You are here
രാഷ്ട്രനായകര്‍ക്ക് ആദരമര്‍പ്പിച്ച് മലയാളി കുടുംബിനിയുടെ കരവിരുത്
റാസല്‍ഖൈമ: 48ാമത് ദേശീയ ദിനത്തെ വരവേല്‍ക്കാന്‍ വൈവിധ്യമാർന്ന പരിപാടികളാണ് രാജ്യമൊട്ടുക്ക് നടക്കുന്നത്. റാസല്‍ഖൈമ അല്‍ മാമൂറ ക്ലിനിക്കിൽ നടന്ന ആഘോഷ പരിപാടിയില്‍ ഏറെ ശ്രദ്ധനേടിയത് പെരിന്തല്‍മണ്ണ സ്വദേശിനി ഫെബിന ദില്ഷാദിെൻറ ചിത്രപ്രദര്‍ശനമായിരുന്നു. കടലാസിലോ തുണിയിലോ അല്ല, മുട്ടത്തോടാണ് ഫെബിനയുടെ കാൻവാസ്. യു.എ.ഇ രാഷ്ട്ര പിതാവിെൻറയും രാഷ്ട്ര നായകരുടെയും ചിത്രങ്ങളാണ് ഫെബിന ഒരുക്കിയത്. ചെറുപ്രായം മുതലേ ചിത്രരചനയോട് താല്പര്യമുള്ള ഫെബിന പഠനകാലത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. പ്രവാസജീവിതത്തിെല ഒഴിവുസമയം ചിത്രരചനയും കരകൗശല പ്രവൃത്തികളും നടത്താറുണ്ട്.

കഴിഞ്ഞ ദേശീയദിനവേളയിലാണ് രാഷ്ട്ര പിതാവ് ശൈഖ് സായിദിെൻറ ചിത്രം വരച്ചത്. അത് മനോഹരമായെന്നു വീട്ടുകാരും കൂട്ടുകാരുമെല്ലാം പ്രോത്സാഹിപ്പിച്ചപ്പോൾ രാജ്യത്തെ എല്ലാ നായകരുടെയും ചിത്രം വരക്കാൻ ആവേശമായി. ഒരു ചിത്രം പൂര്‍ത്തിയാക്കാന്‍ 40 മുട്ടകളുടെ തോടുകള്‍ വേണ്ടിവന്നു. രൂപരേഖയുണ്ടാക്കിയ ശേഷം അതില്‍ മുട്ടത്തോടുകള്‍ പതിക്കുകയായിരുന്നു. റാക് ആരോഗ്യമന്ത്രാലയത്തിലെ ദില്ഷാദിെൻറ ഭാര്യയാണ്. ദാനിഷ്, ദിയ, ദില്‍ഹാന്‍ എന്നിവര്‍ മക്കൾ.