സ്വപ്നങ്ങള്‍ പ്രശ്നങ്ങളെക്കാള്‍ വലുതായിരിക്കണം –സ്റ്റീവ് ഹാര്‍വി
text_fieldsഷാര്‍ജ: മോശം തമാശകള്‍ എഴുതിയാണ് എഴുത്തുമേഖലയിലേക്ക് കടന്നതെന്നും പിന്നീടാണ് എഴുത്ത് കാര്യമായി എടുത്തതെന്നും അമേരിക്കന്‍ ടെലിവിഷന്‍ അവതാരകനും നടനും എഴുത്തുകാരനുമായ സ്റ്റീവ് ഹാര്‍വി പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിലുള്ള അചഞ്ചല വിശ്വാസം വിജയപാതയിലെ നാഴികക്കല്ലായിരുന്നു. കടുത്ത ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റിയത് കലയാണ്. കുട്ടിക്കാലത്ത് വേദന നിറഞ്ഞ ദിനരാത്രങ്ങളായിരുന്നു. എന്നാല്‍, നിശ്ചയവും വിജയിക്കാനുള്ള തീരാത്ത മോഹവുമാണ് തന്നെ ഈ നിലയിലേക്ക് ഉയര്‍ത്തിയത് -എക്സ്പോസെൻററിലെ ബാള്‍റൂമില്‍ നിറഞ്ഞുകവിഞ്ഞ വിദ്യാര്‍ഥി സദസ്സിനെ ഹാര്‍വി ഉണര്‍ത്തി.
ഇന്നത്തെ ലോകത്ത് എങ്ങനെ പഠനത്തിലും ജീവിതത്തിലും വിജയം കൈവരിക്കാമെന്നതിനെ കുറിച്ച് അദ്ദേഹം നര്‍മം കൂട്ടികലര്‍ത്തി വിശദീകരിച്ചു. ടെലിവിഷനില്‍നിന്ന് വളരെ കുറച്ച് വരുമാനം ലഭിച്ചിരുന്ന കാലത്താണ് ഈ മേഖലയില്‍ എത്തിയത്. തുടക്കത്തില്‍ പരിപാടികള്‍ക്ക് കാഴ്ചക്കാരും കുറവായിരുന്നു. കുടുംബമാകട്ടെ വളരെ ദരിദ്രമായ ചുറ്റുപാടിലായിരുന്നു. അക്കാലത്ത് കറുത്തവര്‍ ആരും ഉണ്ടായിരുന്നില്ല ടെലിവിഷനില്‍. പിതാവ് കൽക്കരി തൊഴിലാളിയായിരുന്നു. അദ്ദേഹത്തെപ്പോലെ ഒരു തൊഴിൽ സമ്പാദിക്കണമെന്നായിരുന്നു കുടുംബത്തിെൻറ താൽപര്യം.
എന്നാൽ, നിലക്കാത്ത ആഗ്രഹത്തോട് ചേർന്നുനിന്ന് പ്രയത്നിച്ചപ്പോള്‍ ലോകം തന്നെ സ്വീകരിച്ചു. നിങ്ങളുടെ സ്വപ്നം നിങ്ങളുടെ എല്ലാ പ്രശ്നങ്ങളേക്കാളും വലുതായിരിക്കണം. ഞാന്‍ ഭവനരഹിതനായിരുന്നപ്പോള് എെൻറ സ്വപ്നം വലുതായിരുന്നു, ഞാന്‍ കറുത്തവനായിരുന്നു, അതു വലിയ സ്വപ്നം കാണുന്നതില്‍നിന്ന് എന്നെ തടഞ്ഞില്ല. നിങ്ങള്‍ക്ക് ദൈവമുണ്ട്, നിങ്ങള്‍ക്ക് എല്ലാം ഉണ്ട്. യു.എസിലെ ടെലിവിഷന്‍ വ്യത്യസ്തമാണ്. നിങ്ങള്‍ ശ്രദ്ധിക്കണം, ഹോളിവുഡ് ഒരു വൃത്തികെട്ട സ്ഥലമാണ്, ശ്രദ്ധയോടെ വേണം അതിനെ സമീപിക്കാന്‍. സമാനരായ ആളുകളുമായി സ്വയം ചുറ്റിക്കറങ്ങണമെന്നും കഠിനാധ്വാനത്തിന് പകരം ഒന്നുമില്ലെന്നും യുവാക്കളെ ഉപദേശിച്ചാണ് അദ്ദേഹം നിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
