മോറിസൺ മേനോൻ ക്രെസ്റ്റൺ ഇൻറർനാഷണലുമായി കൈകോർത്തു
text_fieldsദുബൈ: ഗൾഫ് മേഖലയിൽ കാൽ നൂറ്റാണ്ടായി വ്യവസായ ഉപദേശ, കൺസൾട്ടിങ്, അഷ്വറൻസ് സേവന ങ്ങൾ നൽകി വരുന്ന സൂപ്പർ ബ്രാൻറായ മോറിസൺ മേനോൻ ലോകത്തെ ഏറ്റവും വലിയ അക്കൗണ്ടിങ് നെറ്റ്വർക്കുകളിലൊന്നായ ക്രെസ്റ്റൺ ഇൻറർനാഷനലുമായി ചേർന്ന് ക്രെസ്റ്റൺ മേനോൻ എന്ന പേരിൽ പുനക്രമീകരിച്ചു. ഒരു സ്ഥാപനം എന്ന നിലയിൽ നിന്ന് മികച്ച ബിസിനസ് സേവനങ്ങളെല്ലാം ലഭ്യമാക്കുന്ന ശൃംഖല എന്ന നിലയിലേക്ക് സംരംഭം മാറുകയാണെന്ന് ക്രെസ്റ്റൺ മേനോൻ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ രാജു മേനോൻ, പാർട്ണർ സഫിയ ഹാജി പാർട്ണറും കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് ഹെഡുമായ സുധീർ കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുതിയ നാമകരണത്തിനാവശ്യമായ നിയമപരമായ നടപടികളെല്ലാം പൂർത്തിയായി കഴിഞ്ഞു. മാനേജ്മൻറ് ടീമിൽ മാറ്റവുമുണ്ടാവില്ല.
മേഖലയിൽ 25 വർഷത്തെ പ്രൊഫഷണൽ അനുഭവസമ്പത്തിനൊപ്പം യു.എ.ഇയിൽ 9 ഓഫീസുകളും 300 ജീവനക്കാരും അടങ്ങുന്ന മികച്ച സ്ഥാപനമായി നിലനിൽക്കെ ലോകത്തിലെ വലിയ അക്കൗണ്ടിംഗ് നെറ്റ്വർക്കുമായി സഹകരിക്കുന്നത് പ്രവർത്തന രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് വഴി തുറക്കും. യു. കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രെസ്റ്റൺ ഇൻറർനാഷണനലിന് കീഴിൽ 125 രാജ്യങ്ങളിലായി 25000 പ്രൊഫഷണലുകൾ ജോലി ചെയ്യുന്നുണ്ട്. ആഗോളതലത്തിൽ ക്രെസ്റ്റൺ നടത്തിവരുന്ന ഗുണനിലവാര പരിശോധനയും അവലോകനവും സേവനങ്ങൾ ഗുണകരമാക്കാൻ ഏറെ സഹായകമാവും. എക്സ്പോ 2020 മുഖേന ദുബൈയിലും യു.എ.ഇയിലും വരുന്ന അവസരങ്ങൾ സമ്പൂർണമായി പ്രയോജനപ്പെടുത്താനും ക്രെസ്റ്റൺ മേനോൻ സജ്ജമായി. യു.എ.ഇയും ഇന്ത്യയും തമ്മിലെ നേരിട്ടുള്ള നിക്ഷേപങ്ങളുടെ വളർച്ചക്ക് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുമെന്നും ക്രെസ്റ്റൺ മേനോൻ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
