ഇടനെഞ്ചിൽ ഇമറാത്ത്; ഇനി മടക്കം
text_fieldsപ്രീഡിഗ്രി രണ്ടാം വർഷ പരീക്ഷയെഴുതാൻ ഉച്ചക്ക് ശേഷം ചെന്നപ്പോൾ സഹപാഠികളൊക്കെ രാവിലെ നടന്ന പരീക്ഷ എഴുതി മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. അവരുടെ കൂടെ ഞാനും പോന്നു. കുറച്ചുകാലം ടൈപ്പ് റൈറ്റിങൂം ഷോർട്ട് ഹാൻറും 15 രൂപ ശമ്പളത്തിൽ മദ്രസാധ്യാപനവും നിർവഹിച്ചു. ബോംബേയിലേക്ക് വണ്ടി കയറി. അതാണ് പ്രവാസത്തിെൻറ തുടക്കം. ബോംബേ ചെമ്പൂരിൽ വടക്കൻ പറവൂർ സ്വേദശി കരീമിെൻറ പോളി സ്റ്റീൽ ഫാബ്രിക്കേഷനിൽ മൂന്നര രൂപ ദിവസക്കൂലിയായിരുന്നു. കുടുംബത്തിൽ ഒരാൾക്ക് ലഭിച്ച വിസ അദ്ദേഹത്തിെൻറ അസുഖത്തെ തുടർന്ന് യാത്ര മുടങ്ങിയതോടെ എെൻറ പേരിൽ മാറ്റിയാണ് 1974ൽ ബോംബേ വഴി കപ്പൽ കയറി ദുബൈയിലെത്തുന്നത്.
ഒരു പ്രമുഖ ഇംഗ്ലീഷ് കമ്പനിയിൽ വെയ്റ്റർ ജോലി കിട്ടി. ആദർശത്തിനും വിശ്വാസത്തിനും വിരുദ്ധമായ ജോലികൾ ചെയ്യേണ്ടി വരുമെന്നു വന്നപ്പോൾ അതു വിട്ടു. അടുത്ത സ്ഥാപനത്തിലും സമാനമായ പ്രശ്നം. അൽ ഫുൈതം വിമ്പി എന്ന പ്രമുഖ നിർമാണ സ്ഥാപനത്തിലെ ലേബറായി ജോലി നോക്കി പിന്നെ. ഷിന്ദഗ ടൺ, ഷാർജ വിമാനത്താവളം, ദുബൈയിലെ പ്രമുഖ റോഡുകൾ എന്നിവയുടെ നിർമാണ ചുമതല ഇൗ കമ്പനിക്കായിരുന്നു. അതു കൊണ്ട് സ്വാഭിമാനം പറയാം^ ദുബൈ മുന്നേറിയ പാതകളിൽ ഇൗ എളിയവെൻറ വിനീതമായ പാദമുദ്രകളുമുണ്ട്. 1977ൽ വിവാഹിതനായി. പെണ്ണു കാണാൻ പോയിട്ട് തിരിച്ചു വരാൻ വാഹനം കിട്ടാതെ ആ വീട്ടിൽ തന്നെ മടങ്ങിച്ചെന്ന് രാത്രി തങ്ങി പിറ്റേന്നാണ് വീട്ടിൽ പോയത്. കല്യാണ അവധി അനുവദിച്ചതിലും കൂടിയതിനാൽ തിരിച്ചെത്തിയപ്പോൾ ജോലി നഷ്ടപ്പെട്ടിരുന്നു.
അത് യു.എ.ഇ ഡിഫൻസിലേക്കുള്ള വഴി തുറന്നു. ഷാർജയിൽ നിന്ന് എഴുപത് കിലോമീറ്റർ അകലെ മനാമയിലായിരുന്നു ക്യാമ്പ്്. മൂന്നു ക്യാമ്പുകളിലായി മുന്നൂറിൽ പരം മലയാളികൾ. ഇരുപതോളം മലയാളി കുടുംബങ്ങൾ. താമസം ഇൗത്തപ്പനയോലയും തകരവും പ്ലൈവുഡും ചേർത്ത് സ്വന്തമായി ഉണ്ടാക്കിയ കുടിലുകളിൽ.വെളിച്ചത്തിന് പെട്രോമാക്സ്, വെള്ളം ഡിഫൻസ് ടാങ്കറിൽ കൊണ്ടു വന്ന് ഒാരോ വീട്ടിലും വീപ്പയിൽ നിറക്കും.താരതമ്യേന ശമ്പളം കുറഞ്ഞ സിവിലിയൻ പോസ്റ്റായിരുന്നു എെൻറത്. ദിവസം ആറു മണിക്കൂർ ജോലി. ആഴ്ചയിൽ രണ്ടു ദിവസം ഒഴിവ്. വായന ഏറ്റവും വലിയ ഹോബിയായിരുന്ന എന്നെ തൃപ്തിപ്പെടുത്താൻ ഇൗ സൗകര്യങ്ങൾ ധാരാളമായിരുന്നു. ബോംബെയിൽ നിന്ന് പച്ചക്കറിയുമായി വരുന്ന വിമാനത്തിൽ ആഴ്ചയിൽ രണ്ടു ദിവസം മാത്രം യു.എ.ഇയിൽ മലയാള പത്രങ്ങൾ വന്നിരുന്ന കാലം. നാട്ടിൽ നിന്ന് കൊണ്ടുവരുന്ന പലഹാരങ്ങളേക്കാൾ പ്രിയമായിരുന്നു അവ പൊതിഞ്ഞു കൊണ്ടുവരുന്ന മലയാള പത്രത്തിന്.
പിതാവ് മരണപ്പെട്ട വിവരത്തിനയച്ച ടെലഗ്രാം നഷ്ട്ടപ്പെട്ടതിനാലും കത്ത് കൈപ്പറ്റാൻ കഴിയാത്ത ഒരു ട്രൈനിങിലായതിനാലും 10 ദിവസം കഴിഞ്ഞെത്തിയ ചന്ദ്രിക വായിച്ചാണ് മരണ വിവരം അറിഞ്ഞത്. നാട്ടിലേക്ക് ആദ്യം ഫോൺ ചെയ്തത് കോഴിക്കോട് ചന്ദ്രിക ഒാഫീസിൽ വിളിച്ച് നാട്ടിലേക്കുള്ള പത്രക്കെട്ടിൽ കുറിപ്പെഴുതി ഇടാൻ പറഞ്ഞു. ജേഷ്ഠൻ 20 കിലോമീറ്റർ അകലെയുള്ള വടകര ഡോ. മമ്മിയുടെ വീട്ടിൽ വന്നാണ് കുറിപ്പ് കൈപ്പറ്റിയത്. ശ്രീലങ്കൻ, മോസ്കോ റേഡിയോ നിലയങ്ങളിൽ നിന്നുള്ള മലയാള പരിപാടികളായിരുന്നു പുറംലോകത്തേക്കുള്ള മറ്റൊരു ജനവാതിൽ. തകരക്കൂനകൾക്കിടയിൽ മുഴുവൻ മലയാളികളുടെയും അധ്വാനഫലമായി പണിതുയർത്തിയ ലൈബ്രററി മനാമയുടെ മാറ്റങ്ങൾക്ക് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ലൈബ്രററിയോടൊപ്പം സാഹിത്യ സമാജം, സെമിനാർ, സിേമ്പാസിയം തുടങ്ങി മാജിക് പ്രദർശനം വരെ അരങ്ങേറിയ ഇവിടം മലയാളികളുടെ സാംസ്കാരിക കേന്ദ്രമായി വളർന്നു. പക്ഷെ വൈകാതെ മലയാളികളിൽ ഗണ്യമായ വിഭാഗത്തിന് സൈന്യത്തിലെ ജോലി നഷ്ടപ്പെടുകയും അവശേഷിച്ചവർ സ്ഥലം മാറ്റപ്പെടുകയും ചെയ്തതോടെ ഡിഫൻസ് ജീവനക്കാരുടെ സാന്നിധ്യം കൊണ്ടു മാത്രം നിലനിന്ന പ്രവർത്തനങ്ങൾ നിർജീവമായി തുടങ്ങി.
അതിനിടെ സൗദി മർക്കസു ദഅ്വയുടെ പ്രബോധകനായി വളാഞ്ചേരി കുഞ്ഞിമുഹമ്മദ് മൗലവി മനാമയിലെത്തിയതോടെ പ്രവർത്തനങ്ങൾക്ക് പുത്തനുണർവു തന്നു.മൂന്നു പട്ടാള ക്യാമ്പുകളിലും പഠന ക്ലാസുകൾ, പലിശരഹിത നിധി, സാധു സംരക്ഷണ ഫണ്ട് എന്നിങ്ങനെ പല പ്രവൃത്തികളും നടപ്പിലായി. ഒഴിഞ്ഞു കിടന്ന ഒരു വലിയ സ്കൂൾ ഉന്ന പൊലീസ് ഉദ്യോഗസ്ഥെൻറ ശ്രമഫലമായി സൗജന്യമായി ലഭിച്ചത് കരുത്തായി. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്ന് പടിഞ്ഞാറൻ മേഖലകൾ സന്ദർശിക്കുന്നവർക്ക് മനാമ ഒരു വിശ്രമ സ്ഥലമായി. സുപ്രിം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുെഎമിയുടെ പിതാവ് ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുെഎമിയെ വീട്ടിൽ വിളിച്ചു സൽക്കരിക്കാനും അവസരം കിട്ടി. 1979ൽ കുടുംബത്തെ കൂടെ കൊണ്ടുവന്നു. അന്ന് മനാമയിൽ ഫ്ലാറ്റുകളോ വില്ലകളോ ഇല്ല. കുടുംബങ്ങൾ താമസിക്കുന്നത് തകര കൂരകളിൽ. ഒരു ഒറ്റമുറിയിൽ താമസിക്കവെ ഭാര്യ പ്രസവിച്ചു. നാട്ടിൽ നിന്ന് തെങ്ങിൻ പൂക്കുല, പനം ചക്കര തുടങ്ങിയ സകല വ്യഞ്ജനങ്ങളും വരുത്തി മരുന്നുണ്ടാക്കിയതു മുതൽ മുഴുവൻ പ്രസവ ശുശ്രൂഷയും സ്വയം നിർവഹിച്ചു.
ഡിഫൻസിലെ ഒഴിവുവേള മുഴുവനായി സാമൂഹിക സേവനത്തിന് വിനിയോഗിച്ചു. മനാമ, ദൈദ്, ഹനിയ, അൽഗൈൽ, സിജി തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിനാളുകളിൽ നിന്ന് മാസം തോറും നിശ്ചിത സംഖ്യ വീതം സ്വീകരിച്ച് പത്രങ്ങളിൽ വരുന്ന സഹായഭ്യർഥകൾക്ക് മറുപടിയായി സംഭാവനകൾ നൽകി വന്നു. നൂറു ദിർഹം വീതം ശേഖരിച്ച് ലക്ഷങ്ങൾ ആസ്തിയുള്ള പലിശരഹിത നിധി രൂപവത്കരിച്ചു. ഡിഫൻസിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ സഹായത്തോടെ നാട്ടിൽ ധാരാളം സേവന പ്രവർത്തനങ്ങൾ നടത്താനുമായി. ഗൾഫ് മാധ്യമം 2003ൽ യു.എ.ഇയിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചതു മുതൽ ഫീൽഡ് വർക്കറായി നിയമിക്കപ്പെട്ടു. ആദ്യ അന്താരാഷ്ട്ര ഇന്ത്യൻ ദിനപത്രത്തെ ജി.സി.സിയിലെ മാധ്യമ ലോകത്തിെൻറ മുൻനിരയിൽ എത്തിക്കുന്നതിന് അതിെൻറ ശിൽപികളോടൊപ്പം തോൾ ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതസൗഭാഗ്യങ്ങളിൽ മുഖ്യം തന്നെ. എന്നെ കൂടുതൽ ജനകീയനാക്കിയത് ഗൾഫ് മാധ്യമം ക്ലാസിഫൈഡ്സ് ആയിരുന്നുവെന്ന് തീർച്ച. 0504851700 എന്ന നമ്പറും എടച്ചേരിയെന്ന നാലക്ഷരവും യു.എ.ഇയിലെ പതിനായിരങ്ങളുടെ മനസിെൻറ താളുകളിൽ അവശേഷിപ്പിച്ചാണ് ഞാൻ മടങ്ങുന്നത്.
ആയിരത്തൊന്നു രാവിലെ അറബിക്കഥകളിൽ പറയുന്ന ജിന്ന് കെട്ടിയ കോട്ടപോലെ യു.എ.ഇയുടെ വളർച്ച നാലരപ്പതിറ്റാണ്ടു നോക്കി നിന്നു. ആ കഥകൾ പറഞ്ഞു തീർക്കാൻ ആയിരം നാവുകൾ പോര. ദുബൈ^ഷാർജ, ദുബൈ^അബൂദബി തുടങ്ങിയ പ്രധാന റോഡുകളിൽ പോലും തെരുവുവിളക്കില്ലാതിരുന്ന കാലത്തെക്കുറിച്ച് ഇന്നത്തെ തലമുറയെ പറഞ്ഞു വിശ്വസിപ്പിക്കുന്നതെങ്ങിനെ. ഇന്ന് സർവ്വമേഖലകളിലും ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന, പകൽ തോൽക്കുന്ന പ്രകാശം വിതറുന്ന രാത്രികൾ സ്വന്തമായുള്ള ഇൗ രാജ്യം നമ്മുടെ നാടിെൻറ വളർച്ചക്ക് പകർന്ന പ്രകാശത്തെക്കുറിച്ച് ഒരു ദിവസമെങ്കിലും ഒാർക്കാതിരിക്കാനുമാവില്ല. ഏഴു മക്കളും പത്തു പേരക്കുട്ടികളും അഞ്ച് മരുമക്കളുമുള്ള കുടുംബത്തിലേക്ക് തിരിച്ചു പോകുന്ന സന്തോഷത്തിനിടയിലും നാലു പതിറ്റാണ്ടു കൊണ്ടാർജിച്ച സൗഹൃദങ്ങൾ നഷ്ടപ്പെടുന്നതിെൻറ വ്യാകുലത മനസിനെ വേദനിപ്പിക്കുന്നു.
ഉമ്മ, ഉപ്പ, അനുജൻ, സഹോദര പുത്രൻ, പിതൃസഹോദരൻ, തുടങ്ങി പ്രവാസത്തിനിടെ ഒരു നോക്ക് കാണാനാവാതെ വിടവാങ്ങിയത് നിരവധി പ്രിയപ്പെട്ടവർ. എനിക്കറിഞ്ഞുകൂടാത്ത, എന്നെ അറിഞ്ഞുകൂടാത്ത കുടുംബത്തിലെ പുതു ജൻമങ്ങൾ അതിലും എത്രയോ ഇരട്ടി. കഴിഞ്ഞ ഏപ്രിലിൽ കുടുംബ സംഗമം നടത്തിയപ്പോൾ ബോംബേയിലെ ഗ്രാൻറ് മുഫ്തി സൽമാൻ അസ്ഹരി ഉൾപ്പെടെ കേരളീയരല്ലാത്ത ഏഴുപേരടക്കം ആയിരത്തി മുന്നൂറിലേറെ ബന്ധുക്കളെ ഏറെ സാഹസികമായി കണ്ടെത്താനായി. ഇവരൊക്കെ ബന്ധുക്കളാണെന്ന സന്തോഷത്തേക്കാളേറെ ഇവരിത്രകാലം എനിക്കപരിചിതരായിരുന്നല്ലോ എന്ന ദുഖമാണ് തോന്നിയതപ്പോൾ. ഇൗ ബന്ധങ്ങളൊക്കെ വീണ്ടെടുക്കണം. നാട്ടിലെ സാമൂഹിക^സാംസ്കാരിക രംഗങ്ങളിൽ ഇതിലേറെ സജീവമാകണം^ നര കയറിയ നെഞ്ചിനുള്ളിൽ ദൈവകാരുണ്യത്താൽ ഇപ്പോഴും ചുറുചുറുക്കോടെ തുടിക്കുന്ന ഹൃദയത്തിൽ സൂക്ഷിക്കുന്ന സ്വപ്നമതാണ്.