മമ്മുക്കയെ കാണിക്കാൻ മലയാളി ബാലികയുടെ കൈപിടിച്ചു; ഇമറാത്തി വളണ്ടിയർക്ക് ആദരം
text_fieldsഅബൂദബി: മെഗാ സ്റ്റാർ മമ്മുട്ടിയെ കാണാൻ തിരക്കിൽ പ്രയാസപ്പെട്ട നാലു വയസ്സുകാരിയെ മുൻ നിരയിലിരുത്തി എല്ലാ സൗകര്യങ്ങളും നൽകിയ ഇമറാത്തി സന്നദ്ധസേവകന് അബൂദബി പൊലീസിെൻറ ആദരം. പൊന്നാനി പുത്തൻപള്ളി സ്വദേശി സിദ്ദീഖിെൻറയും ഫിൻസിയയുടെയും മകൾ ജസ ഫാത്തിമയെ എടുത്തുകൊണ്ടുപോയി സ്റ്റേജിന് സമീപത്തെത്തിക്കുകയും കുട്ടിയെ താലോലിച്ച് പരിപാലിക്കുകയും ചെയ്ത മുഹമ്മദ് സാലിഹ് അൽ ഖുലൈഫിയെ തേടിയാണ് ആദരമെത്തിയത്. അബൂദബി അൽ വഹ്ദ മാളിൽ ഏപ്രിൽ അഞ്ചിന് നടന്ന ‘മധുര രാജ’ ചലച്ചിത്രത്തിെൻറ പ്രമോഷൻ പരിപാടിക്കിടെയാണ് കാരുണ്യത്തിെൻറ നിദർശനമായ രംഗങ്ങൾ അരങ്ങേറിയത്.
ഇഷ്ട താരത്തെ കാണാൻ ഉച്ചക്ക് മൂന്ന് മണിയോടെയാണ് സിദ്ദീഖും ഭാര്യ ഫിൻസിയയും മകൾ ജസയോടൊപ്പം മാളിലെത്തിയത്. വൈകീട്ട് ഏഴോടെയാണ് മമ്മുട്ടി വേദിയിലെത്തുന്നത്. അതിന് മുമ്പ് തന്നെ വൻ ജനക്കൂട്ടം തിങ്ങിക്കൂടിയിരുന്നു. തിരക്കിൽ കുട്ടിയോടൊപ്പം ദമ്പതികൾ പ്രയാസപ്പെടുന്നത് കണ്ടാണ് ‘വി ആർ ആൾ പൊലീസ്’ അംഗം മുഹമ്മദ് സാലിഹ് എത്തിയത്. കുട്ടിയെ താൻ നോക്കിക്കൊള്ളാം എന്നും നിങ്ങളുടെ ഇഷ്ട താരത്തെ സൗകര്യപൂർവം കണ്ടോളൂ എന്നും പറഞ്ഞാണ് അദ്ദേഹം ജസയെ എടുത്തുകൊണ്ടുപോയത്.
പാവയെ കൊണ്ട് കളിപ്പിക്കുകയും താലോലിക്കുകയും ചെയ്ത അദ്ദേഹം കുട്ടിയെ സദസ്സിെൻറ മുൻനിരയിലെ കസേരയിൽ കൊണ്ടിരുത്തി. ഇതോടെ കുട്ടിക്കും മാതാപിതാക്കൾക്കും മമ്മുട്ടിയെ കൺനിറയെ കാണാനും വാക്കുകൾ ശ്രവിക്കാനും സാധിച്ചു.ഇതിെൻറ ഫോേട്ടാകളും വീഡിയോകളും ചിലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് വൈറലായിരുന്നു. ഇതോടെ മുഹമ്മദ് സാലിഹും ജസ ഫാത്തിമയും താരങ്ങളായി. ഇതിനിടെയാണ് വ്യാഴാഴ്ച അബൂദബി പൊലീസ് മുഹമ്മദ് സാലിഹിനെ ആദരിച്ചത്.
മുഹമ്മദ് സാലിഹിനും ജസയുടെ കുടുംബത്തിനും വീണ്ടും പരസ്പരം കാണാനും സംവദിക്കാനും അൽ വഹ്ദ മാൾ അധികൃതർ വ്യാഴാഴ്ച അവസരമൊരുക്കുകയും ചെയ്തിരുന്നു.മിക്കോ ലോജിസ്റ്റിക്സ് കമ്പനിയിൽ ഡോക്യൂമെൻറ് കൺട്രോളറായി പ്രവർത്തിക്കുകയാണ് ഫാത്തിമ ജസയുടെ പിതാവ് സിദ്ദീഖ്. പത്ത് വർഷമായി ഇദ്ദേഹം അബൂദബിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
