ഒടുവിൽ ഫൈസൽ നാട്ടിലെത്തി; ഭാര്യയെ മോചിപ്പിക്കാനാവാതെ
text_fieldsഅബൂദബി: സുഹൃത്തുക്കളുടെ ചതിയിൽ പെട്ട് യു.എ.ഇയിൽ അകപ്പെട്ടുപോയ തൃശൂർ സ്വദേശി പതിനഞ്ച് വർഷത്തിന് ശേഷം നാട്ടിലെത്തി. ഗുരുവായൂർ നിവാസിയായ ഫൈസൽ ആണ് സുമനസുകളുടെ സഹായത്തോടെ നാട്ടിലെത്തിയത്. എന്നാൽ നാല് വർഷമായി ജയിലിൽ കഴിയുന്ന ഭാര്യ ബിന്ദു ഫാത്തിമയെ മോചിപ്പിക്കാൻ ഫൈസലിന് കഴിഞ്ഞില്ല.
പത്ത് വർഷത്തോളം ജയിലും കേസുകളുമായി കഴിഞ്ഞ ഫൈസൽ മുന്ന് വർഷം മുമ്പ് മോചിതനായപ്പോൾ മുതൽ ഇതിനുള്ള ശ്രമങ്ങൾ നടത്തി വരികയായിരുന്നു. യു.എ.ഇയിൽ നിർമാണ കമ്പനി നടത്തിയിരുന്ന ഫൈസൽ, ബിന്ദു ദമ്പതികൾ ചെക്ക് കേസുകളുമായി ബന്ധപ്പെട്ടാണ് ജയിലിലാകുന്നത്. സെക്യൂരിറ്റിയായി നൽകിയ ചെക്കുകളിൽ ഭീമമായ തുക എഴുതി നൽകിയാണ് കുടുക്കിയതെന്ന് ഇവർ ആരോപിക്കുന്നു. മലയാളികളായ സുഹൃത്തുക്കൾ തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും അരോപണമുണ്ട്.
ദമ്പതികൾ ജയിലിലായതോടെ ഇവർക്ക് കിട്ടാനുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു. കുട്ടികളും അനാഥരായി. 11 വയസുള്ള കുട്ടിയെ നാട്ടിലെത്തിക്കാൻ ആഴ്ചകൾക്ക് മുമ്പാണ് സന്നദ്ധപ്രവർത്തകർക്ക് കഴിഞ്ഞത്. ഒരു കോടി ദിർഹത്തിെൻറ ബാധ്യത അടിച്ചേൽപ്പിച്ചാണ് ബിന്ദുവിനെ ജയിലിലാക്കിയതെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ദേശീയ ദിനത്തോടനുബന്ധിച്ച് കുറ്റവാളികൾക്ക് മാപ്പ് നൽകുന്ന പദ്ധതിയിൽ പെടുത്തി മോചിപ്പിക്കാൻ ഇന്ത്യൻ എംബസി വഴി ശ്രമം നടത്തിയെങ്കിലും സിവിൽ കേസുകൾ ഉള്ളതിനാൽ അപേക്ഷ തള്ളുകയായിരുന്നു.
ഫൈസലിന് ഇൻകാസ് അബൂദബി ഗുരുവായൂർ മണ്ഡലം കമ്മറ്റി പ്രവർത്തകരാണ് നാട്ടിലെത്താനുള്ള ടിക്കറ്റും മറ്റ് സൗകര്യങ്ങളും നൽകിയത്. പ്രസിഡൻറ് കെ.കെ. സിദ്ധിഖ്, കെ.എച്ച്. താഹിർ, അബ്ദുൽഖാദർ, ഷബീർ മാളിയേക്കൽ, കരീം ബ്ലാങ്ങാട്, നളിനാക്ഷൻ ഇരട്ടപുഴ എന്നിവരാണ് ഇതിന് മുൻകൈ എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
