‘നെഗറ്റിവ്’ കേൾക്കാൻ ആഗ്രഹിച്ച ദിനങ്ങൾ
text_fieldsമൂന്നാഴ്ചയോളം വിട്ടുമാറാത്ത പനിക്കോള് കണ്ടതോടെയാണ് പരിശോധനക്കായി ദുബൈ ഹെൽത്ത് അതോറിറ്റിയെ സമീപിച്ചത്. അൽനാസർ സ്പോർട്സ് ക്ലബിലെ ഡ്രൈവ് ത്രൂ കേന്ദ്രത്തിലായിരുന്നു പരിശോധന. ഒന്നുമുണ്ടാവില്ലെന്ന് മനസ്സിലുറപ്പിച്ചാണ് പോയതെങ്കിലും 48 മണിക്കൂറിനുള്ളിൽ എന്നെ ഞെട്ടിച്ച് ഫലം വന്നു; പോസിറ്റിവ്. വൈകാതെ ഡി.എച്ച്.എയിൽനിന്ന് ഡോ. മറിയം വിളിച്ചു.
വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്നും ഭയപ്പെടാനില്ലെന്നുമായിരുന്നു അവരുടെ ആശ്വാസവാക്കുകൾ. രാവിലത്തെ പതിവ് ‘ചായക്ക്’ രുചിയില്ലായ്മ തോന്നിയതൊഴികെ ഇപ്പോഴും പറയത്തക്ക ഒരു രോഗലക്ഷണവുമില്ല. രണ്ടാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം ബുധനാഴ്ചയാണ് ആശ്വാസത്തിെൻറ പടികയറി വീടണഞ്ഞത്. ഇനി കുറച്ചുനാൾ വീട്ടിലെ സമ്പർക്കുവിലക്കിൽ.
രോഗാവസ്ഥ അറിഞ്ഞശേഷവും ആദ്യദിവസങ്ങളിൽ വീട്ടിലെ ഒറ്റമുറിയിലായിരുന്നു കഴിഞ്ഞിരുന്നത്. ഇത് മനസ്സിെൻറ ബലം വീണ്ടെടുക്കാൻ ഉപകരിച്ചു. ആശുപത്രിയിലെത്തി രണ്ടുദിവസത്തിനുശേഷം വീണ്ടും മൂക്കിൽനിന്നും സ്രവം ശേഖരിച്ച് പരിശോധനക്കയച്ചു. ആദ്യത്തെ പരിശോധനഫലം എനിക്കനുകൂലമായിരുന്നു. അഞ്ചാംദിവസത്തെ ഫലവും നെഗറ്റിവായതോടെ ശ്വാസം നേരെവീണു.
ജീവിതത്തിൽ എല്ലാ മേഖലയിലും നാം നേടാനും കേൾക്കാനും ഇഷ്ടപ്പെടുന്ന പദമാണ് ‘പോസിറ്റിവ്’. പേക്ഷ, ആശുപത്രിയിലെ ഏകാന്തവാസത്തിൽ ഓരോ നിമിഷവും കേൾക്കാൻ ആഗ്രഹിച്ച പദമായിരുന്നു നെഗറ്റിവ്’. രോഗിയെ പരിചരിക്കാനെത്തുന്ന ഡോക്ടർമാർ, നഴ്സ്, പാര മെഡിക്കൽ, ക്ലീനിങ് തുടങ്ങി എല്ലാവരും അണിയുന്നത് ഒരേതരം സുരക്ഷ കവചങ്ങളാണ്. മാസ്ക് വെച്ചാണ് അവരെല്ലാം സംസാരിക്കുന്നത്. അതിനാൽതന്നെ ശബ്ദത്തിൽനിന്നുപോലും തിരിച്ചറിയാൻ പ്രയാസമാണ്. ജീവൻ പണയംവെച്ച് ഓരോ രോഗിക്കുംവേണ്ടി പോരാടുകയാണവർ. അവരുടെ ആത്മസമർപ്പണത്തിനു പകരംവെക്കാൻ വാക്കുകളില്ല.