ദുബൈയിലെ വാഹനങ്ങൾക്ക് 2020 മുതൽ പുതിയ നമ്പർപ്ലേറ്റ് നിർബന്ധം
text_fieldsദുബൈ: ദുബൈയിലെ വാഹനങ്ങൾക്ക് പുതിയ മാതൃകയിലുള്ള നമ്പർ പ്ലേറ്റുകൾ ഏർപ്പെടുത്താൻ റോഡ് ആൻറ് ട്രാൻസ്പോർട് ട് അതോറിറ്റി (ആർ.ടി.എ) തീരുമാനിച്ചു. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2020 ജനുവരി ഒന്ന് മ ുതലാണ് ഇത് നടപ്പാക്കുക. ഇൗ തീയതിക്ക് ശേഷം രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ, പുതുക്കുന്നതും കൈമാറ്റം ചെയ്യുന്നതുമായ നമ്പർ പ്ലേറ്റുകൾ എന്നിവയെല്ലാം പുതിയ മാതൃകയിലേക്ക് മാറും. അടുത്ത വർഷം ജൂലൈ മുതൽ പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും സ്ഥാപനങ്ങളുടെ പക്കലുള്ള വാഹനങ്ങൾക്ക് പുതിയ നമ്പർപ്ലേറ്റുകൾ നൽകിത്തുടങ്ങും. സ്വകാര്യ വാഹനങ്ങൾക്ക് 2020 ജനുവരിയിലായിരിക്കും പരിഷ്ക്കരണം നിർബന്ധമാക്കുക.
അതുവരെയുള്ള കാലയളവിൽ പുതിയതിലേക്ക് മാറണമോയെന്ന് വാഹനയുടമകൾക്ക് തീരുമാനിക്കാം. ചെറിയ നമ്പർപ്ലേറ്റുകൾക്ക് 35 ദിർഹവും വലിയതിന് 50 ദിർഹവുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നിറമുള്ള ദുബൈ ലോഗോ പതിച്ച പുതിയ നമ്പർപ്ലേറ്റാണെങ്കിൽ 400 ദിർഹമാകും. ആഡംബര നമ്പർപ്ലേറ്റുകൾക്ക് 500 ദിർഹമാണ് വില. വാഹനങ്ങളുടെ നമ്പർപ്ലേറ്റുകൾ ഏകീകരിക്കുന്നതിെൻറ ഭാഗമായാണ് പുതിയ പരിഷ്ക്കരണം നടപ്പാക്കുന്നത്. ദുബൈ ബ്രാൻഡും നമ്പറും കോഡും ഉൾപ്പെടുന്നതായിരിക്കും ഇവ. ഒറ്റ കോഡിൽ നിന്ന് ഇരട്ട കോഡുള്ളവയിലേക്ക് മാറുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
www.traffic.rta.ae എന്ന വെബ് സൈറ്റിലൂടെ പുതിയ നമ്പർപ്ലേറ്റ് നേടാം.