അബൂദബി മലയാളി സമാജം നാടകോത്സവം: പുരസ്കാരം വാരിക്കൂട്ടി ‘നഖശിഖാന്തം’
text_fieldsഅബൂദബി: അബൂദബി മലയാളി സമാജം സംഘടിപ്പിച്ച 22ാമത് നാടകോത്സവത്തിൽ ഇന്ത്യൻ സോഷ്യൽ സെൻറർ അജ്മാൻ അവതരിപ്പിച്ച ‘നഖശിഖാന്ത’ത്തിന് എട്ട് പുരസ്കാരങ്ങൾ. മികച്ച നാടകം, സംവിധായകൻ, നടൻ, നടി, രണ്ടാമത്തെ നടി, സംഗീതം, രംഗസജ്ജീകരണം, വെളിച്ചവിതാനം തുടങ്ങിയ പുരസ്കാരങ്ങളാണ് ‘നഖശിഖാന്ത’ത്തിന് ലഭിച്ചത്. നാടകത്തിെൻറ സംവിധായകൻ പ്രശാന്ത് നാരായണനാണ് മികച്ച സംവിധാനത്തിനുള്ള പുരസ്കാരം. മികച്ച നടനായി കുമാർ സേതു, നടിയായി അമൃത മനോജ്, രണ്ടാമത് നടിയായി ജീന രാജീവ് എന്നിവരെ തെരഞ്ഞെടുത്തു.
മികച്ച വെളിച്ചവിതാനം, സംഗീതം, രംഗസജ്ജീകരണം എന്നിവക്കുള്ള പുരസ്കാരവും നഖശിഖാന്തത്തിന് ലഭിച്ചു. വെളിച്ചവിതാനത്തിൽ സനേഷ്, സംഗീതത്തിൽ സത്യജിത്ത്, ഹെൻസൺ, രംഗസജ്ജീകരണത്തിൽ ഷിനോജ് എന്നിവർക്കാണ് പുരസ്കാരം. യുവകല സാഹിതി അവതരിപ്പിച്ച ‘ഭൂപടം മാറ്റി വരക്കുമ്പോൾ’ മികച്ച രണ്ടാമത് നാടകവും അൽെഎൻ മലയാളി സമാജം അവതരിപ്പിച്ച ‘ട്രയൽ’ മൂന്നാമത് നാടകവുമായി. ‘ഭൂപടം മാറ്റി വരക്കുമ്പോൾ’ സംവിധാനം ചെയ്ത ഷൈജു അന്തിക്കാടാണ് മികച്ച രണ്ടാമത് സംവിധായകൻ. ട്രയലിെൻറ സംവിധായകൻ സാജിദ് കൊടിഞ്ഞിയാണ് യു.എ.ഇയിൽനിന്നുള്ള മികച്ച സംവിധയകൻ. മികച്ച ബാല നടനായി അനന്തുവിനെയും നടിയായി ഐശ്വര്യയെയും തെരഞ്ഞെടുത്തു. ‘ഭൂപടം മാറ്റി വരക്കുമ്പോൾ’ നാടകത്തിലെ അഭിനയത്തിനാണ് ഇവർക്ക് അംഗീകാരം. ‘മക്കൾകൂട്ടം’ നാടകത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത് നടനായി പ്രദീപനെ തെരഞ്ഞെടുത്തു.
മികച്ച ചമയത്തിനുള്ള പുരസ്കാരം ക്ലിൻറ് പവിത്രനാണ് (ഭൂപടം മാറ്റി വരക്കുമ്പോൾ). അരുൺ ശ്യാം (നടൻ, ഭൂപടം മാറ്റി വരക്കുമ്പോൾ), ദ്യുതി പരാട്ട് (നടി, ഭൂപടം മാറ്റി വരക്കുമ്പോൾ), സാമ്യ സുരേഷ് (ബാലതാരം, മക്കൾകൂട്ടം) എന്നിവർ സ്പെഷല്‍ ജൂറി അവാർഡ് കരസ്ഥമാക്കി. നാടകോത്സവത്തോടനുബന്ധിച്ച് നടന്ന നാടക രചന മത്സരത്തില്‍ സേതു മാധവന് രചിച്ച ‘ഉടുപ്പില്ലാ കാഴ്ചകള്‍’ ഒന്നാം സ്ഥാനവും ജോസഫ് എഡ്വാര്‍ഡ് രചിച്ച മഹാ പ്രളയം രണ്ടാം സ്ഥാനവും നേടി. ഷൈലജ ജല, പി.ടി. മനോജ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. സമാപന സമ്മേളനത്തില്‍ സമാജം പ്രസിഡൻറ് ടി.എ. നാസര്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇ എക്സ്ചേഞ്ച് മീഡിയ^മാര്‍ക്കറ്റിങ് മാനേജര്‍ മൊയ്തീന് കോയ, ഹെഡ് ഓഫ് ഇവൻറ് മാനേജര്‍ വിനോദ് നമ്പ്യാര്‍, ക്ലസ്റ്റര്‍ ഹെഡ് അബൂദബി സുനില്‍ കുമാര്‍, എവർസേഫ് മാനേജിങ് ഡയറക്ടര്‍ സജീവന്, സമാജം ജനറല്‍ സെക്രട്ടറി നിബു സാം ഫിലിപ്പ്, ആര്‍ട്സ് സെക്രട്ടറി കെ.വി. ബഷീര്‍, ട്രഷറര്‍ സാംസന് എന്നിവര്‍ സംസാരിച്ചു.