സർക്കാർ പറയുന്നു, ഇത് നമ്മുടെ കൂടി ഉത്തരവാദിത്തം...
text_fieldsദുബൈ: രണ്ടുമാസമായി ദുബൈയിലെ റോഡരികിലെ ഡിജിറ്റൽ ബോർഡുകളിൽ തിളങ്ങിനിന്ന വാചകമായിരുന്നു ‘സ്റ്റേ ഹോം, സ്റ്റേ സേഫ്’.
കഴിഞ്ഞദിവസം മുതൽ ഇതിൽ ചെറിയ മാറ്റമുണ്ടായിരിക്കുന്നു. ‘ഇത് നമ്മുടെ കൂടി ഉത്തരവാദിത്തമാണ്’ എന്നർഥം വരുന്ന ‘വി ആർ ഒാൾ റെസ്പോൺസിബിൾ’ എന്ന വാക്കുകളാണ് ഇപ്പോൾ ആർ.ടി.എയുടെ ബോർഡുകളിൽ തെളിഞ്ഞുകാണുന്നത്. കോവിഡ് പ്രതിരോധത്തിെൻറ പുതിയ ഘട്ടത്തിലേക്ക് ദുബൈ ചുവടുമാറുന്നതിെൻറ സൂചനയാണ് ഇൗ വാക്കുകളിൽ നിഴലിക്കുന്നത്.
പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ച ഭരണകൂടം ഒാരോരുത്തരും സ്വയം സംരക്ഷണമൊരുക്കി ഉത്തരവാദിത്തമുള്ള പൗരന്മാരാവണമെന്ന സൂചനയാണ് ഇതുവഴി നൽകുന്നത്. പുറത്തിറങ്ങിയാലും മുൻകരുതലുണ്ടാവണമെന്നും സൂക്ഷിക്കണമെന്നും പറയാതെ പറയുകയാണ് ഇൗ വാക്കുകൾ.
ദുബൈ ഹെൽത്ത് അതോറിറ്റിയുടെയും ആർ.ടി.എയുടെയും ഉൾപ്പെടെ സർക്കാർ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ we are all responsible എന്ന ഹാഷ് ടാഗിൽ കാമ്പയിൻ തുടങ്ങിയിട്ടുണ്ട്.
സ്റ്റേ ഹോം സ്റ്റേ സേഫ് എന്ന ഹാഷ് ടാഗിന് പകരം സ്റ്റേ ഹെൽത്തി എന്ന ഹാഷ് ടാഗിലാണ് ഇപ്പോൾ പോസ്റ്റുകളിടുന്നത്.
അടച്ചുപൂട്ടിയിരുന്നാൽ മാത്രം കോവിഡിനെ തുരത്താൻ കഴിയില്ലെന്നും മുൻകരുതലോടെ പുറത്തിറങ്ങി പഴയ ജീവിതം വീണ്ടെടുക്കണെമന്നുമുള്ള സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.
കുറച്ചത് നിയന്ത്രണങ്ങൾ മാത്രമാണെന്നും ഉത്തരവാദിത്തങ്ങൾക്ക് കുറവുണ്ടാകില്ലെന്നും ഡി.എച്ച്.എ കാമ്പയിൻ നടത്തിയിരുന്നു.
ഒരു മാസം മുമ്പുവരെ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയ യു.എ.ഇ കഴിഞ്ഞദിവസം മുതൽ ഇളവ് നൽകിയിരുന്നു. ഇതിെൻറ ഭാഗമായി മാളുകൾ തുറക്കുകയും പൊതുഗതാഗത സംവിധാനം സജീവമാക്കുകയൂം ചെയ്തിരുന്നു. അണുനശീകരണ യജ്ഞം നടക്കുന്ന രാത്രി എട്ടുമുതൽ രാവിലെ ആറുവരെയാണ് നിലവിൽ പുറത്തിറങ്ങുന്നതിനുള്ള വിലക്ക്.
കോവിഡിന് മുമ്പും ശേഷവും ലോകം ഒരുപോലെയായിരിക്കുമെന്ന് കരുതിയെങ്കിൽ അത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പറഞ്ഞിരുന്നു.
പെരുന്നാൾ ദിനത്തിൽ സുരക്ഷിതരായിരിക്കണമെന്നും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ചെറിയ താളപ്പിഴകൾപോലും വലിയ നഷ്ടങ്ങൾ വരുത്തിവെച്ചേക്കാമെന്നും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
