യു.എ.ഇയിലെ ഏറ്റവും വലിയ ആശുപത്രി അബൂദബിയിൽ തുറന്നു
text_fieldsഅബൂദബി: തലസ്ഥാനത്തെ മഫ്റഖ് മേഖലയിൽ യു.എ.ഇയിലെ ഏറ്റവും വലിയ ആശുപത്രി ശൈഖ് ഷഖ്ബൂ ത്ത് മെഡിക്കൽ സിറ്റി (എസ്.എസ്.എം.സി) പ്രവർത്തനമാരംഭിച്ചു. അമേരിക്കയിലെ ഒന്നാം നമ്പർ ആശുപത്രിയായി കണക്കാക്കുന്ന മയോ ക്ലിനിക്കും അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയായ സെഹ യും സംയുക്തമായാണ് മെഡിക്കൽ സിറ്റിയുടെ പ്രവർത്തനം നടത്തുന്നത്. യു.എസിനു വെളിയിൽ മയോ ക്ലിനിക് ഏറ്റെടുക്കുന്ന പ്രഥമ ആരോഗ്യ ചികിത്സാകേന്ദ്രമെന്ന പ്രത്യേകതയുമുണ്ട്. 30,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 741 കിടക്ക സൗകര്യങ്ങളോടെ അതിവിശാലവും അത്യാധുനിക സൗകര്യങ്ങളോടെയുമുള്ള മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സിറ്റിയാണിത്. ഈ മാസം മൂന്നിന് പ്രവർത്തനം തുടങ്ങിയ ആശുപത്രിയിൽ കാർഡിയോളജി, ന്യൂറോളജി, ഇ.എൻ.ടി, നേത്രരോഗം, ഗ്യാസ്ട്രോ ഇൻറസ്റ്റൈനൽ ക്ലിനിക്കുകളിൽ ഔട്ട്പേഷ്യൻറ് വിഭാഗത്തിൽ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി.
പ്രതിദിനം 2500 രോഗികളെ ഔട്ട്പേഷ്യൻറ് വിഭാഗത്തിൽ ചികിത്സിക്കാനുള്ള സൗകര്യവും ഇവിടെ സജ്ജമായിക്കഴിഞ്ഞു. അഞ്ചു മുതൽ ഏഴ് മെഡിക്കൽ നിലകളോടെ നാലു ടവറുകളുള്ള ഇൻപേഷ്യൻറ് വാർഡുകളോടെയുള്ള ആശുപത്രി കെട്ടിടം, രണ്ടു നിലകളുള്ള ഔട്ട്പേഷ്യൻറ് കെട്ടിടം, ഒരു അഡ്മിനിസ്ട്രേറ്റിവ് കെട്ടിടം എന്നിവ അടങ്ങുന്ന ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റി ലോകത്തിലെ ഏറ്റവും നൂതന ചികിത്സാ സൗകര്യങ്ങളോടെയാണ് വിന്യസിച്ചിരിക്കുന്നത്. തലസ്ഥാന എമിറേറ്റിലെ പൊതുമേഖലയിലെ ആരോഗ്യ സേവന വിഭാഗമായ അബൂദബി ഹെൽത്ത് സർവിസസ് കമ്പനി സെഹയും ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സേവന സ്ഥാപനമായ മയോ ക്ലിനിക്കും സംയുക്തമായി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയുടെ (എസ്.എസ്.എം.സി) പ്രവർത്തനങ്ങൾക്ക് നേരിട്ടു മേൽനോട്ടം വഹിക്കും. ഇതുസംബന്ധിച്ച സംയുക്ത കരാറിൽ മയോ ക്ലിനിക്കും സെഹയും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.
അത്യാധുനിക ചികിത്സയിൽ മയോ ക്ലിനിക്കിെൻറ ലോക വൈദഗ്ധ്യവും നൂതന വൈദ്യചികിത്സാരീതികളും അബൂദബിയിലെ ഈ ആശുപത്രിയിലും സമീപ ഭാവിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മയോ ഗ്രൂപ്പിലെ ഒട്ടേറെ വിദഗ്ധ ഡോക്ടർമാർ ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ സേവനമനുഷ്ഠിക്കാനും ചുമതല ഏറ്റെടുക്കാനും തയാറായിക്കഴിഞ്ഞിട്ടുണ്ട്. മയോ ക്ലിനിക്കിെൻറ പങ്കാളിത്തത്തിലൂടെ യു.എ.ഇയുടെ ആരോഗ്യചികിത്സാ മേഖലക്ക് പുതിയ മാനം കൊണ്ടുവരാനാവുമെന്നും നിലവിൽ ലഭ്യമല്ലാത്ത ഒട്ടേറെ ചികിത്സാ മേഖലകൾ ഉറപ്പാക്കാനാവുമെന്നും പ്രാക്ടിസ് വൈസ് ഡീൻ വില്യം സ്റ്റോൺ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
