ഷാര്‍ജ ബിനാലെ ശൈഖ് സുല്‍ത്താന്‍ തുറന്നു
text_fieldsഷാര്‍ജ: ലോകം അതിമനോഹരമായൊരു ആവിഷ്ക്കാരമാണെന്നും അതിലെ ഒരു ചെറു ജീവിക്ക് പോലും വലിയ പ്രാധാന്യം ഉണ്ടെന്നും അടയാളപ്പെടുത്തുന്ന ഷാര്‍ജ ബിനാലെയുടെ 14ാം അധ്യായത്തിെൻറ വാതിലുകള്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി ലോകത്തിനായി തുറന്നു. അല്‍ മാരിജ ചത്വരത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഷാര്‍ജ ആര്‍ട്സ് ഫൗണ്ടേഷന് പ്രസിഡന്റും ഡയറക്ടറുമായ ശൈഖ ഹൂര്‍ ബിന്ത് മുഹമ്മദ് ആല് ഖാസിമി, ഷാര്‍ജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സലീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, സിവില്‍ ഏവിയേഷന്‍ വകുപ്പ് ചെയര്മാന് ശൈഖ് ഖാലിദ് ബിന്‍ ഇസാം അല്‍ ഖാസിമി, ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് ചെയര്മാന് ചെയര്മാന് ശൈഖ് സലീം ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍ ഖാസിമി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ആവിഷ്ക്കാരങ്ങളാണ് ബിനാലെയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ക്യൂറേറ്ററിലൊരാളായ ഉമര്‍ ഖലീഫ് പറഞ്ഞു.
യുദ്ധക്കെടുതി, പ്രകൃതി, ജൈവീക ചാക്രികത, പൗരാണികമായ അടയാളങ്ങള്‍ തുടങ്ങി ആധുനിക കാലത്തെ ചിന്തിപ്പിക്കുന്നുണ്ട് ബിനാലെ. പതിവ് രീതികളില്‍ നിന്ന് മാറി ആവിഷ്ക്കാരങ്ങളോടൊപ്പം അതിെൻറ വീഡിയോ പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്. ഷാര്‍ജ പട്ടണം, കല്‍ബ, ഖോര്ഫക്കാന്, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലായാണ് ഇത്തവണത്തെ ബിനാലെ നടക്കുന്നത്. മരത്തില്‍ കൊത്തിയെടുത്ത കരങ്ങളുടെ ശില്പങ്ങളില് ഘടിപ്പിച്ചിരിക്കുന്ന സാങ്കേതിക ഉപകരണങ്ങളിലൂടെ, നിര്‍മിത ബുദ്ധിയിലേക്കുള്ള മനുഷ്യരാശിയുടെ പ്രയാണത്തെ ലളിതമായി പറഞ്ഞ് വെക്കുന്നു. വരകളായും ചിത്രങ്ങളായും രൂപങ്ങളായും ബിനാലെ സന്ദര്‍ശകരുമായി സംവദിക്കുന്നു. ഷാര്‍ജ കോര്‍ണീഷ് തീരത്തുള്ള ആര്‍ട്സ് മ്യൂസിയം, കാലിഗ്രഫി സ്ക്വയര്‍, ബൈത്ത് അല്‍ സര്ക്കല്, മാരിജ സ്ക്വയര്‍ തുടങ്ങിയവയാണ് പ്രധാന വേദികള്‍. ഉമ്മുല്‍ഖുവൈനില്‍ ഉപേഷിക്കപ്പെട്ട സോവിയറ്റ് യൂണിയെൻറ ചരക്ക് വിമാനം, കല്‍ബയിലെ ഉപേക്ഷിക്കപ്പെട്ട ഐസ് ഫാക്ടറി എന്നിവയിലൂടെ ബിനാലെ ഇക്കുറി പറയുന്നത് വലിയ പാഠങ്ങളും സന്ദേശങ്ങളുമാണ്. ജൂണ്‍ 10 വരെ നീളുന്ന ബിനാലെയിലേക്ക് സൗജന്യമായി പ്രവേശിക്കാം. ഫോട്ടോയെടുക്കാം, ചില ആവിഷ്ക്കാരങ്ങളുടെ ഫോട്ടോയെടുക്കുമ്പോള്‍ ഫ്ളാഷ് ഓഫ് ചെയ്യാന്‍ നിര്‍ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
