കുടുംബങ്ങളുടെ താമസമേഖലയിൽനിന്ന് ബാച്ചിലേഴ്സിനെ മാറ്റാൻ ദേശീയ പദ്ധതി
text_fieldsദുബൈ: യു.എ.ഇയില്‍ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ ബാച്ചിലേഴ്സ് താമസിക്കുന്നത് ഒഴിവാക്കാന്‍ ദേശീയ പദ്ധതി നടപ്പാക്കുന്നു. ആഭ്യന്തര മന്ത്രാലയമാണ് താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.ആഭ്യന്തര മന്ത്രാലയം ദുബൈ ഓഫിസേഴ്സ് ക്ലബില്‍ നടത്തിയ യോഗത്തിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. നാഷനല്‍ സ്റ്റാൻഡേർഡ്സ് ഫോര്‍ അര്‍ബര്‍ ഡിസ്ട്രിബ്യൂഷന്‍ എന്നാണ് പദ്ധതിയുടെ പേര്. കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ബാച്ചിലേഴ്സ് കഴിയുന്നത് സുരക്ഷാപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.
കുടുംബങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പുറമെ, ബാച്ചിലേഴ്സിന് വൃത്തിയും വെടിപ്പും നിലവാരവുമുള്ള താമസയിടം ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഇതുസംബന്ധിച്ച പഠനം നടത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കും. നഗരാസൂത്രണ വകുപ്പ്, തൊഴില്‍മ ന്ത്രാലയം തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഈ സമിതിയിലുണ്ടാകും. കുടുംബങ്ങള്‍ക്കായുള്ള സ്ഥലങ്ങളില്‍ അവര്‍ക്ക് മാത്രം കെട്ടിടങ്ങള്‍ ലഭിക്കുന്നു എന്ന് ഉറപ്പാക്കും. ബാച്ചിലേഴ്സ് താമസിക്കുന്ന ഇടങ്ങളില്‍ വിനോദം, കായികപരിശീലനം, ആരോഗ്യപരിപാലനം, ക്യാമ്പുകളില്‍ വിവിധ ഭാഷ സംസാരിക്കാന്‍ കഴിയുന്ന കോഒാഡിനേറ്റര്‍മാര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ആഭ്യന്തരവകുപ്പ് മേധാവി മേജര്‍ ജനറല്‍ ഡോ. അബ്ദുല്‍ ഖുദ്ദൂസ് അബ്ദുൽറസാഖ് ആല് ഉബൈദി
പറഞ്ഞു.