യു.എ.ഇ യാത്ര വിലക്ക് തുടരും; അറിയിപ്പുണ്ടാകുന്നത് വരെ സർവീസില്ലെന്ന് അധികൃതർ
text_fieldsദുബൈ: ഇന്ത്യൻ യാത്രക്കാരുടെ യു.എ.ഇയിലേക്കുള്ള യാത്ര വിലക്ക് തുടരും. നിലവിലെ സ്ഥിതി തുടരുമെന്നും അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് സർവീസ് ഉണ്ടാവില്ലെന്നും യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ വ്യക്തമാക്കി. ഇതോടെ, ഉടൻ യു.എ.ഇയിൽ എത്താമെന്ന മലയാളികൾ അടക്കമുള്ള പ്രവാസികളുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു.
അതേസമയം, ജൂലൈ ആറ് വരെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് സർവീസ് ഉണ്ടാവില്ലെന്നും വ്യക്തമായ യാത്രാ പ്രോട്ടോകോൾ ലഭിച്ച ശേഷം സർവീസ് പുനരാരംഭിക്കുമെന്നും എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ട്വിറ്ററിലൂടെ യാത്രക്കാരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 23 മുതൽ സർവീസ് തുടങ്ങുമെന്നായിരുന്നു എമിറേറ്റ്സ് അറിയിച്ചിരുന്നത്. എന്നാൽ, രണ്ട് ദിവസമായിട്ടും സർവീസ് തുടങ്ങാത്തതിനെ തുടർന്ന് യാത്രക്കാർ ട്വിറ്റർ വഴി ചോദ്യമുന്നയിച്ചപ്പോഴാണ് എമിറേറ്റ്സ് മറുപടി നൽകിയത്.

