അക്ഷരനഗരി ഒരുങ്ങി; ഷാർജ പുസ്തകമേളക്ക് ഇന്ന് കൊടിയേറ്റം
text_fields
ബഷീർ മാറഞ്ചേരി
ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ എത്തുന്നവർക്ക് വാഹനങ്ങൾ നിറുത്താനുള്ള സൗകര്യം പതിവിലും കൂട്ടി. പ്രധാന കവാടത്തിന് മുന്നിലുള്ളതിന് പുറമെ, മംസാർ തടാകത്തിന് സമീപത്തുള്ള പാർക്കിങാണ് വിശാലമാക്കിയിരിക്കുന്നത്. എക്സ്പോ സെൻറർ പരിസരത്ത് വാഹനം നിറുത്താൻ സൗകര്യം ലഭിച്ചില്ലെങ്കിൽ ഇന്ത്യാ, ഈജിപ്ത് േട്രഡ് സെൻറർ ഭാഗത്തും ചേംബർ ഓഫ് കൊമേഴ്സിനടുത്തും നിരവധി സൗജന്യ പാർക്കിങുകളുണ്ട്. എക്സ്പോസെൻററിലേക്ക് പ്രവേശിക്കുന്ന റോഡിലൂടെ നേരെ പോയാൽ ഇവിടെയത്താം. ഇവിടെയും കിട്ടാതെ വന്നാൽ വിക്ടോറിയ സ്കൂളിന് പിറക് വശത്തും നിരവധി വാഹനങ്ങൾ നിറുത്താൻ സൗകര്യം ലഭ്യമാണ്.
ഇവിടെയും കിട്ടിയില്ലെങ്കിൽ ഷാർജ പാലസ് ഹോട്ടലിന് പിറക് വശത്തേക്ക് വണ്ടിതിരിക്കുക. ഇതിന് പിറകിലുള്ള പള്ളിയുടെ അടുത്തായി വിശാലമായ പാർക്കിങ് സൗകര്യമുണ്ട്. അറബ് മാളിെൻറ പാർക്കിങ് കേന്ദ്രത്തിൽ വാഹനം നിറുത്താൻ പണം നൽകണം. ഒരുകാരണവശാലും റോഡോരത്ത് വാഹനം നിറുത്തി പോകരുത്, പിഴ ലഭിച്ചേക്കാം.
ഇവിടെ വാഹനം നിറുത്തരുത്
എത്ര തിരക്കേറിയ നേരത്താണെങ്കിലും വിക്ടോറിയ സ്കൂളിനോട് ചേർന്ന് ചില പാർക്കിങുകൾ ഒഴിഞ്ഞ് കിടപ്പുണ്ടാകും ഒരു കാരണവശാലും ഇവിടെ വാഹനം നിറുത്തരുത്. സ്കൂളിലെത്തുന്നവർക്ക് വാഹനങ്ങൾ നിറുത്തുവാൻ വേർതിരിച്ച്, നഗരസഭ അടയാളപ്പെടുത്തിയ ഭാഗമാണിത്. രാത്രി സ്കൂൾ പ്രവർത്തിക്കുന്നില്ല എങ്കിലും വാഹനങ്ങൾ നിറുത്തുന്നത് നിയമവിരുദ്ധമാണ്. രാവും പകലും ഈ ഭാഗത്ത് പരിശോധന നടക്കുന്നതാണ്.
വഴി പറഞ്ഞ് തരാം
ഷാർജ പുസ്തകമേള എന്നാൽ മലയാളിയുടെ അക്ഷരപൂരമാണ്. ഒരു ദിവസമെങ്കിലും അതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരാണ് അധികപേരും. ഉത്സവ നഗരിയിലേക്കുള്ള പ്രധാന വഴി ദുബൈ, ഷാർജ ഹൈവേയായ അൽ ഇത്തിഹാദ് റോഡാണ്. അൽഖാൻ, അൽ നഹ്ദ റോഡുകളും ഉപയോഗിക്കാവുന്നതാണ്.
മെേട്രായിലും വരാം
ദുബൈ മെേട്രാ വഴിയും എത്താവുന്നതാണ്. ഗ്രീൻലൈനിലെ സ്റ്റേഡിയം സ്റ്റേഷനിൽ ഇറങ്ങി അൽ അഹ്ലി ക്ളബിന് സമീപത്ത് നിന്ന് എക്സ്പോസെൻററിലേക്ക് നേരിട്ട് പോകുന്ന 301ാം നമ്പർ ബസ് കിട്ടും. പത്ത് ദിർഹമാണ് നിരക്ക്. ടാക്സികളെ ആശ്രയിച്ചാൽ ചുങ്കമടക്കം 35 ദിർഹം കുറഞ്ഞത് നൽകേണ്ടി വരും. 301ാം നമ്പർ ബസ് കിട്ടിയില്ലെങ്കിൽ സ്റ്റേഡിയം മെേട്രാ സ്റ്റേഷനിൽ നിന്ന് ദുബൈ അൽ നഹ്ദയിലെ സഹാറ സെൻററിന് സമീപത്തേക്ക് പോകുന്ന എഫ് 24ാം നമ്പർ ബസിൽ കയറുക. സഹാറ സെൻററിന് സമീപത്തിറങ്ങിയാൽ ഷാർജ ടാക്സി ലഭിക്കും. 12 ദിർഹത്തിന് മേളയിലെത്താം. നോൽ കാർഡാണ് ബസിൽ ഉപയോഗിക്കേണ്ടത്.
അബൂദബിയിൽ നിന്ന് വരുന്ന അക്ഷരപ്രേമികൾക്ക്
അബൂദബിയിൽ നിന്ന് ബസിലാണ് വരുന്നതെങ്കിൽ ഇത്തിഹാദ് റോഡിലെ സഫീർ മാളിന് സമീപത്തിറങ്ങുന്നതാണ് നല്ലത്. ഷാർജ ഭാഗത്തെ ആദ്യ സ്റ്റോപ് അൻസാർ മാളിന് സമീപത്താണ്. ഇവിടെ ഇറങ്ങിയാൽ ടാക്സി കൂലി അധികമാവും. സഫീറിനടുത്ത് ഇറങ്ങിയാൽ വേഗമെത്താം. ഒരു കാരണവശാലും ഇത്തിഹാദ് റോഡ് മുറിച്ച് കടക്കരുത്. തൊട്ടടുത്ത് കാണുന്ന പാലത്തിലേക്ക് കയറി ദുബൈ ദിശയിലേക്ക് ഇറങ്ങി 15 മിനുട്ട് നടന്നാൽ എക്സ്പോ സെൻററിലെത്താം.
വടക്കൻ എമിറേറ്റുകാർക്ക് എത്തുവാൻ
ഖോർഫക്കാൻ, ഫുജൈറ, കൽബ, മസാഫി, ബിത്ത്ന, ദഫ്ത്ത, മനാമ, സിജി, ദൈദ് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് ഖോർഫക്കാനിൽ നിന്ന് ഫുജൈറ വഴി വരുന്ന 116ാം നമ്പർ ഷാർജ ബസ് ലഭിക്കും. രാവിലെ 5.45 മുതൽ രാത്രി 11.45 വരെ 14 ട്രിപ്പാണ് ഈ റൂട്ടിലുള്ളത്. ജുബൈൽ സ്റ്റേഷനിലാണ് ഇത് എത്തുക. ഇവിടെ നിന്ന് ടാക്സിയെ ആശ്രയിക്കണം. അജ്മാനിൽ നിന്ന് ബസ് നമ്പർ 112, ഹംറിയ ഫ്രീസോൺ ഭാഗത്ത് നിന്ന് നമ്പർ 114, റാസൽഖൈമയിൽ നിന്ന് 115 എന്നിവയാണ് സർവീസ് നടത്തുന്നത്. മറ്റ് എമിറേറ്റുകളിലെ പൊതുമേഖല ബസുകളും ഷാർജയിലത്തെുന്നുണ്ട്. രാത്രി 11 വരെ ഇത് ലഭിക്കും
ദുബൈ അൽ നഹ്ദയിൽ നിന്ന് നടന്ന് വരാം
ഷാർജ, ദുബൈ അതിർത്തിയിലെ പാലത്തിലൂടെയാണ് നടക്കേണ്ടത്. സൂക്ഷിച്ച് റോഡ് മുറിച്ച് കടക്കണം. അതിർത്തിയിൽ നിന്ന് 15 മിനുട്ട് നടന്നാൽ അക്ഷര പൂരം കാണാം. ഇത്തിഹാദ് റോഡിലേക്ക് ഒരു കാരണവശാലും ഇറങ്ങരുത്.
കേരള ഭക്ഷണം േവണ്ടവർക്ക്
എക്സ്പോ സെൻററിന് സമീപത്തുള്ള നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ ഭക്ഷണ വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് വാങ്ങി രണ്ടാം നിലയിൽ പോയിരുന്ന് സ്വസ്ഥമായി കഴിക്കാം. നമസ്ക്കരിക്കാനുള്ള സൗകര്യവും ഈ നിലയിലുണ്ട്. എക്സ്പോ സെൻറർ റൗണ്ടെബൗട്ടിന് എതിർ വശത്ത് തൊട്ടടുത്തായി രണ്ട് കേരള റെസ്റ്റോറൻറുകൾ പ്രവർത്തിക്കുന്നുണ്ട്. അൽ താവൂൻ റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധിച്ച് വേണം. റോഡ് മുറിച്ച് കടക്കാതെ ഒരു നാടൻ ചായ കുടിക്കാൻ അഡ്നോക്ക് പെേട്രാൾ പമ്പിലുള്ള കഫ്തീരിയയിൽ പോയാൽ മതി
എന്താണ് ഇത്തിഹാദ് റോഡിന് പ്രശ്നം
മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് ഇതിലൂടെ വാഹനങ്ങൾ പായുന്നത്. മുൻ വർഷങ്ങളിൽ നിരവധി പേർ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ഇവിടെ മരിച്ചിട്ടുണ്ട്. പൊലീസ് കണ്ടാൽ പിഴയും ഉറപ്പാണ്.
ആ പാലം കയറുന്നത് നിയമലംഘനമാണ്
അൽ ഇത്തിഹാദ് റോഡിന് മുകളിൽ കമാനാകൃതിയിൽ ഒരു നടപ്പാലം കാണാം. എന്നാൽ ഈ പാലം യാത്രക്കാർക്കായി തുറന്നിട്ടില്ല. പ്രവേശന കവാടങ്ങൾ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ചിലർ അടച്ചിട്ട ഭാഗത്ത് ചില സൂത്രവിദ്യകൾ കാണിച്ച് ഇതിലൂടെ നുഴഞ്ഞ് കയറി നടന്ന് പോകുന്നത് കണ്ട് ഒരിക്കലും കയറാൻ ശ്രമിക്കരുത്, നിങ്ങളെ പൊലീസ് പിടിച്ചേക്കാം. പിടിച്ചാൽ പിഴ ഉറപ്പിക്കാം.
ഇത്തിഹാദ് റോഡല്ലാതെ മറ്റു വല്ല മാർഗവും
സാധാരണ ദിവസങ്ങളിൽ പോലും ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന റോഡാണ് അൽ ഇത്തിഹാദ്. മേള തുടങ്ങിയാൽ പറയുകയും വേണ്ട. ദുബൈയിലെ ദമാസ്കസ് റോഡിലൂടെ വന്ന് ഷാർജയിലെ ആദ്യ സിഗ്നലിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പോകുന്ന റോഡാണ് അൽഖാൻ. ഇതിലൂടെ നേരെ പോയാൽ ഒരു പാലം കിട്ടും. ദുബൈ ദിശയിലേക്ക് തിരക്ക് കുറവാണെങ്കിൽ പാലത്തിൽ നിന്ന് വലത് വശത്തേക്കിറങ്ങി, തൊട്ടടുത്ത് കിട്ടുന്ന അഡ്നോക് പമ്പ് കഴിഞ്ഞ് കിട്ടുന്ന വലത് വശത്തേക്ക് പോകുന്ന റോഡിലൂടെ നേരെ പോയാൽ എക്സ്പോ സെൻറർ റൗണ്ടെബൗട്ട് കിട്ടും. എന്നാൽ ഈ റൗണ്ടെബൗട്ടിന് മുമ്പ് വേറൊരു റൗണ്ടൈബൗട്ടുണ്ട്. അതിലൂടെ ഇടത്തോ, വലത്തോ പോയി ഏതെങ്കിലും ഭാഗത്ത് വാഹനം നിറുത്തി ശ്രദ്ധയോടെ നടന്ന് പോകുന്നതായിരിക്കും ഉചിതം. ദുബൈ ഭാഗത്തേക്കുള്ള റോഡിൽ തിരക്കാണെങ്കിൽ അൽഖാൻ റോഡിലൂടെ നേരെ പോകുക. പാലം കഴിഞ്ഞ് കിട്ടുന്ന സിഗ്നലിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ അൽ ഖസബ ഭാഗം കിട്ടും. ഈ ഭാഗത്ത് വാഹനം നിറുത്തുവാനുള്ള സൗകര്യവും ലഭിക്കും. 10 മിനുട്ട് നടന്നാൽ ലക്ഷ്യത്തിലെത്താം. ഇവിടെയും കുരുക്കാണെങ്കിൽ ഇടത്തോട്ട് പോകാതെ നേരെ പോകുക. കോർണീഷിലെ അവസാന റൗണ്ടെബൗട്ടിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നേരെ പോകുക. എക്സ്പോ സെൻററിെൻറ പിറക് വശത്തെത്താം. കുറച്ച് കൂടി മുന്നോട്ട് പോയാൽ പാർക്കിങുകൾ ലഭിക്കും.
അൽ താവുൻ റോഡിൽ വല്ല മാറ്റവും
ഖസബയിൽ നിന്ന് വരുന്ന ദിശയിൽ റോഡിന് മധ്യത്തിൽ വേലി കെട്ടിയിട്ടുണ്ട്. റോഡ് മുറിച്ച് കടക്കുന്നവർക്കായി സിഗ്നലും സ്ഥാപിച്ചിട്ടുണ്ട്. ഒരു കാരണവശാലും വേലി ചാടാൻ ശ്രമിക്കരുത്.
ഗൾഫ് മാധ്യമം എവിടെയാണ്
ഇന്ത്യൻ പവലിയൻ പ്രവർത്തിക്കുന്ന ഏഴാം നമ്പർ ഹാളിലാണ് ഗൾഫ് മാധ്യമവും മീഡിയാവണും. ഈ ഹാളിലേക്ക് പ്രവേശിച്ച ഉടനെ ഇടത്തോട്ട് തിരിഞ്ഞ് നേരെ പോയി വലത്തോട്ട് തിരിഞ്ഞാൽ ഗൾഫ് മാധ്യമത്തിലെത്താം. പത്രവും ഇതര പ്രസിദ്ധീകരണങ്ങളും സൗജന്യമായും പണം കൊടുത്തും വാങ്ങാൻ കിട്ടും. പുതിയ വരിക്കാരാകുവാനും മത്സരങ്ങളിൽ പങ്കെടുക്കുവാനും അവസരമുണ്ടാകും. വിവരങ്ങൾക്ക്: 0504939652
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
