അബൂദബിയിലും ദുബൈയിലും കനത്ത മഴയും കാറ്റും
text_fieldsഅബൂദബി: അബൂദബി, ദുബൈ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച വൈകുന്നേരത്തോടെ കനത്ത മഴയും കാറ്റുമുണ്ടായി. ഇടിമിന്നലുമുണ്ടായിരുന്നു. ചില ഭാഗങ്ങളിൽ റോഡിൽ കാഴ്ചാപരിധി 200 മീറ്ററോളമായി കുറഞ്ഞു. തുടർന്ന് പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അജ്മാൻ, റാസൽഖൈമ, ഷാർജ എമിറേറ്റുകളിലും മഴ ലഭിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ കൂടി മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി. മഴയും മൂടൽമഞ്ഞുമുള്ള സമയങ്ങളിൽ തൊഴിലാളികളുടെ സുരക്ഷക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്പനികൾക്ക് മാനവ വിഭവശേഷി^സ്വദേശിവത്കരണ മന്ത്രാലയം നിർദേശം നൽകി. ഇത്തരം സാഹര്യങ്ങളിൽ ആവശ്യമായ മാർഗനിർശേങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ വകുപ്പ് മന്ത്രി നാസർ ഥാനി ആൽ ഹമീലി ഞായറാഴ്ച പുറത്തിറക്കി. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള കാര്യങ്ങളാണ് സർക്കുലർ വിശദീകരിക്കുന്നത്.മോശം കാലാവസ്ഥ കാരണം ജീവനക്കാർ വൈകി വരാനുള്ള സാധ്യത പരിഗണിക്കണമെന്നും റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ച് അവർക്ക് ബോധവത്കരണം നൽകണമെന്നും സർക്കുലർ വ്യക്തമാകുന്നു.
വടക്കൻ കാറ്റ് ഷാർജയിലെത്തി
ഷാർജ: വടക്കൻ മലയോര മേഖലയിലും പട്ടണ പ്രദേശങ്ങളിലും ആഴ്ചകളായി ചുറ്റി കറങ്ങുന്ന ശമാൽ എന്ന് ബദുക്കൾ സ്നേഹ പൂർവ്വം വിളിക്കുന്ന വടക്കൻ കാറ്റ് ഷാർജയിലെത്തി. ശക്തമായ കാറ്റിനൊപ്പം കനത്ത തോതിലുള്ള മഴയും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇടിയും മിന്നലും ഏറെ നേരം കാറ്റിനെ അകമ്പടി സേവിച്ചു. ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷമുണ്ടായി. മഴ കുറവായിരുന്നുവെങ്കിലും താപനിലയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ശമാൽ കടന്ന് വന്നതോടെ കടൽ പ്രക്ഷുബ്ധമാണ്. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കുന്നത് നല്ലതായിരിക്കും. ശക്തി കുറഞ്ഞെങ്കിലും കാറ്റ് പിൻവാങ്ങാതെ തുടരുന്നത് വരും ദിവസങ്ങളിൽ മഴ ഉണ്ടാകുമെന്ന പ്രതീക്ഷ നൽകുന്നുണ്ട്. മേഘാവൃതമായ ഇടങ്ങളിൽ ക്ലൗണ്ട് സീഡിങ് പതിവായതിനാൽ വിർഗ പോലുള്ള പ്രതിഭാസങ്ങൾ മൂലമുള്ള മഴ നഷ്ടം ഇപ്പോൾ രാജ്യത്ത് അപൂർവ്വമാണ്.
ഉമ്മുൽ ഖുവൈനിൽ ശക്തമായ ചാറ്റൽ മഴ
ഉമ്മുല്‍ഖുവൈന്‍: മാനം ഏറെ ദിവസമായി മൂടിക്കെട്ടി നിന്ന ഉമ്മുൽഖുവൈനിൽ ഇന്നലെ സാമാന്യം നല്ല രീതിയിൽ മഴ ചാറി. ബസാര്‍ മുതല്‍ ഘടി ചത്വരം, ഇത്തിഹാദ് പാലം കടന്ന് ഫലജുല് മുഅല്ല റോഡ് വരെ നനഞ്ഞു. ഇപ്പോഴത്തെ ചാറ്റല്‍ മഴ കൃഷിക്ക് ഗുണകരമാണെന്നാണ് ഇൗമേഖലയിൽ പ്രവർത്തിക്കുന്ന മലയാളികളുടെ അനുഭവം. അതി ശക്തമായ കാറ്റാണ് മഴയോടൊപ്പം ഉണ്ടായിരുന്നത്. വര്‍ഷവും ഒരു വശത്ത് നിന്നടിച്ച കാറ്റിന് മറു വശത്ത് നിന്ന് കാറ്റ് തിരിച്ചടിക്കുക എന്നത് ഉമ്മുല്ഖുവൈനിനെ ഒരു പ്രതിഭാസമാണ്. ശക്തമായ കാറ്റ് അടിക്കുന്ന സമയങ്ങളില്‍ കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്. കാറ്റ് കൊണ്ടാല്‍ മുതിര്‍ന്നവര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുമെന്ന് വര്‍ഷങ്ങളായി ഉമ്മുഖുവൈനില് താമസമാക്കിയവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
