യു.എ.ഇ മന്ത്രിസഭ ഒമ്പത് പേരെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തി
text_fieldsഅബൂദബി: ഭീകരവാദത്തിന് പിന്തുണ നൽകുന്നവരുടെ പട്ടികയിൽ ഒമ്പത് വ്യക്തികളുടെ പേരുകൾ കൂട്ടിച്ചേർത്ത് യു.എ.ഇ മന്ത്രിസഭ പ്രമേയം പാസാക്കി.
മുഹമ്മദ് ഇബ്രാഹിം ഒവാദി, ഇസ്മായിൽ റസാവി, അബ്ദുല്ല സമദ് ഫാറൂഖി, മുഹമ്മദ് ദാവൂദ് മുസമ്മിൽ, അബ്ദുൽ റഹീം മനാൻ, മുഹമ്മദ് നഇൗ ബാരിഷ്, അബ്ദുൽ അസീസ് ഷാ സമാനി, സദ്ർ ഇബ്രാഹിം, ഹാഫിസ് അബ്ദുൽ മജീദ് എന്നിവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കാൻ മന്ത്രിസഭ യു.എ.ഇ സെൻട്രൽ ബാങ്കിന് നിർദേശം നൽകി.
ഭീകരവാദ ശൃംഖലകളെയും ഭീകര പ്രവർത്തനങ്ങളുടെ സ്പോൺസർമാരെയും തടകർക്കുന്നതിനുള്ള യു.എ.ഇയുടെ പ്രയത്നങ്ങളുെട ഭാഗമായാണ് നടപടി.ടെററിസ്റ്റ് ഫൈനാൻസിങ് ടാർഗറ്റിങ് സെൻററിൽ (ടി.എഫ്.ടി.സി) അംഗങ്ങളായ എല്ലാ രാജ്യങ്ങളും ഇൗ ഒമ്പതു പേരെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം യു.എസും സൗദി അറേബ്യയും ചേർന്നാണ് ടി.എഫ്.ടി.സി രൂപവത്കരിച്ചത്. പിന്നീട് ബഹ്റൈൻ, ഒമാൻ, കുവൈത്ത്, യു.എ.ഇ രാജ്യങ്ങളെ ഉൾപ്പെടുത്തുകയായിരുന്നു. 2014ൽ ഭീകരാക്രമണ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാൻ ഫെഡറൽ നിയമം പ്രഖ്യാപിച്ചതിനെ തുടർന്ന് 83 ഭീകര സംഘടനകളുടെ പട്ടിക യു.എ.ഇ മന്ത്രിസഭ പുറത്തുവിട്ടിരുന്നു.