ആണവോർജം ഉപയോഗിച്ച് കാർബൺ കുറഞ്ഞ അലൂമിനിയം നിർമാണം; ഹരിത ഊർജ മേഖലക്ക് സുപ്രധാന നേട്ടവുമായി യു.എ.ഇ
text_fields‘മിനിമൽ’ അലൂമിനിയം
അബൂദബി: ബറക്ക ആണവോർജ പ്ലാൻറിലെ വൈദ്യുതി ഉപയോഗിച്ച് കാർബൺ കുറഞ്ഞ അലൂമിനിയം നിർമിച്ച് നൽകി ചരിത്രം കുറിച്ച് യു.എ.ഇ. പരിസ്ഥിതി അനുകൂല വൈദ്യുതി ഉൽപാദന, ഉപയോഗ രംഗത്ത് സുപ്രധാന നേട്ടമായാണിത് വിലയിരുത്തപ്പെടുന്നത്. ‘മിനിമൽ’ എന്ന പേരിലാണ് അലൂമിനിയം വിപണിയിൽ ലഭ്യമാക്കുന്നത്. എമിറേറ്റ്സ് ഗ്ലോബൽ അലൂമിനിയവും എമിറേറ്റ്സ് ആണവോർജ കമ്പനി(എനെക്)യും ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്. ഈജിപ്തിലെ കാനെക്സ് അലൂമിനിയം കമ്പനിക്കാണ് ആദ്യ ബാച്ച് ഉൽപന്നങ്ങൾ ലഭ്യമാക്കുക. കാർബൺ കുറഞ്ഞ വ്യവസായിക ഉൽപന്നങ്ങൾ ലോകത്താകമാനം വിതരണം ചെയ്യുന്നതിൽ എമിറേറ്റ്സ് ഗ്ലോബൽ അലൂമിനിയത്തിന്‍റെ സ്ഥാനം ശക്തിപ്പെടുത്തുന്നത് കൂടിയാണ് നേട്ടം.
ആഗോള അലുമിനിയം വ്യവസായത്തിലൂടെയുണ്ടാകുന്ന ഹരിതഗൃഹ വാതക പുറന്തള്ളലിന്റെ 60 ശതമാനവും അലൂമിനിയം ഉരുക്കലിനും ഉൽപാദനത്തിനും ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിലൂടെയാണ് ഉണ്ടാകുന്നത്. ആണവോർജം ഉപയോഗപ്പെടുത്തുന്നതിലൂടെ ഇത് ഇല്ലാതാക്കാനാകും. ഹരിതഗൃഹ വാതക പുറന്തള്ളൽ കാരണമായുണ്ടാകുന്ന ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനത്തിനും കുറവുണ്ടാക്കാൻ ഹരിത ഊർജ ഉപയോഗം സഹായിക്കും. ‘എനെക്’ നിയന്ത്രണത്തിലുള്ള ബറക്ക പ്ലാന്റ് ശുദ്ധമായ ഊർജം തടസ്സമില്ലാതെ നൽകിവരുന്നുണ്ട്. യു.എ.ഇയുടെ വ്യാവസായിക മേഖലയെ ഡീകാർബണൈസ് ചെയ്യുന്നതിന് ഇത് പ്രധാന ഘടകമായി പ്രവർത്തിക്കും.
കാർബൺ കുറഞ്ഞ അലൂമിനിയത്തിന്‍റെ ആഗോള ആവശ്യം 2040ഓടെ മൂന്നരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിൽ സുപ്രധാന പങ്കുവഹിക്കാൻ എമിറേറ്റ്സ് ഗ്ലോബൽ അലൂമിനിയം ലക്ഷ്യമിടുന്നുവെന്നും കമ്പനി ചീഫ് എക്സിക്യൂട്ടീവ് അബ്ദുന്നാസിർ ബിൻ കൽബാൻ പറഞ്ഞു. കഴിറ്റ വർഷം സെപ്റ്റംബറിലാണ് ബറക്ക പ്ലാന്‍റ് വാണിജ്യ പ്രവർത്തനം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

