രാമേട്ടെൻറ നെൽവിത്തുകൾ ഇനി മരുഭൂമിയിൽ പൊന്നുവിളയിക്കും
text_fieldsഅജ്മാൻ: ദുബൈയിലെ ആശുപത്രിക്കിടക്കയിൽ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുേമ്പാഴും അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരനായ ചെറുവയൽ രാമേട്ടെൻറ ചിന്ത സ്കൂളിൽ നടത്താമെന്നേറ്റിരുന്ന വിത്തുവിതക്കൽ പരിപാടിയായിരുന്നു. ആശുപത്രി വിട്ടയുടനെ തന്നെ ‘വയലുംവീടും’ ജൈവ കർഷക കൂട്ടായ്മ പ്രവർത്തകരെയും അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ അധികൃതരെയും വിളിച്ച് സന്നദ്ധത അറിയിച്ചു. മണ്ണിെനയും മനുഷ്യനെയും സ്നേഹിക്കുന്നതിന് ഒരു അസുഖവും തടസമല്ലെന്ന് പ്രഖ്യാപിച്ചു. ആശുപത്രി അധികൃതരുടെ സമ്മതം ലഭിച്ചതിനെ തുടർന്ന് ഇന്നലെ ഹാബിറ്റാറ്റ് സ്കൂളിൽ സംഘടിപ്പിച്ച വിത്തിറക്കൽ പരിപാടി അക്ഷരാർഥത്തിൽ കൃഷിയേയും പ്രകൃതിയെയും സ്നേഹിക്കുന്നവരുടെ ഉത്സവമായി.
വിത്തുകളുടെ സവിശേഷതയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തിെൻറ പ്രശ്നങ്ങളെപ്പറ്റിയും വിശദമായ നിർദേശങ്ങൾ നൽകിയ രാമൻ വിത്തുവിതക്കുകയും പരിപാലന രീതി കുട്ടികൾക്കും അധ്യാപകർക്കും വിശദീകരിച്ചു നൽകുകയും ചെയ്തു. അഞ്ഞൂറു വർഷമെങ്കിലും പഴക്കമുള്ള ഇനം നെൽവിത്തുകളാണ് വിതറുന്നതെന്ന് അദ്ദേഹം അറിയിച്ചു. കുഞ്ഞുങ്ങളുടെയും അധ്യാപകരുടെയുമെല്ലാം സമ്മതം വാങ്ങിയ ശേഷം വിത്തുവിതച്ച രാമേട്ടൻ ലുങ്കിയും തലയിൽക്കെട്ടും സാരിയുമെല്ലാം ഉടുത്തെത്തിയ കുട്ടികൃഷിക്കാർക്കും ചെറു പിടി വിത്ത് വിതറുവാൻ നൽകി. പടച്ചവൻ തന്ന വരദാനമാണ് ഭക്ഷണം. എന്നാൽ വിത്തുകൾ കുത്തകയാക്കി വെക്കുകയും വിഷം കലർത്തിയ ഭക്ഷ്യവസ്തുക്കൾ ശീലിക്കുന്നതും രോഗവും അപകടങ്ങളും സൃഷ്ടിക്കും. പരിസ്ഥിതിയെ അവഗണിച്ച് മുന്നോട്ടു പോവാൻ കഴിയില്ലെന്ന് ഓരോ സംഭവവും തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും ഒരു വിത്ത്ഇല്ലാതായാൽ അത്പിന്നെ ഒരിക്കലും തിരിച്ചു പിടിക്കാനാവില്ലെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് ഹാബിറ്റാറ്റ് നൽകുന്ന പരിഗണന പറഞ്ഞറിയക്കാനാവാത്ത സന്തോഷം പകരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാരിസ്ഥിതിക അവബോധം, പ്രായോഗിക അറിവുകൾ, അദ്ധ്വാനത്തോടുള്ള ബഹുമാനം എന്നീ നൻമകൾ കുഞ്ഞുങ്ങളിൽ വളർത്തിയെടുക്കുക എന്ന ആശയത്തോടെയാണ് ഗൾഫ് മേഖലയിൽ ആദ്യമായി ഹാബിറ്റാറ്റ് സ്കൂൾ കൃഷി പാഠ്യവിഷയമാക്കിയതെന്ന് ഹാബിറ്റാറ്റ് സ്കൂൾ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഷംസുസമാൻ സി.ടി പറഞ്ഞു. അന്യംനിന്നു പോകുന്ന നാട്ടറിവുകളും മുൻകാലത്തെയും വ്യത്യസ്ത ജനവിഭാഗങ്ങളുടെയും കാർഷികരീതികളും നമ്മുടെ കുട്ടികൾ അറിയുകയും ബഹുമാനിക്കുകയും വേണം. വിഷം കലരാത്ത കൃഷിയുടെ പ്രചാരകനായ ചെറുവയൽ രാമനെ വിത്തിറക്കൽ ഉത്സവത്തിന് നേതൃത്വം നൽകാൻ ലഭിച്ചത് സൗഭാഗ്യമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചെറുവയൽ രാമെൻറ മകൻ രാജേഷ്, ഹാബിറ്റാറ്റ് സ്കൂൾ ഗ്രൂപ്പ് സി.ഇ.ഒ ആദിൽ സി.ടി, ഹാബിറ്റാറ്റ് സ്കൂൾ - അൽ തല്ല പ്രിൻസിപ്പൽ മറിയം നിസാർ തുടങ്ങിയവർ സംബ
ന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
