കറൻറ് വേണ്ടേ വേണ്ട, കൈ കൊണ്ടു കറക്കിയാൽ ബൾബ് കത്തും
text_fieldsദുബൈ: ഇരുണ്ട ഭൂഖണ്ഡമെന്ന് പാഠപുസ്തകങ്ങളിലൂടെ വായിച്ചു പഠിച്ച ആഫ്രിക്കയിലെ രാജ്യ ങ്ങളെ ഇരുട്ടിൽനിന്ന് രക്ഷിക്കാനുള്ള പദ്ധതികളൊരുക്കുകയാണ് ഒരുകൂട്ടം ഇമറാത്തി വി ദ്യാർഥികൾ. വൈദ്യുതി എന്നത് കേട്ടുകേൾവി പോലുമില്ലാത്ത ആഫ്രിക്കയിലെ ഗ്രാമങ്ങൾക്ക് വെളിച്ചത്തിെൻറ വെള്ളിപ്രകാശം നൽകുന്ന നൂതനമായ കണ്ടുപിടിത്തമാണ് ഷാർജയിലെ അമേരിക്കൻ സർവകലാശാലയിൽനിന്ന് പഠിച്ചിറങ്ങിയ എൻജിനീയർമാരും മാനേജ്മെൻറ് വിദഗ്ധരുമായ ഇൗ സംരംഭകർ ഒരുക്കിയത്. വൈദ്യുതിയോ ബാറ്ററിയോ സൗരോർജമോ ഇല്ലാതെ തന്നെ മിഴിവോടെ കത്തുന്ന സ്മാർട്ട് ബൾബാണ് ഇൗ ടെക്കിസംഘം കണ്ടെത്തിയിരിക്കുന്നത്. യു-ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ഇൗ ബൾബിനു താഴെ ഘടിപ്പിച്ചിട്ടുള്ള പിടി കൈ കൊണ്ടു ഒന്നു കറക്കി കൊടുത്താൽ മാത്രം മതി, രണ്ടര മണിക്കൂറോളം പ്രകാശം പരത്തും. ഉൗർജരംഗത്തും കടുത്ത ദാരിദ്ര്യം പേറുന്ന ആഫ്രിക്കൻ രാജ്യങ്ങളിലെ വൈദ്യുതി ഇതുവരെ എത്തിയിട്ടില്ലാത്ത, വിദൂരഭാവിയിലൊന്നും വൈദ്യുതി വിതരണം സാധ്യമാകാത്ത നാടുകളിലാണ് ആദ്യമായി ഇവ എത്തിക്കുക.
വെട്ടം മങ്ങിയാൽ പഠനം പോലും മുടങ്ങിപ്പോകുന്ന വിദ്യാർഥികൾ ഏറെയുള്ളതും ഇരുട്ട് പടരുന്നതോടെ കച്ചവടം അവസാനിപ്പിക്കേണ്ടി വരുന്ന വരുമാനം കുറഞ്ഞ വ്യാപാരികളുമുള്ള പ്രദേശങ്ങൾക്കാണ് പ്രത്യേക പരിഗണ നനൽകുന്നത് - യു-ലൈറ്റ് പ്രോജക്ട് സഹ സ്ഥാപകൻ ഉമർ മുഹമ്മദ് ഗാനിം പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം 84 കോടി ജനങ്ങളാണ് വെളിച്ചമോ വൈദ്യുതിയോ ഇല്ലാതെ ആഫ്രിക്കയിൽ ഇരുൾ ജീവിതം തുടരുന്നത്. രാത്രിയായാൽ മണ്ണെണ്ണ വിളക്കുകളോ മെഴുകുതിരിയോ തന്നെയാണ് ഇപ്പോഴും ആശ്രയം. അഗ്നിബാധയുൾപ്പെടെ അപകട സാധ്യതകൾക്ക് പുറമെ മണ്ണെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നതു മൂലം ശ്വാസകോശ രോഗങ്ങൾ പെരുകുന്നതും ആഫ്രിക്കക്ക് ദുരിതമാവുന്നുണ്ട്.
ഇതിനെല്ലാം പരിഹാരമായി യു-ലൈറ്റ് ആഫ്രിക്കൻ ജനജീവിതത്തിൽ സന്തോഷത്തിെൻറ വെളിച്ചം പകരുമെന്നാണ് ഇവരുടെ വിശ്വാസം. കൈ കൊണ്ട് കറക്കി 16.5 മിനിറ്റ് കൊണ്ട് മുഴുവനായി ചാർജ് ചെയ്താൽ രണ്ടര മണിക്കൂറോളം ബൾബ് കത്തും. കൈ കൊണ്ടു കറക്കുമ്പോൾ ചെറിയ ബാറ്ററി യൂനിറ്റിൽ സംഭരിക്കുന്ന ഉൗർജമാണ് ബൾബ് കത്തുന്നതിന് സഹായിക്കുന്നത്. ഇതിനകം 20,000ത്തിൽപരം ബൾബുകളുടെ ഓർഡറുകളാണ് സംരംഭകർക്ക് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് ലഭിച്ചത്. ദുബൈ ആതിഥ്യമരുളുന്ന ആഗോള വിസ്മയമായ എക്സ്പോ 2020 പ്രദർശനത്തോടനുബന്ധിച്ച് കൂടുതൽ ഉൽപാദനം നടത്താനുള്ള തയാറെടുപ്പിലാണിവർ. വിവിധ മേഖലകളിലെ എൻജിനീയർമാർ ഉൾപ്പെടെ യു-ലൈറ്റ് സംഘം കഴിഞ്ഞ ആഗസ്റ്റിൽ നൈജീരിയയിൽ പുതിയ ഉൽപന്നത്തിെൻറ പരീക്ഷണം നടത്തിയിരുന്നു. മികച്ച പ്രതികരണമാണ് ഇതുവഴി ലഭിച്ചതെന്നും സംരംഭകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
