കേബിള്‍ കാറുകളുടെ പരീക്ഷണയോട്ടം; ഷാര്‍ജ പുതു കുതിപ്പിന്
text_fieldsഷാര്‍ജ: ഗള്‍ഫ് രാജ്യങ്ങളില്‍ ഗതാഗതമേഖലയില്‍ നിരവധി പുതിയ ആശയങ്ങള്‍ക്ക് തുടക്കം. ഷാര്‍ജ കേബിൾ കാറുമായി രംഗത്ത്. നിര്‍മിതബുദ്ധിയുടെ കാലഘട്ടത്തില്‍ സ്കൈവേ പദ്ധതിക്ക് തുടക്കം കുറിച്ചാണ് ഷാര്‍ജ പുതുചരിതമെഴുതുന്നത്. തിരക്ക് പിടിച്ച ഷാര്‍ജയുടെ ഗതാഗത മേഖലയിലെ കുരുക്കഴിക്കാന്‍ നൂതന മാര്‍ഗങ്ങളാണ് ഈ നീക്കത്തിലൂടെ സംജാതമാകുന്നത്. കേബിളില്‍ കൊളുത്തിയിട്ട പോഡുകളിലൂടെയുള്ള ‘സ്മാർട്ട്’ യാത്രയാണ് ഷാര്‍ജയില്‍ യാഥാര്‍ഥ്യമാകുന്നത്. യാത്രക്കും ചരക്കുനീക്കത്തിനും കേബിള്‍ കാറുകള്‍ ഉപയോഗപ്പെടുത്തി, മേഖലയില്‍ അനുഭവപ്പെടുന്ന കുരുക്കുകള്‍ പൂര്‍ണമായി അഴിച്ചുമാറ്റാനും വിനോദസഞ്ചാര മേഖലയില്‍ പുത്തനുണര്‍വ് പകരാനുമായിട്ടാണ് സ്കൈവേ പദ്ധതിക്ക് ഞായറാഴ്ച തുടക്കം കുറിച്ചത്.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സാന്നിധ്യത്തില്‍ ഷാര്‍ജ റിസര്‍ച്ച്, ടെക്നോളജി ആന്‍ഡ് ഇന്നവേഷന്‍ പാര്‍ക്കില്‍ (എസ്.ആര്.ടി.ഐ.പി) ആയിരുന്നു പരീക്ഷണയോട്ടം. പോഡിലൂടെയുള്ള യാത്ര സുല്‍ത്താന്‍ ആസ്വദിക്കുകയും ചെയ്തു. നിര്‍മിതബുദ്ധിയുടെ പുത്തന്‍ ആശയങ്ങള്‍ പ്രയോജനപ്പെടുത്തിയുള്ള അടിസ്ഥാന വികസനത്തിലാണ് ഇത് സ്ഥാനം പിടിച്ചിട്ടുള്ളത്. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ മുവൈല മേഖല വരെയാണ് ആദ്യഘട്ടം. തിരക്കേറിയ ജനവാസ, കച്ചവട, വിദ്യാഭ്യാസ മേഖലകളും ത്വരിതഗതിയിലുള്ള വികസനങ്ങളും നടക്കുന്ന മേഖലയാണിത്. അടുത്ത ഘട്ടങ്ങളില്‍ ദീര്‍ഘദൂര സേവനങ്ങള്‍ ആരംഭിക്കാനാണ് നീക്കം.
ഈ രംഗത്ത് പ്രശസ്തരായ ബെലാറസിലെ സ്കൈവേ ഗ്രീന്‍ ടെക് കമ്പനിക്കാണ് നിര്‍മാണച്ചുമതല. റോഡിന് മുകളിലൂടെയാണ് കേബിള്‍ കാറുകള്‍ സഞ്ചരിക്കുക, അതുകൊണ്ടുതന്നെ തിരക്കിലകപ്പെടാതെ വളരെ വേഗത്തില്‍ ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്ന് എസ്.ആര്.ടി.ഐ.പി സി.ഇ.ഒ ഹുസൈന് അല്‍ മഹ്മൂദി പറഞ്ഞു. പദ്ധതി ലക്ഷ്യത്തിലെത്തുന്നതോടെ റോഡിലെ തിക്കുംതിരക്കും കുറക്കാനാകും. പ്രോട്ടോകോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി വകുപ്പ് മേധാവി മുഹമ്മദ് ഉബൈദ് അല്‍ സാബി, ഷാര്‍ജ ജല-വൈദ്യുതി അതോറിറ്റി (സേവ) ചെയര്മാന് റാഷിദ് അല്‍ ലീം, ഷാര്‍ജ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ചെയര്മാന് അബ്ദുല്ല സാലിം അല്‍ താരിഫി, ഷാര്‍ജ പ്ലാനിങ് ആന്‍ഡ് സർവേ വകുപ്പ് ഉപദേശകന് സലാഹ് ബിന്‍ ബുത്തി അല്‍ ബുഹൈരി, അമേരിക്കന്‍ സർവകലാശാല ചാന്‍സലര്‍ ഡോ. കെവിന് മിച്ചല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
