‘കാഴ്ച ബംഗ്ലാവ്’ വിൽക്കുന്ന ഷാർജയിലെ ചന്ത
text_fieldsഷാർജ: വീട്ടിലൊരു കാഴ്ച്ച ബംഗ്ലാവ് തുടങ്ങാൻ ആഗ്രഹമുണ്ടോ. കുതിര, മാൻ, പശു, ആട്, മുയൽ, ആമ , എലി, നായ, പൂച്ച, തത്ത, പ്രാവ്, കോഴി, മയിൽ തുടങ്ങിയ മൃഗങ്ങളും പക്ഷികളും ചെടികളും വിൽക്കു ന്ന ഒരു ചന്ത ഷാർജയിലുണ്ട്. അൽ ജുബൈൽ ഭാഗത്തെ അൽ മാരിജ പ്രദേശത്താണ് ഇതു പ്രവർത്തിക്കു ന്നത്. ചന്തയിലെ തിരക്ക് കാണണമെങ്കിൽ വെള്ളിയാഴ്ച എത്തണം. ദൂരദിക്കുകളിൽ നിന്ന് പോലും സ്വദേശികളും മറ്റും കുടുംബ സമേതം എത്തും ചന്തയിൽ. പൊലീസെത്തിയാണ് തിരക്ക് നിയന്ത്രിക്കുക. ഷാർജയിലെ പൗരാണിക ചന്ത പ്രവർത്തിച്ചിരുന്ന മേഖലയാണിത്.
കാലങ്ങളിലൂടെ വന്ന പരിഷ്കാരങ്ങളാണ് ചന്തയെ ഇന്നത്തെ രൂപത്തിലേക്ക് മാറ്റിയത്. സ്വദേശികൾ തൊഴുത്തുകളിലും തോട്ടങ്ങളിലും പോറ്റി വളർത്തുന്ന മൃഗങ്ങളും ചെടികളും മറ്റും ഇവിടെയാണ് വിൽപ്പനക്കെത്തിക്കുക. ബദുവിയൻ ചാരുത ഈ വിൽപ്പനയിൽ പ്രകടം. ഇതിന് പുറമെ മറ്റ് രാജ്യങ്ങളിൽ നിന്നും അലങ്കാര പക്ഷികളും മാനുൾപ്പെടെയുള്ള മൃഗങ്ങളുമെത്തും. തൊഴുത്തുകൾ നിറയെ ആടും പശുവും കുതിരയും ഒട്ടകവും. കൂടുകളിലാണ് പക്ഷികളും ചെറു മൃഗങ്ങളും. ഒരു ഭാഗത്ത് ഇവക്കുള്ള തീറ്റ വിൽക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുമ്പോൾ, മറുഭാഗത്ത് ആരോഗ്യ പരിപാലന കേന്ദ്രങ്ങളുമുണ്ട്. അതിരുകളോട് ചേർന്നാണ് ചെടികൾ വിൽക്കുന്ന സ്ഥാപനങ്ങൾ. ചിലത് കണ്ടാൽ ഒറ്റ നോട്ടത്തിൽ പൂന്തോട്ടമാണെന്ന് തോന്നും, കായ്ച്ച മാവ്, പൂവിട്ട ഈന്തപ്പന, പൂത്ത് നിൽക്കുന്ന ചെടികൾ, പച്ചക്കറികൾ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്.
വളവും കൃഷി രീതികളും ഇവിടെ നിന്ന് തന്നെ ലഭിക്കും. ചന്തയോട് ചേർന്ന് തന്നെയാണ് പുരാതന ഖബർസ്ഥാൻ സ്ഥിതി ചെയ്യുന്നത്. രാജകുടുംബത്തിലുള്ളവരെയാണ് ഇവിടെ അടക്കം ചെയ്യാറുള്ളത്. ഒരു കെട്ടിടത്തിന് മുകളിൽ കയറി താഴോട്ട് നോക്കിയാൽ ചന്തയുടെ പ്രാചീനത ദൃശ്യമാകും. സാധാരണ ദിവസങ്ങളിലും ഇവിടെ ധാരാളം ഉപഭോക്താക്കൾ എത്തുന്നു. നോമ്പും പെരുന്നാളും വരുന്നതിന് മുമ്പ് തന്നെ ഇന്ത്യയിൽ നിന്നുള്ള ആടും മൂരിയും ചന്തയിൽ എത്തും. പള്ളിയും ഭക്ഷണശാലകളും നഗരസഭ കെട്ടിടങ്ങളും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. കോർണിഷിൽ മീൻ പിടിക്കുവാനുള്ള കൊട്ടകൾ ഉണ്ടാക്കുന്നവരും വലകൾ നെയ്യുന്നവരും ഉണ്ടാകും. യുക്കാലി മരങ്ങളുടെ ഒരു കൂട്ടവും ഈ ഭാഗത്തുണ്ട്. ജുബൈൽ ജനറൽ മാർക്കറ്റ് ഇതിനടുത്താണ് പ്രവർത്തിക്കുന്നത്. ബോട്ടുകളും പത്തേമാരികളും ചെറു കപ്പലുകളും ഇവിടെ വന്നാൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
