പൗരത്വ അവകാശപോരാട്ടം അവസാനിപ്പിക്കരുത് –സി.എം. ഇബ്രാഹീം
text_fieldsദുബൈ: പൗരത്വ നിയമഭേദഗതിക്കെതിരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സമരം കെട്ടടങ്ങാതെ നിലനിർത്തിയാലേ ഭാവിയിലും ഇത്തരം കരിനിയമങ്ങളുമായി മുന്നോട്ടുവരുവാനുള്ള ബി.ജെ.പി സർക്കാർ നീക്കങ്ങൾക്ക് തടയിടാനാവൂ എന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി.എം. ഇബ്രാഹിം പറഞ്ഞു. മറ്റു സമരങ്ങളെപോലെ പാതിവഴിക്ക് ഈ സമരം വിട്ടേച്ചുപോയാൽ ദൂരവ്യാപകമായ ഫലങ്ങളായിരിക്കും ഉണ്ടാവുകയെന്നും ദുബൈയിൽ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ‘ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും വിവരങ്ങൾ ലഭ്യമാക്കി നല്ല നേതൃത്വത്തിന് കീഴിൽ ആത്മാർഥതയോടെ സമരം നയിച്ചാലേ വിജയം കാണുകയുള്ളൂ. നിർഭാഗ്യവശാൽ കോൺഗ്രസിന് പോലും അതിനുള്ള ചങ്കൂറ്റമില്ല.
കേരളം വികസന രാഷ്ട്രീയം ചർച്ചചെയ്യുന്നില്ല, ഗൾഫാണ് കേരളത്തിൽ വികസനം ഉണ്ടാക്കിയത്. കർണാടകയിൽ ജാതിരാഷ്ട്രീയത്തിനാണ് പ്രാമുഖ്യം. മുസ്ലിംകൾ രാഷ്ട്രീയ വീക്ഷണമുള്ളവരാണ്. എന്നാൽ, അവരുടെ വോട്ട് 40 ശതമാനം മാത്രമേ പോൾ ചെയ്യപ്പെടാറുള്ളൂ. സ്ത്രീകൾ വോട്ട് ചെയ്യാൻ മടിക്കുന്നത് കൊണ്ടാണിത്. ഈ പ്രവണത മാറിയാൽ കർണാടകയുടെ രാഷ്ട്രീയം മാറും. നിലവിലെ കർണാടക മികവുറ്റ ഒരു നേതാവിനെ തേടുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് ഫലം താൽക്കാലികമാണെന്നും ആ ട്രെൻഡ് എന്നും നിലനിൽക്കില്ലെന്നും ദേവഗൗഡയെ പ്രധാനമന്ത്രിയാക്കുന്നതിൽ കിങ് മേക്കറായി വർത്തിച്ച സി.എം. ഇബ്രാഹിം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
