ഷാര്‍ജ പുസ്തകമേള ഇക്കുറിയും താരജാലകം
text_fieldsഷാർജ: അക്ഷരപൂരങ്ങളുടെ പൂരമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ 38ാമത് അധ്യായവും ചരിത്ര സംഭവമാവും. വായനാ പ്രേമികൾ ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന നൊബേൽ സമ്മാന ജേതാവ് ഒാർഹാൻ പാമുക് ഉൾപ്പെടെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും അന്താരാഷ്ട്ര പ്രതിഭകളുടെയും സമ്മോഹന സംഗമമായിരിക്കും ഒക്ടോബർ 30ന് ആരംഭിക്കുന്ന മേള. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന 11 ദിന ഉത്സവത്തിൽ 81 രാജ്യങ്ങളില്‍നിന്ന് 2000 പ്രസാധകരുടെ ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് എത്തുന്നത്. ശാസ്ത്രം, അറിവ്, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ ഊന്നൽ നൽകുന്ന പുസ്തക പൂരത്തിെൻറ ശീർഷകം ‘തുറന്ന പുസ്തകം, തുറന്ന മനസ്സ്’ എന്നാണ്. 987 സാംസ്കാരിക പരിപാടികൾ നടക്കും.
173 എഴുത്തുകാർ മേളയിലെത്തും. ഇന്ത്യയില്‍നിന്ന് മാത്രം നൂറിലേറെ പ്രസാധകര് പങ്കുചേരും. ഓക്സര്‍ ജേതാവ് സ്റ്റീവ് ഹാര്‍വേയുടെ സാന്നിധ്യം മേളയിലെ തിളക്കമാവും. വിഖ്യാത ഇന്ത്യൻ എഴുത്തുകാരൻ വിക്രം സേത്ത്, അക്കാദമിക് അവാർഡ് ജേതാവും മധുര ഗാനങ്ങളുടെ കർത്താവുമായ ഗുൽസാർ, അനിതാ നായർ എന്നിവരാണ് ഇന്ത്യൻ അതിഥികളിൽ പ്രമുഖർ. മലയാളത്തിൽ നിന്ന് നടന് ടൊവീനോ തോമസും ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മയും എത്തുന്നുണ്ട്. മെക്സിക്കോയാണ് ഈ വര്‍ഷത്തെ അതിഥിരാജ്യം. 10 പുതിയ രാജ്യങ്ങള്‍ മേളയില്‍ പുസ്തകങ്ങളുമായി എത്തും. 61 രാജ്യങ്ങളില്‍നിന്ന് 350 പ്രഭാഷകര്‍ മേളയിലെത്തുന്നുണ്ട്. കുട്ടികള്‍ക്കായി പ്രത്യേക പരിപാടികളും പാചകമേളകളുമുണ്ടാകുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹ്മദ് ബിൻ റക്കാദ് അൽ അംരി പറഞ്ഞു.
സൈപ്രസ്, എക്വഡോർ, എസ്തോണിയ, ഗ്രീസ്, കിർഗിസ്താൻ, മൊസാംബിക്, സോമാലിയ, ദക്ഷിണ കൊറിയ, തായ്വാൻ, വെനിസ്വേല എന്നിവയാണ് ഷാർജ പുസ്തക മേളയിൽ പുതുതായി എത്തുന്ന രാജ്യങ്ങൾ. യു.എ.ഇയിൽനിന്ന് മാത്രം 198 പ്രസാധകരാണ് മേളയിൽ പുസ്തകങ്ങൾ നിരത്തുന്നത്. ഇൗജിപ്തിൽനിന്ന് 83, ലെബനാനിൽനിന്ന് 91, സിറിയയിൽ നിന്ന് 64 പ്രസാധകരെത്തും. കുട്ടികൾക്കായി 409 പരിപാടികളാണ് അരങ്ങേറുന്നത്. 14 രാജ്യങ്ങളിൽനിന്ന് 88 നാടകങ്ങളും അവർക്ക് ആസ്വദിക്കാം. ജനപ്രിയ കുവൈത്ത് നാടകമായ ‘വകൻദ’ ഉൾപ്പെടെ എട്ട് അറബ് നാടകങ്ങൾ ഇതിലുണ്ട്. കോമിക് ബുക്ക് കോർണർ ഉൾപ്പെടെ പ്രധാന ബോക്സ് ഓഫിസ് ഹിറ്റുകളായ ബ്ലാക്ക് പാന്തർ, ഗ്രീൻ ഹോർനെറ്റ്, സ്പൈഡർമാൻ, ക്യാപ്റ്റൻ അമേരിക്ക എന്നിവ പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
