യു.എ.ഇയിൽ 50 ശതമാനം സർക്കാർ സേവനങ്ങളും എ.ഐയിലേക്ക്
text_fieldsദുബൈ: അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ സർക്കാർ മേഖലകളുടെയും സേവന പ്രവർത്തനങ്ങളുടെയും 50 ശതമാനവും നിർമിത ബുദ്ധി (എ.ഐ) പിന്തുണയോടെയുള്ള സ്വയം നിയന്ത്രണ സംവിധാനങ്ങളിലേക്ക് മാറും. പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശത്തിന് കീഴിലാണ് അതിനൂതന പദ്ധതി നടപ്പിലാക്കുന്നതെന്ന് വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു.
ആഗോള തലത്തിൽ ആദ്യമായി സർക്കാർ സംവിധാനങ്ങളിൽ ‘ഏജന്‍റിക് എ.ഐ’ നടപ്പിലാക്കുന്ന രാജ്യമായി യു.എ.ഇയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് എക്സ് എകൗണ്ടിൽ വ്യക്തമാക്കി. സർക്കാറിന്‍റെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ടുള്ള ജോലികൾ സ്വതന്ത്രമായി നിർവഹിക്കാനും വിവിധ നടപടികൾ കൈകാര്യം ചെയ്യാനും തീരുമാനമെടുക്കലിനെ പിന്തുണക്കാനും കഴിയുന്ന നൂതനമായ സാങ്കേതിക മാതൃകയാണ് ‘ഏജന്‍റിക് എ.ഐ’. മനുഷ്യന്‍റെ ഇടപെടൽ ഇല്ലാതെ മാറ്റങ്ങൾ നിരീക്ഷിക്കാനും വിശകലനങ്ങൾ നടത്താനും ശിപാർശക നൽകാനും പ്രവർത്തനങ്ങളുടെ ക്രമം നിശ്ചയിക്കാനും ‘ഏജന്‍റിക് എ.ഐ’ സംവിധാനത്തിന് സാധിക്കും.
വെറുമൊരു എ.ഐ ടൂൾ എന്നതിലുപരി സർക്കാറിന്‍റെ എക്സിക്യുട്ടീവ് പങ്കാളിയെന്ന നിലയിലാണ് പുതിയ സാങ്കേതിക വിദ്യ പ്രവർത്തിക്കുക. ഇത് സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും സേവനങ്ങൾ മെച്ചപ്പെടുത്തുകയും തത്സമയ വിലയിരുത്തലുകളും പരിഹാര മാർഗങ്ങൾ സാധ്യമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.ഐയിലെ വൈദഗ്ധ്യം വികസിപ്പിക്കുന്നതിനായി സർക്കാർ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകും. യു.എ.ഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ മേൽനോട്ടത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.
പദ്ധതിയുടെ നിർവഹണത്തിനും തുടർനപടികൾക്കും മേൽനോട്ടം നൽകാൻ കാബിനറ്റ് അഫേഴ്സ് മന്ത്രി മുഹമ്മദ് അൽ ഗർഗാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടാക്സ് ഫോഴ്സ് രൂപവത്രിക്കും. ‘ആഗോള സാങ്കേതിക രംഗത്തെ ദ്രുതഗതിയിലുള്ള മാറ്റത്തിന്‍റെ പ്രതിഫലനമാണ് പുതിയ സംരംഭം. സർക്കാറിന്‍റെ മുൻഗണനയിൽ കേന്ദ്രബിന്ദുവായി ജനങ്ങൾ തുടരും. ഓരോ വ്യക്തികഹക്കും അവരുടെ സാധ്യതകൾ തിരിച്ചറിയാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം’- ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

