ഷാർജയിൽ അക്ഷരങ്ങൾ കഥ പറയാൻ തുടങ്ങി
text_fieldsഷാർജ: അക്ഷരങ്ങളുടെ കഥ പറയുന്ന ഷാർജ അന്താരാഷ്ട്ര പുസ്തക മഹോത്സവത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിൽ. പവലയിനുകളിൽ പുസ്തകങ്ങൾ നിരത്തുന്ന തിരക്കിലാണ് പ്രസാധകർ. വിവിധ ദേശങ്ങളിൽ നിന്ന് വ്യത്യസ്ത ഭാഷകളുമായി കപ്പൽ കയറി വന്ന പുസ്തകങ്ങൾ പറയുന്ന അക്ഷരകഥയുടെ വെളിച്ചത്തിലാണ് എക്സ്പോസെൻറർ. മലയാള അക്ഷരങ്ങൾക്ക് പറുദീസ ഒരുക്കുന്ന ഏഴാം നമ്പർ ഹാളിൽ തന്നെയാണ് ഒരുക്കങ്ങൾക്ക് വേഗത കൂടുതൽ. പ്രസാധകരുടെ വൻ നിര തന്നെയുണ്ട് ഇത്തവണ. പ്രവേശന കവാടത്തിൽ തന്നെയാണ് പുസ്തക പവലിയൻ എന്നതാണ് ഇത്തവണ ഏഴാം നമ്പർ ഹാളിലെ പ്രത്യേകത. അവസാന ഭാഗത്ത് കിഡ്സ് കോർണറാണ് ഒരുക്കിയിട്ടുള്ളത്.
പ്രസാധകരോടൊപ്പം മലയാളത്തിലെ മാധ്യമങ്ങൾക്കും പവലിയനുകളുണ്ട്. ഇസെഡ് 31ലാണ് ഗൾഫ് മാധ്യമം, തൊട്ടടുത്ത് തന്നെ മീഡിയാവണുമുണ്ട്. ഏഴാം നമ്പർ ഹാളിലേക്ക് പ്രവേശിച്ച ഉടനെ ഇടത്തോട്ട് തിരിഞ്ഞ് നേരെ പോയാൽ ഇവിടെയെത്താം. മലയാളത്തിൽ ഇറങ്ങിയ ഏറ്റവും പുതിയ പുസ്തകങ്ങളെല്ലാം പവലിയനുകളിൽ നിരന്ന് കഴിഞ്ഞു. വായനക്കാർ നെഞ്ചിലേറ്റിയ പുസ്തകങ്ങളുടെ പുതിയ പതിപ്പുകളും എത്തിയിട്ടുണ്ട്. പുസ്തകോത്സവത്തിെൻറ ആദ്യകാലം മുതൽ സാന്നിധ്യമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് (ഐ.പി.എച്ച്) ഇത്തവണയുമുണ്ട്. കുട്ടികൾക്കായി ഇത്തവണ നിരവധി പുതുമയുള്ള പരിപാടികൾ നടക്കുന്നുണ്ട്. ഏഴാം നമ്പർ ഹാളിന് പുറമെ, എക്സ്പോ സെൻററിന് മുൻവശത്ത് ഒരുക്കിയ താത്ക്കാലിക ഹാളിലും കുട്ടികൾക്കുള്ള വിവിധ പരിപാടികളാണ് നടക്കുക. സോഷ്യൽ മീഡിയ കഫേകൾ പുതുചന്തത്തിലാണ് ഒരുക്കിയിട്ടുള്ളത്. ബാൾ റൂമിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും പുതുമകളനവധി.
ഇരിക്കാൻ മരത്തണൽ
അൽതാവൂൻ റൗണ്ടെബൗട്ടിൽ നിന്ന് എക്സ്പോ സെൻററിലേക്ക് കടന്ന് വന്നാൽ പച്ചില ചാർത്തുകളുമായി നിൽക്കുന്ന മരങ്ങൾ കാണാം.
പച്ചവിരിച്ച മരച്ചുവട്ടിൽ ഇരിപ്പിടങ്ങളുമുണ്ട്. ഒറിജിനലിനെ വെല്ലുന്ന നിർമിതികളാണ് ഇവയെന്ന് മാത്രം. സന്ദർശകർക്ക് പുതുമ പകരുന്ന ഇത്തരം നിരവധി കാഴ്ച്ചകളാണ് അകത്തളങ്ങളിലുള്ളത്. കവാടത്തിൽ തന്നെ ലൈബ്രററി കൗൺസിലിെൻറ രണ്ട് കൂറ്റൻ കിയോസ്കുകളാണ് തീർത്തിട്ടുള്ളത്.
സന്ദർശകരെ സ്വാഗതം ചെയ്യാൻ പ്രഭചൊരിയുന്ന അക്ഷരങ്ങളും കാത്തു നിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
