അരങ്ങൊരുങ്ങി; കുഞ്ഞിക്കണ്ണുകളുടെ വിസ്മയ ചലചിത്ര മേള 14 മുതൽ
text_fieldsഷാർജ: കുട്ടികൾ തയ്യാറാക്കിയതും കുഞ്ഞുങ്ങളുടെ മനസുവായിച്ച മുതിർന്നവർ നിർമിച്ചതുമായ ഒരു കൂട്ടം സിനിമകളുമായി ഷാർജ ഇൻറർനാഷനൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിെൻറ ആറാം അധ്യായം ഒക്ടോബർ 14ന് ആരംഭിക്കും. 54 ചലചിത്രങ്ങളുടെ ആദ്യ പ്രദർശനം ഉൾപ്പെടെ 150 ലേറെ പ്രദർശനങ്ങളാണ് തിങ്ക് സിനിമ എന്ന പ്രമേയത്തിൽ ഒരുങ്ങുന്ന മേളയിലുണ്ടാവുക. ഷാർജ ഭരണാധികാരിയുടെ പത്നിയും കുടുംബ ക്ഷേമ കാര്യ ഉന്നത സമിതി അധ്യക്ഷയുമായ ശൈഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിലെ ഷാർജ മീഡിയ ആർട്സ് ഫോർ യൂത്ത് ആൻറ് ചിൽഡ്രൻ സംഘാടകത്വം വഹിക്കുന്ന മേളയിൽ ഇക്കുറി അഭയാർഥികളുടെ വേദനകൾ പ്രത്യേകം ചർച്ച ചെയ്യും.
14 മുതൽ 19 വരെ അൽ ജവാഹർ റിസപ്ഷൻ ആൻറ് കൺവെൻഷൻ സെൻറർ മേളക്ക് വേദിയാവും. ഇതിനു പുറമെ ഷാർജയുടെ വിവിധ കോണുകളിൽ പൊതു പ്രദർശനങ്ങളും സഞ്ചരിക്കുന്ന ചലചിത്ര മേളയുമുണ്ടാവും. 40 ശിൽപശാലകളിൽ ലോകപ്രശസ്ത കലാകാരാണ് കുഞ്ഞുങ്ങളുടെ സംശയം തീർക്കാനും മാർഗ നിർദേശം നൽകാനുമായി എത്തുക. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഗ്ദത്ത പ്രതിഭകളുടെ തിളങ്ങുന്ന സംഗമ കേന്ദ്രമായി മേള മാറുമെന്നും കേവലം സിനിമാ പ്രദർശനത്തിനപ്പുറം വിവിധ സംസ്കാരങ്ങളുടെ പങ്കുവെപ്പിനും പരിചയപ്പെടലിനും കൂടി വഴിയൊരുങ്ങുമെന്നും ഫെസ്റ്റിവൽ ഡയറക്ടർ ശൈഖ ജവാഹർ ബിൻത് അബ്ദുല്ല അൽ ഖാസിമി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിൽ നിന്നുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് മേളയിലേക്ക് ചിത്രങ്ങളെത്തുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങൾ മികച്ച നിലവാരം പുലർത്തുന്നവയാണ്. എന്നാൽ ഇനിയുമേറെ ഉയരാൻ കുട്ടികളുടെ ചലചിത്രകാർക്ക് കഴിയണമെന്നും അതിനവർക്ക് കരുത്തുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
വാൾട്ട് ഡിസ്നി അനിമേഷൻ സ്റ്റുഡിയോ അനിമേറ്റർ ബ്രിയാൻ ഫെർഗൂസൻ, അനിമേഷൻ കലാകാരൻ സൈമൺ മെദാർദ്, ലബനീസ് ചലചിത്രകാരി ദിയാ മുലാഇബ്, ഇമറാത്തി എഴുത്തുകാരൻ ഹമദ് അൽ ഷെഹാബി, ബഹ്റൈനി ചലചിത്രകാരൻ മുഹമ്മദ് ഇബ്രാഹിം, മാധ്യമപ്രവർത്തകയും നിരൂപകയുമായ മൻസൂറ അബ്ദുൽ അമീർ, സഹർ അബ്ദുല്ല, സെബാസ്റ്റ്യൻ റിച്ച്ഹോൾഡ്, ഫാൽക്കൻ ഫോേട്ടാഗ്രഫി വിദഗ്ധന മഹ്മൂദ് അൽ ഹസൻ, റയാൻ പാലിസ്വിൽ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. പ്രത്യേക പരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങൾക്കായി ശിൽപശാല ഒരുക്കുന്നുണ്ട്. സിറിയ, ലബനൺ, ഇൗജിപ്ത്, ജോർദാൻ, സുഡാൻ, എത്യോപ്യ എന്നിവിടങ്ങളിലെ അഭയാർഥികളുടെ ജീവിത വെല്ലുവിളികൾ വരച്ചുകാട്ടുന്ന ചിത്രങ്ങളുടെ പ്രത്യേക പ്രദർശനം മേളയിലുണ്ടാവും. ചില ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് അഭയാർഥി കുരുന്നുകൾ തന്നെയാണ്. യുനിസെഫ്, യു.എൻ.എച്ച്.സി.ആർ തുടങ്ങിയവയുടെ പിന്തുണയോടെയാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.
ഇക്കുറി ഏറ്റവുമധികം സിനിമകൾ അമേരിക്കയിൽ നിന്നാണ്. പിന്നാലെ ഫ്രാൻസും റഷ്യയുമുണ്ട്. മികച്ച അറബ് ഷോർട്ട് ഫിലിം, വിദ്യാർഥികൾ നിർമിച്ച മികച്ച ചിത്രം, മികച്ച അന്താരാഷ്ട്ര ഷോർട്ഫിലിം, മികച്ച അനിമേഷൻ ചിത്രം, മികച്ച ഡോക്യുമെൻററി, മികച്ച ഫീച്ചർ ഫിലിം, കുട്ടികൾ നിർമിച്ച മികച്ച ചിത്രം എന്നിങ്ങനെയാണ് അവാർഡ് വിഭാഗങ്ങൾ. വാർത്താ സമ്മേളനത്തിൽ ഇമറാത്തി സംവിധായകൻ അബ്ദുല്ല അൽ ഹുമൈറി, മാജിദ് കിഡ്സ് ടിവി ചെയർപേഴ്സൻ മറിയം അൽ സർക്കൽ എന്നിവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.