സഹിഷ്ണുതയുെട മരത്തിൽ തളിർക്കുന്നു സ്നേഹത്തിെൻറ പുതുപൂക്കൾ
text_fieldsഅജ്മാന്: ഒരു വിവാഹമോചനം രണ്ടു വ്യക്തികളെ മാത്രമല്ല, രണ്ടു കുടുംബങ്ങളെ, അതിലേറെ ഒരുപാട് മനുഷ്യരെ ഉലക്കുന്നുണ്ട്. മാതാപിതാക്കെള, മക്കളെ, സഹോദരങ്ങളെ, സൗഹൃദങ്ങളെയെല്ലാം അത് ഞെരിച്ചുകളയുന്നു. ഇതിെൻറ വിപത്തുകള്‍ കുടുംബങ്ങള്‍ക്കപ്പുറം സമൂഹത്തിെൻറ പല മേഖലകളിലും പ്രതിഫലിക്കുന്നുമുണ്ട്. ഏറെ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന വിവാഹമോചനത്തിന് പരിഹാരം തേടി പലരും പല വഴികളും പരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ശ്രദ്ധേയമായ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് അജ്മാന് പൊലീസിനു കീഴിലെ സാമൂഹിക സുരക്ഷാ കേന്ദ്രം. രാജ്യം സഹിഷ്ണുതാ വർഷം ആചരിക്കുന്ന വേളയില്‍ അധികൃതർ കേന്ദ്ര ആസ്ഥാനത്ത് സ്ഥാപിച്ച ‘സഹിഷ്ണുതയുടെ വൃക്ഷം’ മികച്ച ഫലമാണ് നൽകിയത്. ദാമ്പത്യ തർക്കങ്ങൾ പരിഹരിക്കാനും വിവാഹമോചനം പരമാവധി ഒഴിവാക്കാനും പരിശ്രമിക്കുന്നതിെൻറ ഭാഗമായി ആവിഷ്കരിച്ച ഇൗ പദ്ധതി വഴി നിരവധി പേരാണ് ഒത്തുതീർപ്പിെൻറയും യോജിപ്പിെൻറയും മാർഗം സ്വീകരിച്ചതെന്ന് മേധാവി ക്യാപ്റ്റൻ വഫാ ഖലീൽ അൽ ഹൊസാനി പറഞ്ഞു.
ജീവിത പങ്കാളിയെ കുറിച്ചുള്ള പരാതിയുമായി കേന്ദ്രത്തെ സമീപിക്കുന്ന വ്യക്തിയോട് എതിര്‍കക്ഷിയെ കുറിച്ചുള്ള ഒരു നല്ല അഭിപ്രായം എഴുതി അവിടെ സ്ഥാപിച്ച മരത്തില്‍ തൂക്കിയിടാന്‍ നിര്‍ദേശിക്കും. പരാതിയുടെ അടിസ്ഥാനത്തില്‍ വിളിപ്പിക്കപ്പെടുന്ന വ്യക്തി തന്നെ കുറിച്ചുള്ള നല്ല അഭിപ്രായം സഹിഷ്ണുതയുടെ മരത്തില്‍ തെൻറ ഇണയുടെ സ്വന്തം കൈയക്ഷരത്തില്‍ കാണുന്നതോടെ മനസ്സ് അലിയുകയും വീണ്ടും ഒന്നാകാനുള്ള അവസരം തേടുന്നതുമായ നിരവധി അനുഭവങ്ങളാണുള്ളത്. ‘ക്ഷമിക്കണം. നമ്മളൊരിക്കലും പിരിയരുത്’ എന്നാണ് ഒരു യുവാവ് എഴുതി മരത്തില്‍ തൂക്കിയത്. വിവാഹമോചനം ലഭിച്ചേ മതിയാവൂ എന്ന വാശിയോടെ അടുത്ത ദിവസം അവിടെ വന്ന ഭാര്യ ഇത് കണ്ട് ഉടനെ മനസ്സുമാറ്റി ഒന്നിപ്പിന് സന്നദ്ധയായി. മാതാപിതാക്കള്‍ ഒന്നിച്ചുള്ള ചിത്രം വരച്ച് കുഞ്ഞു മക്കള്‍ മരത്തില്‍ തൂക്കിയത് കണ്ട് മറ്റൊരു കുടുംബം ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഇങ്ങനെ നൂറോളം ദാമ്പത്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞതായി സാമൂഹിക സുരക്ഷാ കേന്ദ്രം അധികൃതര്‍ പറഞ്ഞു. ദമ്പതികള്‍ തമ്മിലെ പ്രശ്നങ്ങള്‍ കോടതിയില്‍ എത്തുന്നതിന് മുമ്പുതന്നെ സങ്കീർണതകളില്ലാതെ പരിഹരിക്കാന്‍ കഴിയുന്നു എന്നതിനാൽ ഇൗ മരം ഒരു വരമായി മാറിക്കഴിഞ്ഞു. വരുംതലമുറയുടെ ഭാവിയോര്‍ത്ത് ദമ്പതികള്‍ പരമാവധി പരിഹരിച്ച് പോകണമെന്നും സഹിഷ്ണുതയുടെ മാര്‍ഗം സ്വീകരിക്കണമെന്നും ക്യാപ്റ്റൻ വഫാ ഖലീൽ അൽ ഹൊസാനി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
