അബൂദബിയിൽ ടോൾ ഒക്ടോബർ 15 മുതൽ
text_fieldsഅബൂദബി : തലസ്ഥാന നഗരിയിലേക്കുളള യാത്രക്ക് ഒക്ടോബർ 15 മുതൽ ‘ടോൾ’ ഏർപ്പെടുത്തും. അബൂ ദബി ഗതാഗത വകുപ്പാണ് ഇക്കാര്യം ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉപരിതല ഗതാഗ ത മാസ്റ്റർ പ്ലാൻ പ്രകാരം ഗതാഗത വകുപ്പും ഇൻഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻററും സംയു ക്തമായാണ് ടോൾ ഗേറ്റ് സംവിധാനം നടപ്പാക്കുന്നത്.
കഴിഞ്ഞ മൂന്നു ദിസമായി വാട്സാപ്പി ലും മറ്റു സമൂഹ മാധ്യങ്ങളിലും പ്രചരിച്ചിരുന്ന ‘ടോൾ’ ഇതോടെ യാഥാർഥ്യമാവുമെന്നുറപ് പായി. അബൂദബി നഗരത്തിലേക്ക് കടക്കുന്ന നാല് പ്രധാന പാലങ്ങളിലും ടോൾ ഗേറ്റുകൾ ഒക്ടോബർ 15 മുതൽ നടപ്പാക്കും. തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും ഗതാഗത മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനുമാണ് പദ്ധതി. അബൂദബിയിലെത്തുമ്പോൾ ശൈഖ് ഖലീഫ പാലം, ശൈഖ് സായിദ് പാലം, മക്ത പാലം, മുസഫ പാലം എന്നിവിടങ്ങളിലെ ടോൾ ഗേറ്റ് കടക്കുന്ന സംവിധാനം സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
തന്ത്രപരമായ ഒട്ടേറെ പദ്ധതികളുടെ ആദ്യഘട്ടമായാണ് ടോൾ ഗേറ്റ് സംവിധാനമെന്ന് അബൂദബി ഗതാഗത വകുപ്പ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അധികൃതർ വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണം, എമിറേറ്റിലെ സുസ്ഥിര ജീവിതരീതി പ്രോത്സാഹിപ്പിക്കൽ എന്നിവയുടെ ഭാഗമായി രണ്ട് വർഷം ഇലക്ട്രിക് വാഹനങ്ങളെ ടോൾ നിരക്കിൽ നിന്ന് ഒഴിവാക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു. തലസ്ഥാന എമിറേറ്റിലെ റോഡുകളിൽ 2017ലെ 17-ാം നമ്പർ നിയമം അനുസരിച്ചാണ് ടോൾ ഗേറ്റ് സംവിധാനം ഏർപ്പെടുത്തുന്നത്. ഓരോ വാഹനവും ശൈഖ് സായിദ് ബ്രിഡ്ജ്, ശൈഖ് ഖലീഫ ബിൻ സായിദ് ബ്രിഡ്ജ്, അൽ മക്ത പാലം, മുസഫ ബ്രിഡ്ജ് എന്നിവിടങ്ങളിലെ നാല് ടോൾ ഗേറ്റുകൾ കടക്കുമ്പോൾ ഇൻഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ ഒരു 'ടോൾ' മാത്രമാണ് ഈടാക്കുക.
ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ 7 മുതൽ 9 വരെയും വൈകീട്ട് 5 മുതൽ ഏഴു വരെയും ഗതാഗത തിരക്കുള്ള സമയങ്ങളിൽ ഓരോ പ്രാവശ്യം വാഹനം കടക്കുമ്പോൾ ടോൾ ഫീസ് നാല് ദിർഹം ആയിരിക്കും. തിരക്കില്ലാത്ത മറ്റു സമയങ്ങളിലും വെള്ളിയാഴ്ചയും പൊതു അവധി ദിവസങ്ങളിലും ഓരോപ്രാവശ്യം ടോൾ നിരക്ക് രണ്ട് ദിർഹം ആയിരിക്കും. ടോൾ ശേഖരണ സംവിധാനം ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. എന്നാൽ ഒരു വാഹനത്തിന് പരമാവധി ഒരു ദിവസം 16 ദിർഹമായിരിക്കും ഫീസ് ചുമത്തുക. അടയ്ക്കേണ്ട തുക പ്രീപെയ്ഡ് ഉപയോക്തൃ അക്കൗണ്ടിൽ നിന്ന് (ഇൻഗ്രേറ്റഡ് ഇലക്ട്രോണിക് പേയ്മെൻറ് വാലറ്റ്) സ്വയം കിഴിക്കും. വാഹനങ്ങളുടെ വിൻഡ്ഷീൽഡിൽ ടാഗ് ഒട്ടിക്കാതെതന്നെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യുന്നതിലൂടെ ഓട്ടോമാറ്റിക്കായി പണം ശേഖരിക്കാനാവും. പദ്ധതിയുടെ ഭാഗമാകാൻ അബൂദബിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വാഹനങ്ങൾക്കും ഔദ്യോഗിക രജിസ്ട്രേഷൻ അടുത്ത മാസം മുപ്പതിന് (ആഗസ്റ്റ് 30ന്) ആരംഭിക്കും. യാതൊരു നിരക്കും ഈടാക്കാതെ സ്വയമേതന്നെ അക്കാണ്ടുകൾ രജിസ്റ്റർ ചെയ്യപ്പെടും. അക്കൗണ്ട് ഉടമകൾക്ക് അവരുടെ യൂസർനെയിം, പാസ്വേഡ് എന്നിവ രേഖപ്പെടുത്തുന്നതിന് ഒരു എസ്.എം.എസ് സന്ദേശവും ലഭിക്കും.
രജിസ്റ്റർ ചെയ്ത അക്കൗണ്ടിലേക്ക് ആവശ്യമെങ്കിൽ അധിക വാഹനങ്ങൾ ചേർക്കാനുള്ള സൗകര്യവുമുണ്ട്. അബൂദബിക്ക് വെളിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങൾ ടോൾ ഗേറ്റുകൾ കടക്കുന്നതിനുമുമ്പ് വാഹന ഉടമ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം. ടോൾ ഗേറ്റ് സിസ്റ്റത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ വാഹനം ടോൾ ഗേറ്റുകൾ കടന്നാൽ ഗേറ്റ് മുറിച്ചുകടന്ന സമയം മുതൽ പത്ത് പ്രവൃത്തി ദിവസത്തെ സമയദൈർഘ്യമാണ് ലഭിക്കുക. ഗ്രേസ് പരിധിയിൽ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാത്തവർക്കാണ് പിഴ ബാധകമാവുക. അബൂദബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങൾക്ക് ടോൾ ഗേറ്റിലൂടെ സഞ്ചരിക്കാൻ ആവശ്യമായ ബാലൻസില്ലെങ്കിൽ ഏതെങ്കിലും വാഹന ലൈസൻസിങ് ഓഫീസുകളിൽ പോസ്റ്റ് പേയ്മെൻറ് സംവിധാനത്തിലൂടെ േടാൾ ഫീസ് അടയ്ക്കാനാവും. ഉപയോക്തൃ അക്കൗണ്ടിൽ മതിയായ ക്രെഡിറ്റ് ഇല്ലാതെ ടോൾ ഗേറ്റ് മുറിച്ചു കടക്കുന്ന അബൂദബിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ ഡ്രൈവർമാർക്ക് അക്കൗണ്ട് ടോപ്പ് അപ്പ് ചെയ്യാനുള്ള പരമാവധി സമയം അഞ്ച് പ്രവൃത്തി ദിവസങ്ങളാണ്. അല്ലെങ്കിൽ നിയമലംഘനത്തിന് പിഴ ലഭിക്കും.
രജിസ്റ്റർ ചെയ്യാത്ത വാഹനം ടോൾ ഗേറ്റ് മുറിച്ചുകടക്കുന്നതിനുള്ള ട്രാഫിക് പിഴ പത്ത് പ്രവൃത്തി ദിവസത്തെ ഗ്രേസ് പിരീഡിന് ശേഷം ആദ്യ ദിവസം 100 ദിർഹവും രണ്ടാം ദിവസം 200 ദിർഹവും മൂന്നാം ദിവസം 400 ദിർഹവും പരമാവധി 10,000 ദിർഹം വരെയുമായിരിക്കും പിഴ. അബൂദബിക്ക് വെളിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനം അക്കൗണ്ടിൽ മതിയായ ബാലൻസില്ലാതെ ഗേറ്റ് മുറിച്ചു കടന്നാൽ ഗ്രേസ് പിരീഡ് പരിധിക്ക് ശേഷം ഓരോ ദിവസവും 50 ദിർഹം വീതമാണ് പിഴ ഈടാക്കുക. ടോൾ ഫീസ് തട്ടിക്കുക എന്ന ലക്ഷ്യത്തോടെ ഉപയോക്താക്കൾ വാഹന നമ്പർ പ്ലേറ്റുകൾ മറച്ചു വെക്കുകയോ കേടുപാടുവരുത്തുകയോ ചെയ്താലും 10,000 ദിർഹമാണ് പിഴ. ഏതെങ്കിലും ഇ-^പേയ്മെൻറ് മെഷീനുകൾക്കോ ടോൾ ഗേറ്റുകൾക്കോ കേടുപാട് വരുത്തിയാലും 10,000 ദിർഹം പിഴ ഈടാക്കും. ശരിയായും സൂക്ഷ്മമായും ഡാറ്റാ റീഡിങ് ഉറപ്പാക്കുന്നതിന് വാഹന ഉടമകൾ എപ്പോഴും അവരുടെ ലൈസൻസ് പ്ലേറ്റുകളിലെ വിവരങ്ങൾ ദൃശ്യവും വ്യക്തവുമായി സൂക്ഷിക്കണം. അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഡാറ്റയിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അവരുടെ പേരിലുള്ള സ്വകാര്യ, വാഹനങ്ങളുടെ വിവരങ്ങൾ അക്കൗണ്ടിൽ അപ്ഡേറ്റ് ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
