സെൻട്രൽ സൂക്ക് ഭാഗത്തെ റോഡ് നിർമാണം പൂർത്തിയായി
text_fieldsഷാർജ: ജുബൈൽ മേഖലയിൽ, സെൻട്രൽ സൂക്ക് ഭാഗത്തെ റോഡ് വികസന പ്രവൃത്തികൾ പൂർത്തിയായതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് വിഭാഗം (എസ്.ആർ.ടി.എ) അറിയിച്ചു. 40 ലക്ഷം ദിർഹം മുതൽ മുടക്കി, 45 ദിവസമെടുത്താണ് നിർമാണങ്ങൾ പൂർത്തിയാക്കിയത്. മേഖലയിൽ 680 വാഹന പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മുതിർന്ന പൗരൻമാർക്കും പ്രത്യേക സംരക്ഷണം ആവശ്യമുള്ളവർക്കുമായി 16 പാർക്കിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കിങ് ഫൈസൽ റോഡിൽ നിന്ന് ഇത്തിഹാദ് ചത്വരത്തിലേക്ക് പ്രവേശിക്കാനുള്ള റോഡ് വേർതിരിച്ചതു വഴി ഗതാഗത കുരുക്കിനും പരിഹാരമായി.
മേഖലയിൽ റോഡ് മുറിച്ച് കടക്കാൻ 12 സീബ്രലൈനുകളും ഒരുക്കിയിട്ടുണ്ട്. തിരക്ക് കൂടിയ സെൻട്രൽ മാർക്കറ്റിലേക്ക് മാത്രം എട്ട് ലൈനുകളാണ് ഒരുക്കിയിട്ടുള്ളത്. ഷാർജയിലെ മുഴുവൻ റോഡുകളും അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുന്നതിനാണ് എസ്.ആർ.ടി.എ ലക്ഷ്യം വെക്കുന്നതെന്ന് അറ്റകുറ്റ പ്രവൃത്തികളുടെ വകുപ്പ് ഡയറക്ടർ മുഹ്സിൻ ബൽവാൻ പറഞ്ഞു. ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾക്കും പരാതികൾക്കും എല്ലായ്പ്പോഴും പ്രതികരിക്കാൻ തയ്യാറാണെന്ന് ബൽവാൻ പറഞ്ഞു. 600525252 എന്ന നമ്പറിൽ വിളിച്ച് പരാതികൾ ബോധിപ്പിക്കാം. 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
