഹനാപകടത്തിൽപ്പെട്ട് ശിരസ്സിന് താഴെ തളർന്ന മൂവരും ജീവിതം പറയുന്ന സദസ്സാണ് ദുബൈയിൽ സംഘടിപ്പിച്ചത്. ഏതാനും ദിവസങ്ങൾ മാത്രം ആയുസ്സെന്ന് വൈദ്യശാസ്ത്രം എഴുതിത്തള്ളിയ ജീവിതങ്ങളാണ് ഇൗ അത്ഭുതങ്ങളുമായി മുന്നിലിരിക്കുന്നത് എന്നറിയുേമ്പാൾ സദസ്സ് അക്ഷരാർഥത്തിൽ അമ്പരന്നു.
രണ്ടര പതിറ്റാണ്ട് മുമ്പാണ് കോഴിക്കോട് പയ്യോളി സ്വദേശി കുഞ്ഞബ്ദുല്ല റോഡിലൂടെ വാഹനം ഓടിച്ചുപോകുന്നതിനിടെ കൂറ്റൻ തണൽമരം വാഹനത്തിന് മുകളിൽ പതിച്ച് അപകടം സംഭവിച്ചത്. അതിെൻറ ആഘാതത്തിൽ കഴുത്തിന് താഴെ നിശ്ചലമായ കുഞ്ഞബ്ദുല്ലയുടെ തുടർ ജീവിതം ആശുപത്രിയിലും വീൽചെയറിലും ബന്ധിക്കപ്പെട്ടു. എന്നാൽ, അങ്ങനെയങ്ങ് തോറ്റുകൊടുക്കാൻ ഇദ്ദേഹം തയാറല്ലായിരുന്നു. ഇടറാത്ത മനക്കരുത്തും സഹധർമിണി റുഖിയ്യയുടെ സ്നേഹ പരിചരണവും കാട്ടുകണ്ടി കുഞ്ഞബ്ദുല്ലയെ പൊതുജീവിതത്തിലേക്ക് പതിയെ പതിയെ തിരികെ എത്തിച്ചു. തളർന്ന കൈകൾക്കിടയിൽ പേന തിരുകിവെച്ച് തെൻറ ജീവിതം കോറിയിട്ടു. ‘എന്നിട്ടും ഞാൻ കുതിക്കുന്നു’എന്നുപേരുള്ള ജീവിതപുസ്തകം മലയാളത്തിലും ഇംഗ്ലീഷിലും പുറത്തിറങ്ങി. മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹ്മ്മദിെൻറ പ്രത്യേക താൽപര്യത്തിലാണ് പുസ്തക പ്രകാശനം ദുബൈയിൽ നടന്നത്. സദാസമയവും പരിശുദ്ധ ഖുർആനെ നെഞ്ചേറ്റുന്ന ഇദ്ദേഹത്തിന് അല്ലാഹു കഴിഞ്ഞാൽ നന്ദി പറയാനുള്ളത് ഒരു അല്ലലുമില്ലാതെ, പരിഭവം പറയാതെ കൂടെനിന്ന ജീവിതപങ്കാളിയോടാണ്.
1994 മാർച്ച് 27ന് നടന്ന ഒരു റോഡ് അപകടത്തിലാണ് തോരപ്പ മുസ്തഫയുടെ ജീവിതം മാറിമറിഞ്ഞത്. അപകടശേഷം ജീവിതത്തിൽ ഇനി ഒരിക്കലും എണീറ്റ് നടക്കാൻ കഴിയില്ലെന്ന് ആധുനിക വൈദ്യശാസ്ത്രം വിധിയെഴുതി. പക്ഷേ, തുടർജീവിതം നിഷ്ക്രിയനായി തള്ളിനീക്കാൻ മുസ്തഫക്ക് മനസ്സിലായിരുന്നു. താൻ മാത്രമല്ല, തന്നെപ്പോലെ ശരീരം തളർന്ന ഒരാൾ പോലും ജീവിതം തളച്ചിട്ട നിലയിലായിപ്പോവരുത് എന്ന് ശാഠ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ശരീരം തളർന്നവരെ ഡ്രൈവിങ് പഠിപ്പിച്ചു. അവർക്ക് ഉപയോഗിക്കാൻ പ്രത്യേക വാഹനങ്ങൾ നിർമിച്ചു നൽകുകയും ചെയ്തു. ഇത്തരത്തിൽ ആയിരത്തിലധികം പേർക്കാണ് വാഹനങ്ങൾ നിർമിച്ചു നൽകിയത്. അതിൽ കൈവിരൽ കൊണ്ടു മാത്രം ഡ്രൈവ് ചെയ്യാനുള്ള സാങ്കേതിക സംവിധാനം വരെയുണ്ട്. ഈ രംഗത്ത് ഇന്ത്യൻ സർക്കാറിെൻറ അംഗീകാരവും തേടിയെത്തി. ഇപ്പോൾ ഏക്കറുകണക്കിന് ഭൂമിയിൽ ഔഷധത്തോട്ടവും ഇദ്ദേഹം പരിപാലിച്ചുപേരുന്നു.
വർഷങ്ങൾക്കുമുമ്പ് ഗൾഫിലെ രാജകുടുംബത്തിൽ ഡ്രൈവറായി ജോലി ചെയ്യവെയാണ് മമ്പുറം സ്വദേശിയായ ബഷീർ വാഹനാപകടത്തിൽപ്പെട്ടത്. ശിരസ്സിന് താഴെ തളർന്നെങ്കിലും തലകുനിച്ചില്ല ബഷീർ. ഇന്ന് തരക്കേടില്ലാത്ത ഒരു ബിസിനസ് സംരംഭം വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നു. കാലത്തിനനുസരിച്ചുള്ള നവ ബിസിനസ് ആശയങ്ങൾക്ക് നേതൃത്വം നൽകുകയും അനേകം ചെറുപ്പക്കാർക്ക് തൊഴിലവസരം ഒരുക്കുകയും ചെയ്യുന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എക്സിക്യൂട്ടിവ് ഡയറക്ടർ എ.കെ. ഫൈസലിെൻറ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ദുബൈയിലെ കലാസാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
