മന്ത്രവാദ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്
text_fieldsഅബൂദബി: പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രവാദികളെ ആശ്രയിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. മന്ത്രവാദം ഉപയോഗിച്ച് തട്ടിപ്പു നടത്തുന്നവരെ വീടിനകത്ത് പ്രവേശിപ്പിക്കരുതെന്നും അവരെ തേടി പോകരുതെന്നും പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.
അസുഖം ഭേദമാക്കാൻ എന്ന വ്യാജേന മന്ത്രവാദ ചൂഷണം നടക്കുന്നതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ഒരു വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ വഴിയാണ് ഇവർ ഇരകളെ വലയിട്ടിരുന്നത്. മന്ത്രവാദം (സിഹ്ർ) എന്ന് വിശേഷിപ്പിക്കുന്ന തട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മന്ത്രവാദം: യൂറോപ്യൻ യുവതി അറസ്റ്റിൽ
അബൂദബി: മന്ത്രവാദം നടത്തിയ കുറ്റത്തിന് യൂറോപ്യൻ യുവതിയെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു.
അജ്ഞാത കേന്ദ്രത്തിൽനിന്നുള്ള വിവരത്തെ തുടർന്നാണ് നടപടിയെന്ന് ക്രിമിനൽ അന്വേഷണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഒമ്രാൻ അഹമ്മദ് അൽ മസ്റൂഇ വെളിപ്പെടുത്തി.
സോഷ്യൽ മീഡിയയിലൂടെ ആശയവിനിമയം നടത്തുന്ന ഇടപാടുകാരെ ചികിത്സിക്കാൻ നഗരത്തിലെ അപ്പാർട്ട്മെൻറാണ് യുവതി ഉപയോഗിച്ചിരുന്നത്. മാനസിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും പരിഹരിക്കാമെന്ന വ്യാജേനയാണ് ഇടപാടുകാരിൽനിന്ന് പണം ഈടാക്കിയിരുന്നത്.
ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് അബൂദബി പൊലീസ് ക്രിമിനൽ സുരക്ഷ മേഖല ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് സുഹൈൽ അൽ റഷ്ദി ചൂണ്ടിക്കാട്ടി.
സിഹ്ർ അഥവാ മന്ത്രവാദം ചെയ്യുന്ന ഏതെങ്കിലും ആളുകളെക്കുറിച്ച വിവരമുള്ളവർ ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
