ബഹിരാകാശത്തെത്തിയ 19ാമത് രാജ്യം; അടുത്ത ലക്ഷ്യം ചൊവ്വ
text_fieldsദുബൈ: മേജർ ഹസ്സ അൽ മൻസൂരിക്കൊപ്പം ആകാശത്തേക്ക് കുതിച്ചത് ഒരു നാടിെൻറ ഒന്നാകെയ ുള്ള പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്. എണ്ണയും പണവും മാത്രമുള്ള, മറ്റൊന്നിനും കഴിവി ല്ലെന്ന് ഒരു കാലത്ത് ലോകം മുദ്രകുത്തിയ സമൂഹത്തിെൻറ പ്രതിനിധിയാണ് അന്താരാഷ് ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് പറന്നത്. രണ്ടു ബഹിരാകാശ യാത്രികരെയാണ് യു.എ.ഇ മാസങ്ങളായി ഈ ദൗത്യത്തിനായി പരിശീലിപ്പിച്ചത്. ഒപ്പം, പരിശീലനം നേടിയ സുല്‍ത്താന്‍ അല്‍ നിയാദി അടിയന്തര സാഹചര്യത്തില്‍ ഹസ്സക്കു പകരം ദൗത്യം ഏറ്റെടുക്കാന്‍ തയാറായി നില്‍പ്പുണ്ടായിരുന്നു. ഈ നേട്ടം കൈവരിക്കുന്ന 19ാമത്തെ രാജ്യമാണ് യു.എ.ഇ. ഇവിടം കൊണ്ടും അവസാനിക്കുന്നില്ല യു.എ.ഇയുടെ ദൗത്യങ്ങൾ. ഇൗ ബഹിരാകാശകുതിപ്പിെൻറ ഉൗർജകേന്ദ്രമായ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ഹസ്സ യാത്ര പുറപ്പെട്ട നിമിഷം തന്നെ അക്കാര്യം ഒാർമപ്പെടുത്തുകയും ചെയ്തു, നമ്മുടെ അടുത്ത ഉന്നം ചൊവ്വയാണെന്ന്.
അതും സമ്പൂർണമായി യു.എ.ഇ യുവത രൂപകൽപന ചെയ്ത സാേങ്കതിക സംവിധാനങ്ങളോടെ. ലോകത്തിെൻറ മറ്റു കോണുകളോട് കിടപിടിക്കും വിധം അറബ് യുവജനങ്ങളുടെ കുതിപ്പ് സാധ്യമാണ് എന്ന സന്ദേശമാണ് ഹസ്സ അൽ മൻസൂരിയുടെ ബഹിരാകാശ പ്രവേശം നൽകുന്നതെന്നും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ഹസ്സ അൽ മൻസൂരിയുടെ ബഹിരാകാശ പ്രവേശനത്തെ ഇമറാത്തി യുവതയുടെ അഭിമാന നേട്ടമായി അറബ്-മുസ്ലിം ലോകത്തിന് സമർപ്പിക്കുന്നുവെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. അറബ് ലോകത്തിന് കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ ആത്മവിശ്വാസം പകരുന്ന ചുവടുവെപ്പാണിത്. കഴിഞ്ഞദിവസം ഹസ്സയുമായി ആശയവിനിമയം നടത്തിയ ശൈഖ് മുഹമ്മദ് ഒരുക്കങ്ങളെക്കുറിച്ച് ഉറപ്പുവരുത്തിയിരുന്നു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ദുബൈയിലെ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെത്തി യാത്രയുടെ തത്സമയ സംപ്രേഷണം വീക്ഷിച്ചു.
അടുത്തവര്‍ഷം ചൊവ്വ പര്യവേക്ഷണത്തിന് തുടക്കമിടുന്ന യു.എ.ഇക്ക് ആത്മവിശ്വാസം പകരുന്നതാണ് ബഹിരാകാശത്തേക്കുള്ള ആദ്യ യാത്ര. 16 ഗവേഷണങ്ങളും പഠനങ്ങളുമാണ് ഹസ്സ അൽ മന്‍സൂരി ഒക്ടോബര്‍ മൂന്നുവരെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ നിര്‍വഹിക്കുക. ഓസ്റ്റിയോളജി, ഫ്ലൂയിഡ് ഡൈനാമിക്സ്, മൈക്രോ ഗ്രാവിറ്റി എന്നിവയിലുള്ള ഗവേഷണങ്ങള്ക്കുപുറമെ തെൻറ ദൗത്യത്തിന് കാതോര്ക്കുന്നവര്ക്കായി ഹാം റേഡിയോ വഴിയും മറ്റും തല്‍സമയ വിവരങ്ങള്‍ കൈമാറും. അവിടെ നമസ്കാരം നടത്തുന്നതിെൻറ തത്സമയ വിവരണവും നൽകുമെന്ന് അദ്ദേഹം കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. സ്വന്തമായി വികസിപ്പിച്ച ഖലീഫസാറ്റ് ഉള്‍പ്പെടെ 10 ഉപഗ്രഹങ്ങള്‍ നിലവില്‍ യു.എ.ഇ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്. അടുത്തവര്‍ഷം രണ്ട് ഉപഗ്രഹം കൂടി വിക്ഷേപിക്കും. 2117ല്‍ ചൊവ്വയിലെ ആദ്യ നഗരം നിർമിക്കുന്ന രാഷ്ട്രമായും യു.എ.ഇ മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
