You are here
ശൈഖ് സുൽത്താൻ ബിൻ സായിദിന് വിട
ഖബറടക്കം അൽ ബുത്തീനിൽ നടന്നു
അബൂദബി: യു.എ.ഇ പ്രസിഡൻറിെൻറ സഹോദരൻ ശൈഖ് സുൽത്താൻ ബിൻ സായിദ് ആൽ നഹ്യാെൻറ മൃതദേഹം ബുധാനാഴ്ച അൽ ബുത്തീനിലെ കുടുംബ ഖബർസ്ഥാനിൽ ഖബറടക്കി. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുടെ നേതൃത്വത്തിൽ രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ, കിരീടാവകാശികൾ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങി ഒട്ടേറെ പേർ മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കത്തിലും പങ്കെടുത്തു.
അൽ ബുത്തീനിലെ ആദ്യത്തെ ശൈഖ് സുൽത്താൻ ബിൻ സായിദ് പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് യു.എ.ഇ പ്രസിഡൻറിെൻറ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷിമി നേതൃത്വം നൽകി. ശൈഖ് മുഹമ്മദ് ബിൻ സായിദ്, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് എന്നിവർ പ്രാർഥനക്ക് ശേഷം ശൈഖ് സുൽത്താെൻറ മൃതദേഹം പള്ളിയിൽനിന്ന് പുറത്തേക്കെടുത്തു. ഖബറടക്കത്തിനു ശേഷം അൽ മുഷ്രിഫ് കൊട്ടാരത്തിൽ ഔദ്യോഗിക അനുശോചനം നടന്നു.
അസർ, മഗ്രിബ് നമസ്കാരത്തിനിടയിൽ അനുശോചനം രേഖപ്പെടുത്താൻ സമൂഹത്തിെൻറ വിവിധ തുറകളിലുള്ള ആയിരക്കണക്കിനാളുകളാണ് എത്തിച്ചേർന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി ഒട്ടേറെ പ്രമുഖരും മുഷ്രിഫ് കൊട്ടാരത്തിലെത്തി. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 10നും ഉച്ചക്ക് ളുഹ്ർ നമസ്കാരം വരെയും തുടർന്ന് അസറിനും മഗ് രിബിനും ഇടയിലും അനുശോചനത്തിന് മുഷ്രിഫ് കൊട്ടാരത്തിൽ നഹ്യാൻ കുടുംബാംഗങ്ങൾക്ക് അനുശേചനം കൈമാറുന്നതിനുള്ള സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ശൈഖ് സുൽത്താൻ ബിൻ സായിദ് ആൽ നഹ്യാൻ തിങ്കളാഴ്ചയാണ് അന്തരിച്ചത്. നിര്യാണത്തെ തുടർന്ന് യു.എ.ഇയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം നടക്കുകയാണ്.