ആഘോഷത്തിൽ ‘അറൈവൽ’; ആവേശത്തിൽ ഡിപാർച്ചർ
text_fieldsഅബൂദബി: സ്കൂളിൽ പോകാൻ പുതിയൊരു ഉൗടുവഴി കണ്ടുപിടിച്ച സ്കൂൾ കുട്ടിയുടെ ആവേശത ്തിലായിരുന്നു യു.എ.ഇയിലെ കണ്ണൂരും പരിസരപ്രദേശങ്ങളിൽ നിന്നുമുള്ള പ്രവാസികൾ. വീടി െൻറ ‘മുറ്റത്തിറങ്ങാൻ’ പാകത്തിന് ഒരു വിമാനത്താവളം കിട്ടിയത് അവർ ആത്മാർത്ഥമായി ആഘോഷിച്ചു. ഉത്തര കേരളത്തിലേക്ക് കാലങ്ങളായുള്ള യാത്രാ ദുരിതത്തിനുള്ള പരിഹാരമാണ് എയർ ഇന്ത്യ എക്സ്പ്രസിെൻറ രൂപത്തിൽ പറന്നിറങ്ങിയത്. മട്ടന്നൂർ മൂർഖൻപറമ്പിലെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ രാവിലെ 9.55ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്നു ഫ്ലാഗ് ഓഫ് ചെയ്ത വിമാനം 2.30ന് അബൂദബിയിൽ ലാൻഡ് ചെയ്തു.
ജീവനക്കാരടക്കം 186 പേർക്ക് സഞ്ചരിക്കാവുന്ന ബോയിങ് 737 വിമാനമാണ് സർവീസ് നടത്തുന്നത്. ആഘോഷമായ യാത്രയയപ്പും സ്വീകരണവുമാണ് ആദ്യ സർവീസിലെ യാത്രികർക്ക് അബൂദബി വിമാനത്താവളത്തിൽ നൽകിയത്. ഒന്നാം ടെർമിനലിൽ രാവിലെ പത്തു മണിക്ക് യാത്രയയപ്പ് ചടങ്ങ് നടന്നു. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിെൻറ ഓവർസീസ് വിങ്ങിെൻറ നേതൃത്വത്തിലുള്ള 45 അംഗ സംഘം ദുബൈ ദേരയിൽ നിന്ന് പ്രത്യേക ബസിലാണ് യാത്രക്ക് എത്തിയത്.
കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട് ഇവർ യാത്ര തുടങ്ങി. എല്ലാവരും നീല നിറത്തിലുള്ള പാൻറും തൂവെള്ള നിറത്തിലുള്ള ഷർട്ടും ധരിച്ചിരുന്നു. നാം ഒന്നാണ് എന്ന സന്ദേശമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചേംബർ ചെയർമാൻ കെ.സി. ഉസ്മാനും കൺവീനർ നികേഷ് റാമും പറഞ്ഞു. കണ്ണൂരിൽ ഇറങ്ങുേമ്പാൾ ഈ സംഘത്തെ സ്വീകരിക്കാൻ ശിങ്കാരി മേളമടക്കം നോർത്ത് മലബാർ ചേംബർ ഭാരവാഹികൾ ഒരുക്കിയിരുന്നു. ചരിത്ര യാത്രയുടെ ഭാഗമാകാൻ യു.എ.ഇക്കു പുറമെ മറ്റു ഗൾഫ് രാജ്യങ്ങളിലുള്ള കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് സ്വദേശികളും അബൂദബിയിലെത്തിയിരുന്നു. കണ്ണൂരിൽ നിന്നെത്തിയവർക്കുള്ള സ്വീകരണ ചടങ്ങ് 12.30ന് നടന്നു. കലാപ്രകടനങ്ങളടക്കം കണ്ണൂരിൽ നിന്ന് അബൂദബി വരെയുള്ള യാത്രയിലുടനീളം ആഘോഷമൊരുക്കിയാണ് പ്രവാസികൾ ആദ്യ യാത്ര അവിസ്മരണീയമാക്കിയത്. നൗഷീർ എന്ന യാത്രക്കാരനാണ് ആദ്യം വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയത്.
തടിച്ചു കൂടിയ മാധ്യമപ്രവർത്തകരെ കണ്ട് യാത്രികർ ആദ്യം അമ്പരന്നു. പിന്നീട് യാത്രയുടെ ഒാരോ നിമിഷവും അവർ പങ്കുവെച്ചു. യാത്രികർക്കായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഗ്രൂപ്പ് വിപുലമായ സ്വീകരണവും ആരോഗ്യ പരിശോധനയും ഒരുക്കിയിരുന്നു. അബൂദബിയിൽ നിന്നുള്ള ആദ്യ വിമാന യാത്ര അബൂദബി വിമാനത്താവളത്തിലെ ചീഫ് ഒാപറേറ്റിങ് ഒാഫീസർ അഹമ്മദ് അൽ ഷംസി ഉദ്ഘാടനം ചെയ്തു. സ്വീകരണ, യാത്രയയപ്പ് ചടങ്ങുകളിൽ എയർഇന്ത്യാ- എക്സ്പ്രസ് റീജനൽ മാനേജർ (ഗൾഫ്) മോഹിത് സെയ്ൻ, സെയിൽസ് മാനേജർ (യു.എ.ഇ) ഡൊണാൾഡ്, ജി.എസ്.എ. ജനറൽ മാനേജർ വേണുഗോപാൽ, വിമാനത്താവള മാനേജർ ഉമാദേവി, എയർഇന്ത്യാ എക്സ്പ്രസ് അബൂദബി ഏരിയാ സെയിൽസ് മാനേജർ ഹരി പി.എച്ച്, അബൂദബിയിലെ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
