കലയുടെ കളിവിളക്ക് തെളിയിക്കാൻ ജീപ്പാസ് യൂഫെസ്റ്റ് വീണ്ടുമെത്തുന്നു
text_fieldsഅബൂദബി: യു.എ.ഇയിലെ സ്കൂള്‍ വിദ്യാർഥികള്‍ക്ക് ഇനി കലയുടെ ഉത്സവനാളുകള്‍. പ്രവാസഭൂമിക്ക് താളമേളങ്ങളുടെയും നൂപുരധ്വനികളുടെയും നൃത്തച്ചുവടുകളുടെയും ദിനരാത്രങ്ങൾ സമ്മാനിക്കുന്ന ജീപ്പാസ് യൂഫൈസ്റ്റ് സീസണ് നാലിന് തുടക്കമാവുകയാണ്. യു.എ.ഇയിലെ സ്കൂളുകള്‍ ഇതിനകം ഹൃദയപൂർവം ഏറ്റെടുത്തുകഴിഞ്ഞ കലാമാമാങ്കത്തിെൻറ നാലാം സീസൺ പ്രചാരണ കാമ്പയിന് ലഭിച്ചത് ആവശോജ്ജ്വല സ്വീകരണം. നാലാം സീസണിെൻറ ഭാഗമായി ‘പത്തു ദിനങ്ങള്‍, 20 സ്കൂളുകള്‍’ പ്രചാരണ കാമ്പയിന് അബൂദബി എമിറേറ്റിൽ തുടക്കമായി. യു.എ.ഇയിലെ പ്രമുഖ റേഡിയോ ചാനലായ ഹിറ്റ് 96.7 എഫ്.എം അവതാരകരാണ് കാമ്പയിന് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബുധനാഴ്ച അബൂദബിയിലെ ഷൈനിങ് സ്റ്റാര്‍ ഇൻറര്‍നാഷനല്‍ സ്കൂള്‍, ദ മോഡല്‍ സ്കൂള്‍ എന്നിവിടങ്ങളിൽ നടന്ന കാമ്പയിനിൽ ഹിറ്റ് 96.7 എഫ്.എം അവതാരകരായ മിഥുന് രമേഷ് വിദ്യാർഥികളെ യൂഫെസ്റ്റ് സീസണ് 4ലേക്ക് സ്വാഗതം ചെയ്തു. യൂഫെസ്റ്റ് സീസണ് നാലിെൻറ പോസ്റ്ററും സ്കൂളുകൾക്ക് കൈമാറി. യൂഫെസ്റ്റ് സംഘാടകരായ ഇക്വിറ്റി പ്ലസ് അഡ്വര്‍ടൈസിങ് എം.ഡി ജൂബി കുരുവിള, ആഡ്സ്പീക്ക് ഡയറക്ടര്‍ ദില്‍ഷാദ് എന്നിവരും ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.
കലാമാമാങ്കത്തിെൻറ സന്ദേശവുമായെത്തിയ ജീപ്പാസ് യുഫെസ്റ്റ് സംഘത്തെ കുട്ടികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. നവംബര്‍ 15ന് ജീപ്പാസ് യൂഫെസ്റ്റ് സീസണ് നാലിെൻറ സോണല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. അബൂദബിയിലായിരിക്കും ആദ്യത്തെ സോണല്‍ ഫെസ്റ്റിന് തുടക്കമാവുക. കഴിഞ്ഞ സീസണിലേതുപോലെ ഇത്തവണയും വിവിധ എമിറേറ്റുകളിലെ സ്കൂളുകളെ മൂന്നു സോണുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. നോര്‍ത്ത് സോണില്‍ റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, അജ്മാന് എമിറേറ്റുകളിലെ വിദ്യാർഥികള്‍ മാറ്റുരക്കും. സൗത്ത് സോണ്‍ തലത്തില്‍ അബൂദബി, അല്‍ഐന്‍ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് മത്സരിക്കുക. ദുബൈ, ഷാര്‍ജ എമിറേറ്റുകളിലെ വിദ്യാർഥികളാണ് സെന്‍ട്രല്‍ സോണില്‍ മാറ്റുരക്കാനെത്തുന്നത്. കഴിഞ്ഞവര്‍ഷം നൂറിലധികം സ്കൂളുകളില്‍നിന്നുളള 5000ത്തിലധികം കലാപ്രതിഭകളാണ് യൂഫെസ്റ്റില് പങ്കെടുത്തത്. ഇത്തവണ സ്റ്റേജ്, സ്റ്റേജിതര വിഭാഗങ്ങളിലായി 34 ഇനങ്ങളില്‍ മത്സരം നടക്കും. സ്കൂള്‍ അധ്യാപികമാര്‍ക്കായുള്ള പ്രത്യേക തിരുവാതിരക്കളിയാണ് ഇത്തവണത്തെ പ്രത്യേകതകളിലൊന്ന്. സൗത്ത് സോണ്‍ മത്സരങ്ങൾ നവംബര്‍ 15,16 തീയതികളില്‍ അബൂദബിയിലും നോര്‍ത്ത് സോണ്‍ 22, 23 തീയതികളില്‍ റാസല്‍ഖൈമയിലും സെന്‍ട്രല്‍ സോണ്‍ മത്സരങ്ങള്‍ 29,30 തീയതികളില്‍ ദുബൈയിലും നടക്കും.
ഡിസംബര്‍ 5, 6 തീയതികളിലായി ഷാര്‍ജയിലായിരിക്കും ഗ്രാൻഡ് ഫിനാലെ അരങ്ങേറുക. മത്സരങ്ങളില്‍ വിജയികളാകുന്ന കലാപ്രതിഭകള്‍ക്ക് മെഡലിനും സര്‍ട്ടിഫിക്കറ്റിനും പുറമെ ആകര്‍ഷകമായ സമ്മാനങ്ങളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഷാര്‍ജ ഇന്ത്യന്‍ സ്കൂളാണ് യൂഫെസ്റ്റില് ഓവറോള്‍ ചാമ്പ്യന്മാരായത്. ഇത്തവണയും ജീപ്പാസാണ് യൂഫെസ്റ്റിെൻറ പ്രധാന സ്പോണ്സര്. പ്രശസ്തമായ ലേണിങ് ആപ്ലിക്കേഷനായ ബൈജൂസ് ആപ്പും ഇത്തവണ യു.എ.ഇയുടെ ജനപ്രിയ കലാമേളയായ യൂഫെസ്റ്റിൽ മുഖ്യ സ്പോണ്‍സറായി പങ്കാളിയാവും. യു.എ.ഇയിലെ ഇന്ത്യന്‍ സ്കൂളുകളെ ഉള്‍പ്പെടുത്തി പ്രവാസി വിദ്യാർഥികളുടെ കലാവാസനകളെ പരിപോഷിപ്പിക്കാന്‍ മൂന്നുവര്‍ഷം മുമ്പാണ് യുഫെസ്റ്റിന് തുടക്കം കുറിച്ചത്. യുഫെസ്റ്റിെൻറ എല്ലാ എഡിഷനുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കെട്ടിലും മട്ടിലും കേരളത്തിലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിെൻറ നിലവാരത്തോടെയാണ് യൂഫെസ്റ്റ് അണിയിച്ചൊരുക്കിയിരിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു. കേരളത്തില്‍നിന്നുള്ള വിദഗ്ധ ജൂറി പാനലാണ് വിധിനിർണയത്തിനെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
