86 കിലോ തൂക്കമുള്ള ലോഗര്‍ഹെഡ് ആമയെ മോചിപ്പിക്കും
text_fieldsഷാര്‍ജ: യു.എ.ഇ തീരത്തുനിന്ന് കണ്ടെത്തിയ 86 കിലോഗ്രാം തൂക്കം വരുന്ന ലോഗര്‍ഹെഡ് (വലുപ്പമ ുള്ള കടലാമ) പെണ് ആമയെ സംരക്ഷകര്‍ വീണ്ടും കടലിലേക്ക് വിടാന്‍ ഒരുങ്ങുന്നു. ക്ഷീണിച്ച് കാണപ്പെട്ട ഇതിനെ മറ്റ് ജീവികള്‍ ആക്രമിക്കുന്നതിനിടയിലാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ദുബൈ കടലാമ പുനരധിവാസ കേന്ദ്രത്തിലെ വിദഗ്ധര്‍ ഇതിന് സംരക്ഷണം ഒരുക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 9.30ന് ഷാര്‍ജയിലെ കല്‍ബ കോര്ണിഷില്നിന്നായിരിക്കും കടലിലേക്കുള്ള തിരികെ യാത്ര. ആമയുടെ തിരികെ യാത്ര കാണാന്‍ താൽപര്യമുള്ളവര്ക്ക് അവസരവുമുണ്ട്. കട്ടിയുള്ള പുറംതോടുള്ള ലോകത്തിലെ ഏറ്റവും വലിയ ആമ വിഭാഗമാണ് ലോഗര്‍ഹെഡ്. അറ്റ്ലാൻറിക്, ഇന്ത്യന്‍, പസഫിക് സമുദ്രങ്ങളില്‍ ഇതിനെ കാണാം.
പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന, ആഗോള അതോറിറ്റിയായ ഇൻറര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ഇതിനെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രായപൂര്‍ത്തിയായ ഒരു ലോഗര്ഹെഡിെൻറ ശരാശരി വലുപ്പം 90 സെൻറിമീറ്ററും തൂക്കം ഏകദേശം 135 കിലോഗ്രാമുമാണ്. ഞായറാഴ്ച രാവിലെ ഒമ്പതുമണി മുതല്‍ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നതാണെന്ന് ദുബൈ കടലാമ പുനരധിവാസ കേന്ദ്രത്തിലെ വിദഗ്ധര്‍ പറഞ്ഞു. ഇത്തരം ആമകളുടെ സാന്നിധ്യം ഒമാന്‍ തീരത്താണ് കൂടുതലായി കാണപ്പെടുന്നത്. അതുകൊണ്ടാണ് ഇതിനെ കല്‍ബ തീരത്തുനിന്ന് യാത്രയാക്കുന്നത്. ആമയുടെ സഞ്ചാരപഥവും ജീവിത സാഹചര്യങ്ങളും മറ്റ് ജലജീവികളുമായുള്ള സഹവാസവും ആരോഗ്യവും നിരീക്ഷിക്കുന്നതിനായി സാറ്റലറ്റ് ടാഗ് ഘടിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 2004ല്‍ പ്രവര്‍ത്തനം തുടങ്ങിയ കേന്ദ്രത്തില്‍നിന്ന് ഇതിനകം 1600 ആമകളെയാണ് മോചിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
